15 November Thursday
നിർമാണ വസ്തുക്കൾ കിട്ടാനില്ല

പ്രളയാനന്തര പുനർനിർമാണം പ്രതിസന്ധിയിലേക്ക്

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018
മാനന്തവാടി
പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന ജില്ലയുടെ പുനർനിർമാണത്തിന് അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല. ക്വാറി ഉൽപ്പന്നങ്ങൾക്കും മണലിനും കടുത്ത ക്ഷാമമാണ്. വെള്ളം കയറി പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ കുഴിയടക്കാൻപോലും സാധിക്കുന്നില്ല. ക്വാറി വേസ്റ്റ്പോലും കിട്ടാനില്ല. പാതകളിൽ ദുർഘടയാത്രയാണ്. പ്രളയക്കെടുതിക്കൊപ്പം നിർമാണ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ജില്ല അഭിമുഖീകരിക്കുന്നത്. റോഡുകൾ നന്നാക്കുന്നതിലാണ് പ്രതിസന്ധി അതിരൂക്ഷമായിട്ടുള്ളത്. മാസങ്ങൾക്ക് മുമ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പ്രവൃത്തികൾപോലും നടത്താനാവാത്ത സ്ഥിതിയാണ്.
ജില്ലയിലെ ക്വാറികൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. ഒന്നുപോലും പ്രവർത്തിക്കുന്നില്ല. റവന്യു ക്വാറികൾ തുറക്കാതായിട്ട് വർഷങ്ങളായി. വിരലിലെണ്ണാവുന്ന പട്ടയ ക്വറികളാണ് ഉണ്ടായിരുന്നത്. ഇതും ദീർഘകാലമായി അടച്ചിട്ടിരിക്കുകയാണ്. നിർമാണ മേഖല പൂർണമായി സ്തംഭിച്ചതോടെ ചില ക്വാറികൾക്ക് താൽകാലിക അനുമതി നൽകിയെങ്കിലും വെള്ളപൊക്കത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവച്ചു. 
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നായിരുന്നു വയനാട്ടിൽ കരിങ്കല്ല് എത്തിച്ചിരുന്നത്. കാലവർഷത്തിൽ ചുരങ്ങൾ മണ്ണിടിഞ്ഞ് ഭീഷണിയിലായതോടെ ഇവിടെനിന്നും ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ പറ്റാതായി. ജില്ലയിൽ 3000‐3500 രൂപക്ക് കിട്ടിയിരുന്ന 150 അടി കല്ലിന് 9000‐1200 രൂപവരെയാണ് ഇതര ജില്ലകളിൽനിന്നും എത്തിക്കുമ്പോൾ നൽകേണ്ടിവരുന്നത്. കണ്ണൂരിലെ നിടുമ്പൊയിൽ, പേരാവൂർ മേഖലകളിൽനിന്നും കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മുക്കം ഭാഗങ്ങളിൽനിന്നുമാണ് കല്ല് എത്തിച്ചിരുന്നത്. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരിയിലും പേരാവൂർ മേഖലകളിലും ക്വാറികൾ അടഞ്ഞുകിടക്കുകയാണ്. ഇവിടെ നിന്നും ഇപ്പോൾ ഉൽപ്പന്നങ്ങൾ ലഭിക്കാതെയായി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നും നിർമാണ വസ്തുക്കൾ കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്. കൂടുതൽ വിലയാണ് ഇവിടെ ഈടാക്കുന്നതും.
നിർമാണ വസ്തുക്കൾ ലഭിക്കാത്തതിനാൽ സംസ്ഥാന പാതകൾമുതൽ ഗ്രാമീണ റോഡുകൾവരെ നന്നാക്കാനാവാത്ത സാഹചര്യമാണ്. തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും കരാറുകാരുമെല്ലാം ഒരുപോലെ പ്രതിസന്ധിയിലാണ്. ദുർഘടവഴികളിലൂടെ സഞ്ചരിച്ച് ആളുകളും വലയുകയാണ്. വെള്ളം കയറിയും ഉരുൾപൊട്ടിയും തകർന്ന വീടുകളുടെ നിർമാണവും അനിശ്ചിതത്വത്തിലാണ്. ഭാഗീകമായി തകർന്ന വീടുകൾ അറ്റകുറ്റപ്പണികൾ നടത്താൻപോലും അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല.
 
പ്രധാന വാർത്തകൾ
Top