21 November Wednesday

തമിഴ്നാട് കർഷകരുടെ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

തമിഴ്നാട് കര്‍ഷകസംഘം തൃശൂരില്‍ ദുരിത ബാധിതര്‍ക്കായി കൊണ്ടുവന്ന സാധനങ്ങള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഷണ്‍മുഖത്തില്‍ നിന്നും മുരളി പെരുനെല്ലി എംഎല്‍എ ഏറ്റുവാങ്ങി അസി. കലക്ടര്‍ കെ വി അഞ്ജുവിന് കൈമാറുന്നു

 

തൃശൂർ 
കേരളത്തിലെ പ്രളയദുരിത ബാധിതർക്ക് തമിഴ്നാട് കർഷക ജനതയുടെ സഹായഹസ്തം. അഖിലേന്ത്യാ കിസാൻസഭയുടെ ഭാഗമായ തമിഴ‌്നാട് വിവസായികൾ സംഘം (കർഷകസംഘം) ദുരിതബാധിതർക്കു നൽകാൻ സമാഹരിച്ച സാധനങ്ങൾ സംസ്ഥാനത്ത് എത്തി. തൃശൂരിൽ തിങ്കളാഴ്ച രാവിലെ തമിഴ്നാട് വിവസായികൾ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി  ഷൺമുഖത്തിന്റെ നേതൃത്വത്തിൽ പതിനഞ്ച് ലക്ഷത്തിൽപ്പരം രൂപയുടെ സാധനങ്ങളാണ് ലോറിയിലെത്തിച്ചത്. പ്രളയബാധിതർക്ക് നൽകാനുള്ള കിറ്റുകൾ തയ്യാറാക്കുന്ന തൃശൂർ വി കെ എൻ ഇൻഡോർ സ‌്റ്റേഡിയത്തിൽ ഇറക്കിയ സാധനങ്ങളുടെ ലിസ്റ്റ് സർക്കാരിനു വേണ്ടി മുരളി പെരുനെല്ലി എംഎൽഎ ഏറ്റു വാങ്ങി അസി. കലക്ടർ കെ എസ് അഞ്ജുവിന് കൈമാറി. 
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, വിവസായികൾ സംഘം ചെന്നൈ ജില്ലാ സെക്രട്ടറി എം ചന്ദ്രൻ, കേരള കർഷക സംഘം ഭാരവാഹികളായ എ എസ് കുട്ടി, എം എം  അവറാച്ചൻ, കെ രവീന്ദ്രൻ, സെബി ജോസഫ്, പി വി രവീന്ദ്രൻ, എം എ ഹാരിസ് ബാബു, ടി കെ സുലേഖ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി പി കെ ഡേവിസ് സ്വാഗതം പറഞ്ഞു. 
കേരളത്തിലെ ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതിൽ തമിഴ്ജനതയ‌്ക്ക് അഭിമാനമുണ്ടെന്ന് പി ഷൺമുഖം പറഞ്ഞു. തൃശൂർ കൂടാതെ എറണാകുളത്ത് 18 ലക്ഷം രൂപയുടെയും ഇടുക്കിയിൽ അഞ്ചു ലക്ഷം രൂപയുടെയും സാധനങ്ങളും എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലായി മറ്റു ജില്ലകളിലും എത്തും. കേരളത്തിനായി ഒരു കോടിയിൽപ്പരം രൂപയുടെ സാധനങ്ങളാണ്വിവസായികൾ സംഘം എത്തിക്കുകയെന്നും പി ഷൺമുഖം വ്യക്തമാക്കി. 
തൃശൂരിൽ ലോറിയിൽ  കൊണ്ടു വന്ന സാധനങ്ങളിൽ 9200 കിലോ അരി, 100 കിലോ പരിപ്പ്, 37 ബോക്സ് വസ്ത്രങ്ങൾ, മൂന്ന് ബോക്സ് മരുന്ന്, നാല് ബോക്സ് ഭക്ഷണ സാധനങ്ങൾ, നാല് ബോക്സ്  നാപ്കിൻ, ഒരു  ബോക്സ് വാട്ടർബോട്ടിൽ, ഒരു ബോക്സ് പേസ്റ്റ്, സോപ്പ് എന്നിവ ഉൾപ്പെടുന്നു. സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവരുടെ കിറ്റുകളിൽ ഉൾപ്പെടുത്തും. 
തമിഴ‌്നാട‌് വിവസായികൾ സംഘം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, ജില്ലാ സെക്രട്ടറി എം ചന്ദ്രൻ എന്നിവർ പിന്നീട‌് നെടുപുഴ പോളി, ചാലക്കുടി വി  ആർ പുരം,  മാള കുണ്ടൂർ സ‌്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.
പ്രധാന വാർത്തകൾ
Top