14 November Wednesday

ജ്വോഷ്വലിനും കാതറിനും സ്നേഹത്തണലേകി ക്ലേലിയ സ്കൂൾ

ടി എൻ കേശവൻUpdated: Friday Aug 31, 2018

കുറാഞ്ചേരി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ജോഷ്വലും കാതറിനും ക്ലേലിയ സ്കൂളിലെത്തിയപ്പോൾ

 
വടക്കാഞ്ചേരി 
ക്ലേലിയ ബാർബിയേറി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറ് ബിയിലും ഒന്ന് ബിയിലും അധ്യാപികമാരായ സി. അലീനയും  ജിനിയും വ്യാഴാഴ്ച ഹാജർ വിളിച്ചപ്പോൾ മറുപടി പറയാൻ സഹോദരങ്ങളായ ജോഷ്വലും കാതറിനും ഉണ്ടായിരുന്നു.  നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ കുറാഞ്ചേരി ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സഹോദരങ്ങളായ ജോഷ്വലും കാതറിനും വ്യാഴാഴ്ച രാവിലെ അച്ഛൻ പാറേക്കാട്ടിൽ സജിയുടെ കൈ പിടിച്ചാണ് അതിജീവനത്തിനുശേഷം വീണ്ടും സ്കൂളിലെത്തിയത്. 
ജോഷ്വൽ ഈ സ്കൂളിലെ വിദ്യാർഥിയാണെങ്കിലും കാതറിന് ഇത് പുതു വിദ്യാലയമാണ്. ദുരന്തം കവർന്ന സഹോദരി എയ്ഞ്ചലിനോടൊപ്പം കാതറിൻ തൃശൂർ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചിരുന്നത്. എയ്ഞ്ചലിന്റെ വേർപാട് കാതറിനെ വിഷമത്തിലാക്കി. ചേച്ചിയില്ലാതെ താൻ ഇനി സ്കൂളിലേയ്ക്ക് ഇല്ലെന്ന് കുഞ്ഞ് കാതറിൻ വാശി പിടിച്ചു. ചേട്ടനോടൊപ്പം ക്ലേലിയയിലെ അധ്യാപകർ ക്ഷണിച്ചു. 
ദുരന്തം എല്ലാം തകർത്തവർക്ക് സ്കൂൾ അധികൃതർ നഷ്ടപ്പെട്ടതെല്ലാം ഒരുക്കിവച്ചിരുന്നു.  ബാഗ്, കുട, യൂണിഫോം, പുസ്തകങ്ങൾ അങ്ങിനെയെല്ലാം. സഹപാഠികൾ സ്നേഹത്തണലൊരുക്കിയാണ് ജോഷ്വലിനേയും കാതറിനേയും വരവേറ്റത്. 
കുട്ടികളുമായി സ്കൂളിലെത്തിയ സജി അധ്യാപകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഓണപ്പരീക്ഷക്ക‌് തയ്യാറെടുത്തുകൊണ്ടിരിക്കയായിരുന്നു എയ്ഞ്ചൽ. ദുരന്തം നടന്ന 16ന് തലേദിവസം ഉറങ്ങാൻ കിടക്കുമ്പോൾ തനിയ്ക്ക് ധാരാളം പഠിയ്ക്കാനുണ്ടെന്നും 16ന് പുലർച്ചെ നാലരക്ക് വിളിയ്ക്കണമെന്നും എയ്ഞ്ചൽ പിതാവിനെ ഓർമപ്പെടുത്തിയിരുന്നു. നേരത്തേ എഴുന്നേറ്റ് പഠിയ്ക്കുന്നതിനിടയിലാണ് ദുരന്തമെത്തിയത്. വാക്കുകൾ മുറിഞ്ഞ സജിയെ ആശ്വസിപ്പിക്കാൻ അധ്യാപകർക്കായില്ല.
പ്രധാന വാർത്തകൾ
Top