20 September Thursday
കെഎസ്ഇബിയുടെ തീവ്രയജ്ഞം വൻ വിജയം

ട്രാൻസ്േഫാർമറുകൾ ചാർജ് ചെയ്തു; കണക്ഷനുകൾ പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

തൃശൂർ ഗവ. എൻജിനിയറിങ‌് കോളേജ‌് വിദ്യാർഥികൾ ചേർപ്പ്‌ എട്ടുമനയില്‍ വീടുകളിലെ വൈദ്യുതിത്തകരാറുകൾ പരിഹരിക്കുന്നു

 
തൃശൂർ 
പ്രളയക്കെടുതിയിൽ കേടായ ട്രാൻസ‌്ഫോർമറുകളും വൈദ്യുതി ലൈനുകളും പൂർവസ്ഥിതിയിലെത്തിക്കാൻ കെഎസ്ഇബിയുടെ തീവ്രയജ്ഞം വൻ വിജയത്തിലേക്ക്. പെരുമഴയിൽ ഓഫാക്കുകയും  കേടാവുകയും ചെയ്ത 1601 ട്രാൻസ്ഫോർമറുകളിൽ 42 എണ്ണമൊഴികെ റീച്ചാർജ് ചെയ്തു കഴിഞ്ഞു. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി കേടായ 4,48,686 കണക്ഷനുകളിൽ 1216 ഒഴികെ പുനഃസ്ഥാപിച്ചു. തകർന്ന വീടുകളിലെയടക്കം അവശേഷിക്കുന്ന പണികൾ മൂന്നോ നാലോ ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ പ്രസാദ് മാത്യു പറഞ്ഞു.   കൂടുതൽ നാശനഷ്ടമുണ്ടായ ചാലക്കുടി, മാള, ചേർപ്പ‌്  ഉൾപ്പെടുന്ന കെഎസ്ഇബി ഇരിങ്ങാലക്കുട സർക്കിളിനു കീഴിലാണ്  കൂടുതൽ തകരാർ ഉണ്ടായത്. ആയിരക്കണക്കിനു വീടുകൾക്കും തകർച്ചയും കേടുപാടുകളും സംഭവിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ ചെയ്തതുകൊണ്ടാണ് ഇത്രയും വേഗം പണികൾ നടത്താനായത്.എൻജിനിയറിങ് കോളേജുകൾ, പോളി ടെക്നിക്കുകൾ, ഐടിഐകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാർഥികളും അധ്യാപകരും ഇലക്ട്രിക്കൽ, പ്ലമ്പിങ് തുടങ്ങിയ പണികൾ സൗജന്യമായി ചെയ്യാൻ രംഗത്തെത്തി. 
തൃശൂർ സർക്കിളിൽ 890 ട്രാൻസ്ഫോർമറുകളും ഇരിങ്ങാലക്കുട സർക്കിളിൽ 711 ട്രാൻസ്ഫോർമറുകളും നിശ്ചലമായിരുന്നു. നൂറുകണക്കിന‌് പോസ‌്റ്റുകളും തകർന്നു. വീടുകളിലേക്ക് ഇനി പുനഃസ്ഥാപിക്കാനുള്ള 1216 കണക്ഷനുകളിൽ ഇരിങ്ങാലക്കുട സർക്കിളിൽ 1502 ഉം തൃശൂർ സർക്കിളിൽ 164ഉം കൂടിയാണ് കണക്ഷൻ നൽകാനുള്ളത്.ചാലക്കുടി നഗരസഭ, പരിയാരം, കുഴൂർ, മാള, അന്നമനട പഞ്ചായത്തുകളിലുമാണ് ഇനിയും പണികൾ അവശേഷിക്കുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ 500 വീടുകളിലെ കണക്ഷനുകൾ ശരിയാക്കിക്കൊടുത്തിരുന്നു. തൃശൂർ സർക്കിളിൽ കെഎസ്ഇബി 32 വീടുകളിലേക്കായി വീടൊന്നിന് 5000 രൂപ ചെലവാക്കി കേബിളുകൾ ഇട്ടു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നിരവധി വീടുകളിലെ കണക്ഷനുകൾ നേരെയാക്കി. വ്യാഴാഴ്ച കാടുകുറ്റി സെക്ഷനിൽ 130 വയർമാൻമാർ സൗജന്യമായി പ്രവൃത്തി നടത്തി.
പ്രധാന വാർത്തകൾ
Top