12 December Wednesday

പുതുവർഷത്തിൽ പൊതുപരിപാടികളിൽ പ്ലാസ്റ്റിക് നിരോധനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
കൽപ്പറ്റ
ജില്ലയിൽ ജനുവരി ഒന്നുമുതൽ പൊതുപരിപാടികളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കും. കലക്ടർ എ ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ  ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന വിവാഹമുൾപ്പെടെയുളള ചടങ്ങുകളിലും  ഭക്ഷണം നൽകുന്നതിന് പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് തടയും. ആവശ്യമെങ്കിൽ ഭക്ഷണം നൽകുന്നതിന് പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനകളുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. ഇവ വാങ്ങുന്നതിന് ഓരോ പഞ്ചായത്തും പ്രത്യേകം പ്രോജക്ടുകൾ വെക്കാനും യോഗത്തിൽ തീരുമാനിച്ചു. ജില്ലാഭരണകൂടം, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുടെ ഭാഗമായാണ് നടപടി.
 മാലിന്യ സംസ്കരണത്തിനും ശുചിത്വ ബോധവൽക്കരണത്തിനും ജില്ലയിൽ പുതിയൊരു സംസ്കാരം താഴെത്തട്ടിൽ നിന്നും വളർത്തിയെടുക്കുക, ഹരിത ചട്ടം നിർബന്ധമാക്കുക എന്നിവയാണ് പരിസ്ഥിതി സൗഹൃദ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഓരോ പഞ്ചായത്തിലും രൂപീകരിക്കപ്പെട്ട വാർഡ് സമിതികളുടെ യോഗം അടുത്ത ആഴ്ച്ച ചേരണമെന്ന്  കലക്ടർ നിർദ്ദേശിച്ചു.  ഡിസംബർ മൂന്നാം വാരം പഞ്ചായത്ത് തലത്തിൽ വിപുലമായ ശുചിത്വസംഗമങ്ങൾ സംഘടിപ്പിക്കണം. സംഗമങ്ങളിൽ ശുചിത്വവും മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകൾ നടത്തണമെന്നും കലക്ടർ പറഞ്ഞു. മുഴുവൻ പഞ്ചായത്തുകളിലും മാലിന്യ സംഭരണ കേന്ദ്രങ്ങൾ (എംസിഎഫ്) സ്ഥാപിക്കുന്നതോടെ അജൈവ മാലിന്യ സംസ്ക്കരണത്തിൽ ഹരിതകർമ്മ സേനകളുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. തൽക്കാലം ഹരിതകർമ്മ സേനകൾക്ക് നൽകേണ്ട യൂസർ ഫീ പഞ്ചായത്തുകൾ തന്നെ നിശ്ചയിക്കും.  വരൾച്ച പ്രതിരോധിക്കാൻ പഞ്ചായത്തടിസ്ഥാനത്തിൽ കൈത്തോടുകളും പുഴകളും പുനരുജ്ജിവിപ്പിക്കാനുളള പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ  ശനിയാഴ‌്ച്ച ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന പുനരുജ്ജീവന യഞ്ജം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ബി കെ സുധീർകിഷൻ, ശുചിത്വ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ പി എ ജസ്റ്റിൻ, കോ–-ഓർഡിനേറ്റർമാരായ എ കെ രാജേഷ്, രാജേന്ദ്രൻ,  പി. ഗഗാറിൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top