21 September Friday

കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
കൽപ്പറ്റ
വയനാട് ചുരം ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട  സമയത്ത് കൃത്യവിലോപം കാട്ടുകയും ചട്ടലംഘനം നടത്തുകയും ചെയ്തതിന് ജില്ലയിലെ മൂന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ജില്ലാ ഹെഡ് ക്വട്ടേഴ്സ് ഇൻസ്പെക്ടർ എം കെ ജോയി, കൽപ്പറ്റ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി എം ഷാജി, ബത്തേരി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എ കെ ശശി എന്നിവരെയാണ് സ്ഥലം മാറ്റിയത്. 
വയനാട് ചുരം ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന്  കോഴിക്കോട് റൂട്ടിലെ യാത്രാപ്രശ്നം പരിഹരിക്കാൻ മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ കെഎസ്ആർടിസിയെ ചുമതലപെടുത്തിയിരുന്നു. കോഴിക്കോട്‐ ചിപ്പിലത്തോട്, ചിപ്പിലത്തോട്‐ വയനാട് എന്നിങ്ങനെയായിരുന്നു യാത്രാ ക്രമീകരണം. എന്നാൽ ജൂൺ 17ന് ഈ റൂട്ടിൽ ബസ്സില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടി. ഇതറിഞ്ഞ് വിഷയം ശ്രദ്ധയിൽപെടുത്താൻ സി കെ ശശീന്ദ്രൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ കൽപ്പറ്റ ഡിപ്പോയിൽ എത്തി വിവരമറിയിച്ചെങ്കിലും ഉത്തരവാദപ്പെട്ടവർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. 
സംഭവത്തെകുറിച്ച് അന്വേഷിച്ച വിജിലൻസ് വിഭാഗം ജനങ്ങൾക്ക് യാത്രസൗകര്യം ഒരുക്കാൻ ബാധ്യസ്ഥരായ ഈ മൂന്ന് ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതല നിർവഹണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി.  17ന് ഡിപ്പോയിൽ എത്തിയെങ്കിലും ഉത്തരവാദിത്ത്വം നിർവഹക്കാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും  ഡിപ്പോ വിട്ടുപോവുകയായിരുന്നു ഇവർ. ഇതേതുടർന്ന് സർവീസ് താളം തെറ്റുകയും ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാവുകയും കെഎസ്ആർടിസിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. ജോലിയിൽ ഗുരുതരമായ വീഴ്ചവരുത്തിയത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എം കെ ജോയിയെ മാനന്തവാടി യൂണിറ്റിൽനിന്നും തലശ്ശേരിയിലേക്കും ഷാജിയെ താമരശേരിയിലേക്കും ശശിയെ തൊട്ടിൽപാലത്തേക്കുമാണ് സ്ഥലം മാറ്റിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top