21 July Saturday

മോഡിപ്രേമം തുറന്നുപറഞ്ഞ് മുസ്ളിംലീഗും കെ എന്‍ എ ഖാദറും

സ്വന്തം ലേഖകന്‍Updated: Monday Oct 9, 2017

മലപ്പുറം > ഒടുവില്‍ മുസ്ളിംലീഗും കെ എന്‍ എ ഖാദറും ഉള്ളിലിരുപ്പ് തുറന്നുപറഞ്ഞു, മോഡിയെയാണ് തങ്ങള്‍ക്കിഷ്ടമെന്ന്, കമ്യൂണിസ്റ്റുകാര്‍ക്ക് പിന്തുണ കിട്ടുന്നതിനെയാണ് പേടിക്കുന്നതെന്ന്. മോഡിപ്രേമംമൂത്ത ഖാദര്‍ മോഡിയെയും ബിജെപിയെയും ഭയമില്ലെന്നും വെറുപ്പ് കമ്യൂണിസ്റ്റ്റ്റുകാരോടാണെന്നും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് കമ്യൂണിസ്റ്റുകാരെക്കാള്‍ ഭേദം മോഡിയും ആര്‍എസ്എസുമാണെന്ന് ഖാദര്‍ പറഞ്ഞത്.

ഖാദറിന്റെ പ്രസംഗം വെള്ളിയാഴ്ചത്തെ മാതൃഭൂമി റിപ്പോര്‍ട് ചെയ്തത് ഇങ്ങനെ" ഇപ്പോള്‍ മോഡിക്കുള്ള പിന്തുണ കമ്യൂണിസ്റ്റ് പാര്‍ടിക്കാണ് കിട്ടിയിരുന്നതെങ്കില്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പും  ജനാധിപത്യവുമൊന്നും ഉണ്ടാവുമായിരുന്നില്ല. കാരണം ലോകത്തെവിടെയും കമ്യൂണിസ്റ്റുകാര്‍ ഇത് രണ്ടിനെയും അംഗീകരിക്കുന്നില്ല''. ഖാദറിന്റെ പ്രസംഗവും കവിതയുമെല്ലാം വിശദീകരിച്ച വാര്‍ത്തയില്‍ എവിടെയും മോഡിക്കോ ആര്‍എസ്എസിനോ എതിരായി ഒരക്ഷരം പറഞ്ഞതായില്ല. 

ആര്‍എസ്എസ് ആപത്തെന്ന് കേരളീയരാകെ വിളിച്ചുപറയുമ്പോഴാണ് മുസ്ളിംലീഗ് നേതാവായ സ്ഥാനാര്‍ഥി ആര്‍എസ്എസ് ആഭിമുഖ്യം വെളിപ്പെടുത്തിയത്. രാജ്യത്തെ മുസ്ളിങ്ങളെയും ദളിതരെയും ഹിന്ദുത്വഭീകരരായ ആര്‍എസ്എസുകാര്‍ വേട്ടയാടുന്ന കാലത്താണ് ഖാദര്‍ അവര്‍ക്ക് സ്വാഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് അഖ്ലാഖിനെ തല്ലിക്കൊന്ന ആര്‍എസ്എസിനെ പേടിക്കേണ്ടെന്നാണ് ഖാദര്‍ പറഞ്ഞത്. കന്നുകാലിയെ വാങ്ങി മടങ്ങവെ പൊഹ്ലുഖാനെ തല്ലിക്കൊന്ന ആര്‍എസ്എസുകാരെ ഇഷ്ടമാണെന്നും. മുസ്ളിമാണെന്ന കാരണംകൊണ്ടുമാത്രം ആര്‍എസ്എസുകാര്‍ അടിച്ചുകൊന്ന  ജുനൈദ് എന്ന വിദ്യാര്‍ഥിയെ എങ്കിലും ഓര്‍ക്കാതെയാണ് ഈ പ്രഖ്യാപനങ്ങള്‍.  ന്യൂനപക്ഷത്തെ വേട്ടയാടുന്ന ആര്‍എസ്എസിനെ ലീഗ് നേതാവ് സ്നേഹിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകാം.

ന്യൂനപക്ഷങ്ങളോട് പാകിസ്ഥാനില്‍ പോകാന്‍ ആക്രോശിക്കുന്ന ആര്‍എസ്എസിനെയുമല്ല അവരുമായി സന്ധിയില്ലാ സമരം പ്രഖ്യാപിച്ച കമ്യൂണിസ്റ്റുകാരെ സൂക്ഷിക്കണമെന്നാണ് ഖാദര്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍  പറഞ്ഞത്. കച്ചവടത്തിനും കാര്യസാധ്യത്തിനും വോട്ടിനും ആര്‍എസ്എസുമായി ഒളിസേവ നടത്തുന്ന ലീഗിന്റെ സ്ഥാനാര്‍ഥി മറിച്ചുപറഞ്ഞാലേ സംശയിക്കേണ്ടതുള്ളു. അവസരവാദവും വഞ്ചനയുമായി സമുദായത്തിന്റെ പേരില്‍ രാഷ്ട്രീയ വാണിഭം നടത്തുന്നവര്‍ക്ക് ആര്‍എസ്എസ് വിഷയമാകില്ല.   പകരം അവര്‍ക്ക് കമ്യൂണിസ്റ്റുകാര്‍ അപരാധികളും ശത്രുക്കളും. അധികാരവും സമ്പത്തും മാത്രമാണ് ലീഗിന് പ്രധാനമെന്നാണ് ഈ പ്രഖ്യാപനത്തിലൂടെ ലീഗ് സമ്മതിക്കുന്നത്. അമിത്ഷായും മോഡിയും മോഹന്‍ഭാഗവതുമടക്കമുള്ളവര്‍ കേരളത്തോട് യുദ്ധം പ്രഖ്യാപിച്ച വേളയിലാണ് ആര്‍എസ്എസ് ബന്ധുത്വം ലീഗ് പ്രഖ്യാപിക്കുന്നത്.  വെറുപ്പിന്റെ വെടിയുണ്ടകളുമായി കാവിഭീകരര്‍ അഴിഞ്ഞാടുമ്പോള്‍ ഈ കേരളം സുരക്ഷിതമാവുന്നത് കമ്യൂണിസ്റ്റുകാര്‍ കേരളത്തിലുള്ളതുകൊണ്ടാണെന്ന് ലീഗുകാര്‍ വിസ്മരിച്ചാലും   വേങ്ങരയിലെ ജനാധിപത്യവാദികളും മതനിരപേക്ഷവിശ്വാസികളുമായ വോട്ടര്‍മാര്‍ മറക്കില്ല. 

പ്രധാന വാർത്തകൾ
Top