19 November Monday
ഭൂവിനിയോഗ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും

ദുരിതാശ്വാസ സഹായം 7 കോടി വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

കല്‍പ്പറ്റ

ജില്ലയിലെ പ്രത്യേക പരിസ്ഥിതി ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി ഭൂ വിനിയോഗ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ വികസനസമിതി തീരുമാനിച്ചു. ഏതൊക്കെ മേഖലയില്‍ എത്ര ഉയരത്തിലും വിസ്തൃതിയിലും പരിസ്ഥിതി സൗഹൃദമായി നിര്‍മാണ പ്രവര്‍ത്തനം നടത്താമെന്നത് ശാസ്ത്രീയമായി പഠിച്ചതിനു ശേഷമായിരിക്കും ഇനി അനുമതി നല്‍കുക.   മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ച അപേക്ഷകളില്‍ ധനസഹായം നല്‍കി തീര്‍പ്പാക്കി. മഴക്കെടുതി ദുരിതാശ്വാസമായി 7 കോടി വിതരണം ചെയ്തുവെന്നും വികസന സമിതിയോഗത്തിലെ മഴക്കെടുതി അവലോകനത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. സെപ്റ്റംബര്‍ നാലിന് ജില്ലയിലെ മുഴുവന്‍ പോതുജനാരോഗ്യകേന്ദ്രങ്ങള്‍ വഴിയും എലിപ്പനി, വയറിളക്ക രോഗപ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാന്‍ ജില്ലാ വികസന സമിതി ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.

തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ പുറമ്പോക്കിലുള്ള മരങ്ങള്‍ വെട്ടാന്‍ ഏകപക്ഷീയമായി അനുമതി നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും ആവര്‍ത്തിച്ചാല്‍ നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. വൈത്തിരിയില്‍ ഉണ്ടായ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കലക്ടര്‍ ഇത് അറിയിച്ചത്. റോഡിടിഞ്ഞ ഭാഗങ്ങളില്‍ പൊതുമരാമത്ത് റോഡ്്്, ദേശീപാത വിഭാഗങ്ങള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ചോര്‍ച്ചയുണ്ടായിട്ടുള്ള വീടുകളുടെ കണക്കെടുക്കണം. തീറ്റപ്പുല്‍ കൃഷിയ്ക്ക്്് വന്‍തോതില്‍ നാശം ഉണ്ടായി, കാലിത്തീറ്റയ്ക്ക് ക്ഷാമം നേരിടുന്നതിനാല്‍ 60,000 ലിറ്റര്‍ കുറവ് പാല്‍ ഉല്‍പ്പാദനത്തിലുണ്ടായിട്ടുണ്ട്്. കാപ്പി, തേയില എന്നിവയുടെ ഉല്‍പ്പാദനത്തിലും വന്‍തോതില്‍ കുറവ്് സംഭവിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ കണക്കെടുക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നല്ലൂര്‍നാട് എംആര്‍എസിന്റെ പണി സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ഒ ആര്‍ കേളു എംഎല്‍എയ്ക്കു പൊതുമരാമത്ത്  ഉറപ്പു നല്‍കി. എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പ്രതിനിധികളെ യഥാസമയം അറിയിക്കണമെന്നും തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടാമെന്നും എംഎല്‍എ പറഞ്ഞു. 

 
പ്രധാന വാർത്തകൾ
Top