16 November Friday
ഗതാഗത കുരുക്ക്

ട്രാഫിക് പരിഷ്ക്കരണം ട്രാക്കിലേക്ക്

സ്വന്തം ലേഖകൻUpdated: Wednesday Jul 4, 2018
 
കൽപ്പറ്റ
അനുദിനം വർധിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യവുമായി കൽപ്പറ്റ നഗരത്തിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്ക്കാരം ട്രാക്കിലേക്ക്. പരിഷ്ക്കരണ നടപടികൾ ആരംഭിച്ച് മൂന്ന് നാൾ പിന്നിടുമ്പോൾ ഭൂരിഭാഗം സ്ഥലങ്ങളിലും ഗതാഗതകുരുക്കുകൾ ഒഴിവാക്കാൻ പുതിയ ക്രമീകരണത്തിലൂടെ കഴിഞ്ഞു. അപൂർവം ചില ഇടങ്ങളിൽ പാർക്കിങ്ങിന് വേണ്ടത്ര സൗകര്യമില്ലാത്തത് ചില തടസ്സങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും ഇത് ഉടനടി പരിഹരിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് കഴിയുന്നുണ്ട്.  ട്രാഫിക് ക്രമീകരണങ്ങൾക്ക് നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലെല്ലാം  പൊലിസുകാർ വാഹനങ്ങളെ  നിയന്ത്രിക്കുകയും വൺവേയുള്ള ഭാഗത്ത് വാഹനയാത്രക്കാരെ വഴിതിരിച്ചുവിടുകയും ചെയ്തു. 25 ട്രാഫിക് പൊലിസുകാരെ  ടൗണിൽ വിവിധ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചിരുന്നു. 
വാഹനക്കുരുക്കിന്റെ പ്രധാനകേന്ദ്രമായ ആനപ്പാലം ജങ്ഷനിൽ വൺവേ സൗകര്യവും പാർക്കിങ്ങിലെ മാറ്റവും സുഗമമായ ഗതാഗതത്തിന് വഴിയൊരുക്കി. പഴയബസ്സ്റ്റാൻഡ് പരിസരത്തെ ഓട്ടോസ്റ്റാൻഡ് മാറ്റി ബസ്ബേ ആക്കിയതും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പഴയസ്റ്റാൻഡിലെ തിരക്ക് വലിയതോതിൽ കുറഞ്ഞതായി യാത്രക്കാർ അഭിപ്രായപ്പെട്ടു. പുതിയ സ്റ്റാൻഡിൽ പ്രവേശനഭാഗത്തുള്ള ഓട്ടോസ്റ്റാൻഡ് മാറ്റിയതും സ്റ്റാൻഡിനകത്തുതന്നെ ടാകിസി‐ജീപ്പ് ഓട്ടോ സ്റ്റാൻഡുകൾ ഏർപാടാക്കിയതും സ്റ്റാൻഡിൽ ബസ്സിറിങ്ങുന്ന യാത്രക്കാർക്ക് സൗകര്യമായി. ഇതിനാൽ പ്രവേശനകവാടത്തിലെ ഗതാഗതതടസ്സം ഒഴിഞ്ഞിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡ് എൻട്രൻസ് അഫ്നാസ് വരെ റോഡിന് ഇരുവശവും‐നോ പാർക്കിങ് ഏർപെടുത്തിയതും യാത്രാക്കുരുക്ക് ഒഴിവാകുന്നതിൽ പ്രതിഫലിക്കുന്നുണ്ട്. 
തിരക്കേറിയ സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കൈനാട്ടി ജങ്ഷനിൽ ബസ്കാത്തിരിപ്പ് കേന്ദ്രങ്ങൾ ജങ്ഷനിൽ നിന്ന് മുന്നോട്ട് മാറ്റിയതും ഉപകാരപ്രദമായി.  വൺവേ ഗതാഗതം പുതുതായി ഏർപ്പെടുത്തിയ ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ നോപാർക്കിങ് ബോർഡുകളും ഡിവൈഡറുകളും സ്ഥാപിച്ചു. പഴയ സ്റ്റാൻഡിലും പുതിയസ്റ്റാൻഡിലുമായി പാർക്കിങ് സംവിധാനത്തിൽ ഒരുക്കിയ മാറ്റങ്ങൾ ഭൂരിഭാഗം സ്ഥലങ്ങളിലും പ്രാവർത്തികമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ നോ പാർക്കിങ് ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രവണത തുടരുന്നുണ്ട്. 
ട്രാഫിക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ആദ്യദിനങ്ങളിൽ താക്കീതുകളും ബോധവൽക്കരണവും നടത്തുകയാണ് ചെയ്തതെങ്കിൽ വരും ദിവസങ്ങളിൽ കർശനനടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.  ട്രാഫിക് പരിഷ്ക്കരണം നടപടികൾ ഒരുമാസം പൂർത്തിയാവുന്നതോടെ അവലോകനയോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി മുന്നോട്ട്പൊവുമെന്ന് നഗസഭാ അധികൃതർ വ്യക്തമാക്കി. 
 
പ്രധാന വാർത്തകൾ
Top