Top
16
Saturday, December 2017
About UsE-Paper

വരവേറ്റു വീരോചിതം വഴികാട്ടുന്ന പറപ്പൂര്‍

Thursday Oct 5, 2017
സതീഷ് ഗോപി
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീര്‍ പറപ്പൂര്‍ പഞ്ചായത്തിലെ തറയിട്ടാലില്‍ എത്തിയപ്പോള്‍

വേങ്ങര > വികസനത്തില്‍ സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക മണ്ഡലമായ വേങ്ങരക്ക് ദിശാസൂചകമാവുകയാണ് പറപ്പൂര്‍ പഞ്ചായത്ത്. ലീഗിനെ തൂത്തെറിഞ്ഞ് ജനകീയമുന്നണി അധികാരം പിടിച്ച പറപ്പൂര്‍ വികസനക്കുതിപ്പിന്റെ പാതയിലാണ്. മുസ്ളിംലീഗിന്റെ ദുര്‍ഭരണത്തില്‍ സഹികെട്ട് ബദല്‍ ഭരണം നടത്തുന്ന മണ്ണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന് ലഭിച്ചത് വീരോചിത വരവേല്‍പ്പ്. 1939-ല്‍ നടന്ന പറപ്പൂര്‍ സമ്മേളനം എന്നറിയപ്പെട്ട കെപിസിസി സമ്മേളനത്തിന് വേദിയായ ആസാദ് നഗര്‍ ഇവിടെയാണ്. ദേശീയപ്രസ്ഥാനത്തിന്റെയും ഖിലാഫത്തിന്റെയും ചരിത്രസ്മരണകളുടെ മണ്ണ് കൂടിയാണ് ഇത്.

കെപിസിസിയില്‍ സോഷ്യലിസ്റ്റ് പക്ഷക്കാര്‍ക്ക് മുന്‍തൂക്കം ലഭിച്ച കാലത്തായിരുന്നു പറപ്പൂര്‍ സമ്മേളനം. മുഖ്യ സംഘാടകര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ എം എസും.  അന്ന് സമ്മേളന നഗരിക്ക് നല്‍കിയ പേരാണ് ആസാദ് നഗര്‍.  1961-ല്‍ ബംഗാള്‍ ദുര്‍ഗാപൂരിലെ എഐസിസി സമ്മേളനത്തിന്റെ അലയൊലികളും ഇവിടെ സജീവം. വര്‍ഗീയകക്ഷികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നതായിരുന്നു കോണ്‍ഗ്രസ് സമ്മേളനത്തിലെ പ്രധാന പ്രമേയം. വര്‍ഗീയതയോട് സന്ധി ചെയ്യുന്ന നയം കോണ്‍ഗ്രസ് സ്വീകരിക്കുന്നതാണ് സമകാലിക വൈപരീത്യം.

19 വാര്‍ഡുള്ള പഞ്ചായത്തില്‍ 12-ലും ജനകീയ മുന്നണിയുടെ പ്രതിനിധികള്‍. കുടിവെള്ളക്ഷാമം പരിഹരിക്കാനും മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കാനും ഭരണസമിതി ശ്രദ്ധിക്കുന്നു. വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ആരംഭിച്ചതാണ് വനിതാ ബാങ്ക്. തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍, കര്‍ഷകര്‍ക്ക് വിത്തും വളവും വിതരണം ചെയ്യല്‍ തുടങ്ങി പഞ്ചായത്തിന്റെ മുഖഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ബുധനാഴ്ച കാടേങ്ങല്‍പടിയില്‍നിന്നാണ് പര്യടനം തുടങ്ങിയത്.

ചെങ്കൊടി കെട്ടിയ ബൈക്കുകളുമായി ചെറുപ്പക്കാര്‍ സ്ഥാനാര്‍ഥിയുടെ വാഹനത്തിന് മുമ്പിലായി സഞ്ചരിക്കുന്നു. മേലാപ്പ് കെട്ടിയ ലോറികളില്‍ ബാന്‍ഡ് വാദ്യവും മുഴക്കി മറ്റൊരു കൂട്ടം. ആലച്ചുള്ളിയിലും ഉണ്ണിയാലുങ്ങലിലുമെല്ലാം ആള്‍ക്കൂട്ടം നേരത്തേയെത്തി. കല്ലക്കയം കോളനിയില്‍ സ്ത്രീകളടക്കം വന്‍ ജനക്കൂട്ടം. എല്ലാവര്‍ക്കും സ്ഥാനാര്‍ഥിക്കൊപ്പം സെല്‍ഫിയെടുക്കണം. ആരെയും നിരാശപ്പെടുത്തിയില്ല. പാലാണിയിലും കുഴിപ്രം മോസ്കോയിലും ചെനക്കലുമെല്ലാം ഉജ്വല വരവേല്‍പ്പ്. എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കളും പ്രചാരണ രംഗത്തുണ്ട്. 

എം എ യൂസഫ്, എം ബി ഫൈസല്‍, കെ പി ശങ്കരന്‍, ടി കബീര്‍, മൊയ്തീന്‍കുട്ടി, ഉസ്മാന്‍ കൂളക്കോട് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ ഒതുക്കുങ്ങലിലും ലീഗ് വിമതന്‍ കെ ഹംസ വേങ്ങരയിലും വോട്ട് അഭ്യര്‍ഥിച്ചു.

Related News

കൂടുതൽ വാർത്തകൾ »