18 November Sunday

പൊഴുതനയിൽ തകർന്നത്‌ 184 വീടുകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

പൊഴുതന
കാലവർഷത്തിൽ ജില്ലയില ഏറ്റവും കൂടുതൽ കെടുതി നേരിട്ട പൊഴുതന പഞ്ചായത്തിൽ 75 കോടിയലധികം രൂപയുടെ നാശനഷ്ടം. എല്ലാ വാർഡുകളിലും നാശനഷ്ടമുണ്ടായി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയെല്ലാം ഒരുപോലെ താണ്ഡവമാടിയ പഞ്ചായത്തിൽ മാത്രം ആയിരത്തോളം പേർ ക്യാമ്പിൽ കഴിയേണ്ടി വന്നിരുന്നു. ആറ് കുടുംബങ്ങളിലെ 24 പേർ ഇപ്പോഴും ക്യാമ്പിലാണ്.  കുറിച്യർമല, വലിയപാറ, മേൽമുറി, അമ്മാറ, ആനാംകുന്ന്, കട്ടേരിക്കുന്ന് എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടി. പലയിടത്തും ചെറുതും വലതുമായ മണ്ണിടിച്ചിലുണ്ടായി. പുഴകൾ കരകവിഞ്ഞതോടെ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. 7, 8 വാർഡുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ സി പ്രസാദ് പറഞ്ഞു. 
പഞ്ചായത്ത് അധികൃതർ നൽകുന്ന കണക്കുകൾ പ്രകാരം 50 ഇടത്ത് മണ്ണിടിച്ചിൽ ഉണ്ടായി. 184 വീടുകൾ പൂർണമായും തകർന്നു. 500 വീടുകൾ ഭാഗികമായി തകർന്നു. കുറിച്യർമല സ്കൂളിൽ വൻ നാശനഷ്ടമുണ്ടായി. അഞ്ച് പാലങ്ങൾ ഇല്ലാതായി. 68 കിലോമീറ്റർ റോഡ് തകർന്നു. സുഗന്ധഗിരി 12‐ാം പാലം റോഡ്, 50 ഏക്കർറോഡ്, മാങ്ങപ്പാടി റോഡ്, അമ്മാറ റോഡ്, അത്തിമൂല‐പിണങ്ങോട് റോഡ് എന്നിവയെല്ലാം തകർന്നു. പലയിടത്തും റോഡ് തീർത്തും ഇല്ലാതായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top