25 September Tuesday

അധ്യാപക ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 കൽപ്പറ്റ

ജില്ലയിലെങ്ങും സ്കൂളുകളിൽ അധ്യാപക ദിനം ആചരിച്ചു. വിവിധങ്ങളായ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജവഹർ നവോദയ വിദ്യാലയത്തിലെ അധ്യാപക ദിനാചരണത്തിൽ കൽപ്പറ്റ ബഡ്സ് സ്കൂളിലെ അധ്യാപകരായ സിജി ആന്റണി, പി കെ സുഹറ, പി ബിന്ദു എന്നിവരെ അദരിച്ചു. ചടങ്ങിൽ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.  പ്രിൻസിപ്പൽ  എം ജി അരവിന്ദാക്ഷൻ, വൈസ് പ്രിൻസിപ്പൽ  പി വി വർഗീസ്, വിദ്യാർഥികളായ ആകാശ് ജിത്ത്, മീനാക്ഷി  എന്നിവർ സംസാരിച്ചു. 
ഗുരുനാഥന്മാർക്ക് കത്തുകളയച്ച് തിരുനെല്ലി ആശ്രമം  സ്കൂൾ വിദ്യാർഥികൾ അധ്യാപകദിനം ആചരിച്ചു. എൽപി വിഭാഗം വിദ്യാർഥികൾ നിർമിച്ച ആശംസാ കാർഡുകൾ അധ്യാപകർക്ക് സമ്മാനിച്ചു. അധ്യാപനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞുകൊണ്ട്് വിദ്യാർഥികൾ ഒരു ദിവസത്തേക്ക് അധ്യാപകരായത് നവ്യാനുഭവമായി. പ്രധാനാധ്യാപകൻ കെ എം കുഞ്ഞിക്കണ്ണൻ, സീനിയർ അസിസ്റ്റന്റ് ജമാലുദ്ദീൻ മൺകത്തിങ്കൽ  അധ്യാപകരായ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ അപർണ കെ റെജി, സുഷ്മിത, സൗമ്യ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സീനിയർ സൂപ്രണ്ട് മജീദ് തലപ്പുഴ, വിസ്മയ ബാലൻ എന്നിവർ അധ്യാപകദിന സന്ദേശം നൽകി.
അധ്യാപക അവാർഡ് 
ജേതാക്കളെ ആദരിക്കും
ബത്തേരി
ദേശീയ‐സംസ്ഥാന അവാർഡുകൾ നേടിയ ജില്ലയിലെ അധ്യാപകരെ ശനിയാഴ്ച ബത്തേരിയിൽ നഗരസഭയും നൂൽപ്പുഴ പഞ്ചായത്തും ചേർന്ന് ആദരിക്കുമെന്ന് നഗരസഭ ചെയർമാൻ ടി എൽ സാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ അവാർഡ് നേടിയ മൂലങ്കാവ് ജിഎച്ച്എസ് പ്രധാനധ്യാപകൻ സി കെ ഹൈദ്രോസ്, പുത്തൻകുന്ന് സെന്റ് തോമസ് എഎൽപി സ്കൂൾ മുൻ പ്രധാനധ്യാപകൻ ഡോ. ജെ സുനിൽ, അരപ്പറ്റ സിഎംഎസ് ഹൈസ്കൂൾ അധ്യാപകൻ ജോസ് കണ്ടത്തിൽ എന്നിവരെയാണ് രാവിലെ 10ന് നഗരസഭ ടൗൺഹാളിൽ ആദരിക്കുക. യോഗം ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സി കെ സമീർ,   എം പി സാജിദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top