22 September Saturday

യുവാവിന്റെ ദുരൂഹ മരണം വ്യാജചികിത്സകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

   

കൽപ്പറ്റ
വെള്ളമുണ്ട സ്വദേശിയായ അഷ്റഫ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ തമിഴ്നാട്ടിൽ മരിച്ച സംഭവത്തിൽ യുവാവിനെ ചികിത്സിച്ച വ്യാജസിദ്ധൻ പിടിയിലെന്ന് സൂചന. മലപ്പുറം സ്വദേശിയായ സെയ്ത് മുഹമ്മദാണ് ബംഗളൂരിവിൽ പിടിയിലായത്. എന്നാൽ ഇയാളുടെ അറസ്റ്റ് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറത്തും തമിഴ്നാട്ടിലും കർണാടകത്തിലുമെല്ലാമായി കഴിഞ്ഞ കുറെക്കാലമായി ഇയാൾ ചികിത്സ നടത്തുന്നുണ്ട്. ഇയാൾക്ക് അഷ്റഫിന്റെ കുടുംബവുമായി കുറച്ച്കാലമായി ബന്ധമുണ്ട്. 
വെള്ളമുണ്ടയിലെ വ്യാപാരി പൊയിലൻ അഹമ്മദിന്റെ മകൻ അഷ്റഫാണ്(32) കഴിഞ്ഞ ദിവസം നാഗർകോവലിനടുത്തുള്ള അട്ടക്കരയിൽ മരിച്ചത്. അഷ്റഫിനും ചിലകുടംബാംഗങ്ങൾക്കും മലപ്പുറത്തുനിന്നുള്ള ഈ സിദ്ദൻ വ്യാജ ചികിത്സ നടത്തുന്നതായി  ആരോപണമുയർന്നിരുന്നു. സിദ്ധനെതിരെ ചില ബന്ധുക്കളും നാട്ടുകാരിൽ ചിലരും പരാതി ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് അഷ്റഫിനെ കാണാതായത്. സിദ്ധന്റെ ഉപദേശത്തെ തുടർന്ന് അജ്മീറിലേക്ക് പോയ അഷ്റഫിനെ കാണാതാവുകയായിരുന്നെന്നാണ് അഷ്റഫിന്റെ ഭാര്യ സജ്ന വെള്ളമുണ്ട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 
ചികിത്സാർഥം അഷ്റഫിനെ  വിവിധയിടങ്ങളിൽ പാർപ്പിച്ചിരുന്നതായും ചികത്സാചെലവിനായി ലക്ഷക്കണിക്കിന് രൂപ വാങ്ങിയിരുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.  അഷ്റഫിന്റെ മൃതദേഹം  പോസ്റ്റ് മോർട്ടം നടപടികൾക്ക്ശേഷം ബുധനാഴ്ച വെള്ളമുണ്ടയിൽ എത്തിച്ച് സംസ്ക്കരിക്കും. അഷ്റഫിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും വ്യാജസിദ്ധനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും സിപിഐ എം വെളമുണ്ട ലോക്കൽകമ്മിറ്റി ആവശ്യപ്പെട്ടു. 
പ്രധാന വാർത്തകൾ
Top