Top
18
Sunday, March 2018
About UsE-Paper

ഹൃദയങ്ങളെ തൊട്ട് ഈ സഞ്ചാരം

Friday Oct 6, 2017
* ജോബിന്‍സ് ഐസക്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീര്‍ വേങ്ങര മാറ്റാനം കോളനിയില്‍ പര്യടനം നടത്തുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ സമീപം

വേങ്ങര > 'സമ്പന്നതയുടെ ധാരാളിത്തത്തില്‍ ജീവിക്കുന്നവരാണ് വേങ്ങരക്കാരെന്ന പ്രചാരണം തെറ്റാണ്. അതിന് ഒരു മറുവശമുണ്ട്്, അസൌകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന അവികസിത മേഖലകള്‍ മണ്ഡലത്തില്‍ ധാരാളം. അവിടേക്കാണ് ഒരു ജനപ്രതിനിധിയുടെ കണ്ണെത്തേണ്ടത്.' ഇത് പറയുമ്പോഴേ അറിയാം കേവലം സന്ദര്‍ശനമല്ല അഡ്വ. പി പി ബഷീറിന്റെ പര്യടന പരിപാടിയെന്ന്. ജനഹൃദയങ്ങളിലേക്കാണ് ആ സഞ്ചാരം. ഓരോ പ്രദേശത്തെയും ജനകീയപ്രശ്നങ്ങള്‍ അടുത്തറിഞ്ഞാണ് യാത്ര. വേങ്ങര ടൌണിന് സമീപം മാറ്റാനം കോളനിയില്‍നിന്നായിരുന്നു യാത്രയുടെ ആരംഭം. കുടിവെള്ളമടക്കം ജീവല്‍പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബഷീറിന്റെ സംസാരം.

ഒരോ മുഖങ്ങളിലും സൌഹൃദത്തിന്റെ നിറപുഞ്ചിരി പരത്തിയാണ് അഡ്വ. പി പി ബഷീര്‍ കടന്നുപോകുന്നത്. ഓരോ സന്ദര്‍ശനം കഴിയുന്നതോടെ കൂടുതല്‍ പ്രിയങ്കരനായി മടക്കം. വീട്ടുമുറ്റത്തും മതിലിനരികിലും കാണുന്ന മുഖങ്ങളിലെ ചിരി ആ സ്വീകാര്യതയ്ക്ക് അടിവരയിടുന്നു. ഒരിക്കല്‍ കണ്ടയാളെ ഓര്‍ത്തെടുക്കാന്‍ നിമിഷാര്‍ധം മതി. ചുരുങ്ങിയ വാക്കുകളില്‍ കുശലം. അതിലുണ്ടാകും അടുപ്പത്തിന്റെ ആഴമത്രയും. പിന്നെ അവര്‍ പറയുന്ന പരാതികളും പരിഭവങ്ങളും കേള്‍ക്കും. ഹ്രസ്വമെങ്കിലും ആത്മാര്‍ഥമായ വാക്കുകളില്‍ മറുപടി. 'ഇടനിലക്കാരന്റെയോ മധ്യസ്ഥന്റെയോ സഹായമില്ലാതെ എപ്പോഴും നിങ്ങള്‍ക്കെന്നെ സമീപിക്കാം. സുഹൃത്തായി എന്നും ഒപ്പമുണ്ടാകും.' പെരുമാറ്റത്തിലോ വാക്കുകളിലോ നാട്യങ്ങളോ കൃത്രിമത്വമോ  തെല്ലുമില്ലാത്ത നാട്ടിന്‍പുറത്തുകാരനെ തിരിച്ചറിയാം ഈ വാക്കുകളില്‍.

വ്യാഴാഴ്ച വേങ്ങര പഞ്ചായത്തിലായിരുന്നു വോട്ട്തേടല്‍. ദിവസവും പ്രചാരണരംഗത്ത് പ്രകടമാകുന്ന കുതിപ്പിന്റെ സാക്ഷ്യമാണ്് കെ കെ നഗര്‍, എം പി നഗര്‍, ആശാരിപ്പടി, അമ്പലപുറയ, മരക്കാപറമ്പ്, തറയിട്ടാല്‍,  മഞ്ഞേമാട്, പൂക്കളം ബസാര്‍ എന്നിവിടങ്ങളിലൊക്കെ ലഭിച്ച സ്വീകരണം. വരവേല്‍പ്പിന് വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടി. എം പി നഗറിലെ സ്വീകരണസ്ഥലത്ത് ആളും വാഹനവും കൂടിയപ്പോള്‍ തിരക്കായി.

റോഡിലേക്ക് ഇറങ്ങിവന്ന ബഷീര്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൌകര്യമുണ്ടാക്കിയശേഷമാണ് സംസാരിക്കാന്‍ തുനിഞ്ഞത്. പര്യടന വാഹനം മുതലമാട് എത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിനെ കണ്ടു. വണ്ടി നിര്‍ത്തിച്ചശേഷം അല്പനേരം ഖാദറിനോട് സംസാരിച്ചു. രാഷ്ട്രീയ വിമര്‍ശനത്തില്‍ കടുകിട വീട്ടുകൊടുക്കില്ല എങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കില്ല. കൂടെയുള്ളവരെയും അങ്ങനെ ചെയ്യരുതെന്ന് വിലക്കും പത്ത്മൂച്ചിയിലെത്തിയപ്പോള്‍ സമയം രണ്ട്. ഭക്ഷണശേഷം അല്പം വിശ്രമം. ഉച്ചകഴിഞ്ഞ് തുമ്പിത്തൊടികയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. കൂരിയാട് പര്യടനം സമാപിച്ചശേഷവും പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു. രാത്രി പ്രചാരണരംഗത്തുള്ള പ്രവര്‍ത്തകരെയും സന്ദര്‍ശിച്ചശേഷമാണ് വീട്ടിലേക്ക് പോയത്.

രാവിലെ നാലരയ്ക്ക് ഉണര്‍ന്ന ബഷീര്‍  അടുത്ത സുഹൃത്തുക്കളെയും കണ്ടു. പ്രചാരണ ദിവസങ്ങളില്‍ ഇത് മുടക്കാറില്ല. എട്ടിന് വീട്ടിലെത്തിയശേഷം ചായ. ഈ സമയത്താണ് അഭിഭാഷകനെന്ന നിലയിലുള്ള ഒഴിവാക്കാനാകാത്ത ജോലികള്‍. കക്ഷികളെ കാണുകയും സഹപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുകയുംചെയ്ത് വീണ്ടും വോട്ടര്‍മാരിലേക്ക്. ഒമ്പതിന് പര്യടനസ്ഥലത്ത്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, ടി കെ ഹംസ, പി നന്ദകുമാര്‍, വി ശശികുമാര്‍, കെ ടി അലവിക്കുട്ടി, എംഎല്‍എമാരായ ടി വി രാജേഷ്, എ എന്‍ ഷംസീര്‍ എന്നിവരാണ് വേങ്ങരയെ ഇളക്കിമറിച്ച പര്യടനത്തിന് ചുക്കാന്‍പിടിച്ചത്. എംഎല്‍എമാരായ കെ ബാബു, ആര്‍ രാജേഷ്, നേതാക്കളായ ടി എ സമദ്, യു ബാലകൃഷ്ണന്‍, പി ഷബീര്‍, പി എച്ച് ഫൈസല്‍ എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍  സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »