20 November Tuesday

തൊഴിലാളികൾ വിസമ്മതിച്ചു; പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും മാലിന്യം കയറ്റി

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
 
മേപ്പാടി
മാലിന്യം ലോറിയിൽ കയറ്റാൻ ചുമട്ടുതൊഴിലാളികൾ വിസമ്മതിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും ചുമടേറ്റി. മേപ്പാടി കുന്നമ്പറ്റയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തൊഴിലാളികളുടെ നിഷേധ സമീപനത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. ക്ലീൻ വയനാട് ശുചികരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളുടെ ഒരു ഭാഗം കുന്നമ്പറ്റയിലാണ് ഇറക്കിയിരുന്നത്. ഇവിടെവച്ച് ജൈവ  അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ചാക്കുകളാക്കി മാറ്റുകയും ചെയ്തിരുന്നു. അജൈവ മാലിന്യങ്ങൾ നിലമ്പൂരിലെ ഒരു സ്ഥാപനത്തിലേക്കാണ് കൊണ്ടു പോകേണ്ടത്. 
ഇവ ലോറിയിൽ കയറ്റാൻ പഞ്ചായത്ത് മേപ്പാടിയിലെ ചുമട്ടുതൊഴിലാളികളോട് ആവശ്യപ്പെട്ടു. 5000 രൂപയാണ് ഇതിന് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതു പ്രകാരം സ്ഥലത്തെത്തിയ തൊഴിലാളികൾ കുപ്പിച്ചില്ല് ഉണ്ടെന്ന കാരണത്താൽ മടങ്ങി. സംഭവമറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, സെക്രട്ടറി ടി ഡി ജോസ് എന്നിവർ പഞ്ചായത്ത് ഓഫീസിലെത്തി ജീവനക്കാരോട് കാര്യം പറഞ്ഞു. 
തുടർന്ന് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ കന്നമ്പറ്റയിലെത്തി മാലിന്യം ലോറിയിലേക്ക് കയറ്റി. ഇതു കണ്ട നാട്ടുകാരും അവർക്കൊപ്പം ചേർന്നു. മാലിന്യ നിർമാജനത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചപ്പോൾ  ചില ചുമട്ടുതൊഴിലാളികളുടെ ഭാഗത്തുനിന്നും ഇത്തരം സമീപനമുണ്ടായത് ശരിയായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് പറഞ്ഞു.
പ്രധാന വാർത്തകൾ
Top