20 September Thursday
കുറാഞ്ചേരി ദുരന്തം

6 കുരുന്നുകളുടെ സ‌്മരണയിൽ വിദ്യാലയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

വടക്കാഞ്ചേരി 

ഓണാവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ ബുധനാഴ്ച  വീണ്ടും തുറക്കുന്നതോടെ കുറാഞ്ചേരിയിലെ ഉരുൾപൊട്ടൽ ദുരന്തം വിവിധ വിദ്യാലയങ്ങളിൽ തീരാനൊമ്പരമാകും. ഓണാവധിക്കു മുമ്പുതന്നെ നാടിനെ ഞെട്ടിച്ച് കുറാഞ്ചേരി ഉരുൾപൊട്ടൽ ദുരന്തം നടന്നതെങ്കിലും  കനത്ത മഴയെ തുടർന്ന് അന്നെല്ലാം വിദ്യാലയങ്ങൾക്ക്അവധിയായിരുന്നു  . കുറാഞ്ചേരി മുണ്ടപ്ലാക്കൽ ജെൻസന്റെ മക്കളായ മോസസ് (10), ഫെനോക്ക് (7), യാഫത്ത് (3) ,  കൊല്ലംകുന്നേൽ മത്തായിയുടെ പേരക്കുട്ടികളായ മെറിൻ ( 10), മെൽന (5) , പാറേക്കാട്ടിൽ സജിയുടെ മകൾ എയ്ഞ്ചൽ ( 10) എന്നീ ആറു  കുട്ടികളെയാണ്ദുരന്തം തട്ടിയെടുത്തത് .പഠനത്തിൽ മികവു പുലർത്തിയിരുന്ന എല്ലാവരും അധ്യാപകരുടെ കണ്ണിലുണ്ണികളായിരുന്നു.  തങ്ങളോടൊപ്പം കളി ചിരിയുമായി ഓടി നടന്നവർ ഇന്ന് നൊമ്പര ഓർമയായത് സഹപാഠികൾക്ക് തങ്ങാവുന്നതിലും അപ്പുറമാണ്. തങ്ങളുടെ കൂട്ടുകാരുടെ ചേതനയറ്റ ശരീരങ്ങൾ ഒരു നോക്ക് കാണാൻ ഏതാനും കുട്ടികൾ മിണാലൂർ ഇൻഡോർ സ്‌റ്റേഡിയത്തിലെത്തിയെങ്കിലും ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗത സംവിധാനം താറുമാറായതുമൂലം ഭൂരിഭാഗം പേർക്കും  എത്താനായില്ല. കുട്ടികൾ പഠിച്ചിരുന്ന എല്ലാ സ്കൂളുകളിലും ബുധനാഴ്ച പ്രത്യേക അനുസ്മരണച്ചടങ്ങുകൾ  നടക്കും. മാതാപിതാക്കളോടെപ്പം ദുരന്തത്തിൽ പെട്ട മോസസ് ആര്യംപാടം സർവോദയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും, കന്നുകുഴിയിൽ മോഹനന്റെ മക്കളായഅഖിൽ, അമൽ എന്നിവർ ഇതേ സ്കൂളിലെ പൂർവ വിദ്യാർഥികളുമാണ്. മൂന്ന് പേരേയും  സ്കൂൾ അസംബ്ലിയിൽ വെച്ച് അനുസ്മരിയ്ക്കും.  ജെൻസന്റെ മറ്റൊരു മകൻ ഫെനോക്ക് പഠിച്ചിരുന്നത് പൂമല ലിറ്റിൽഫ്ലവർ യുപിസ്കൂളിലാണ്. 
പാറേക്കാട്ടിൽ സജിയുടെ മകൾ എയ്ഞ്ചൽ തൃശൂർ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയായിരുന്നു. ചേച്ചിയുടെ കൈപിടിച്ചായിരുന്നു ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കാതറിൻ ഇതേ സകൂളിലേക്ക് പഠിയ്ക്കാൻ പോയിരുന്നത്. എയ്ഞ്ചലിന്റെ  വേർപാടോടെ കാതറിനെ ജ്യേഷ്ഠൻ ജോഷ്വാ പഠിയ്ക്കുന്ന വടക്കാഞ്ചേരി ക്ലേലിയ ബാർബിയേറി ഇംഗ്ലീഷ് മീഡിയം സ്കൂളിലേയ്ക്ക്  മാറ്റി ചേർത്തു.  ഇതോടെ കാതറിൻ ജ്യേഷ്ഠന്റെ കൈപിടിച്ച്  പുതിയ വിദ്യാലയത്തിലെത്തും. പാറേക്കാട്ടിൽ  മത്തായിയുടെ പേരക്കുട്ടികളായ മെറിൻ, മെൽന എന്നിവർ പീച്ചി സ്കൂളിലെ വിദ്യാർഥിനികളായിരുന്നു. 
പീച്ചിയിലെ വെള്ളപ്പൊക്കം മൂലം അമ്മ സൗമ്യയോടൊപ്പം അമ്മ വീട്ടിൽ അഭയം തേടി എത്തിയതായിരുന്നു. ഇവർ പഠിച്ചിരുന്ന വിദ്യാലയങ്ങൾ ബുധനാഴ്ച ശോകമൂകമാകുമ്പോൾ അത‌് നാടിന്റെ വേദനയാകും.
 
പ്രധാന വാർത്തകൾ
Top