19 November Monday

കണ്ണീരൊപ്പാൻ 'ഓണത്തോണി'

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018

‘ഓണത്തോണി’ പ്രവർത്തകർ ചാലക്കുടിയിൽ നിർമാണ പ്രവർത്തനത്തിൽ

 
ചാലക്കുടി
നഷ്ട ജീവിതം തുന്നിച്ചേർത്ത് 'ഓണത്തോണി 'പ്രവർത്തകർ. കാഞ്ഞങ്ങാട് മേലാങ്കോട്ട് നിന്നും എത്തിയ 34 അംഗ  തൊഴിൽ സേനയാണ് ചാലക്കുടിയിൽ കർമനിരതരായത്.നഗരസഭയിൽ അഞ്ചു ദിവസം ക്യാമ്പ് ചെയ്തുള്ള പുനർനിർമാണ പ്രവൃത്തിക്കാണ് ഇവർ തുടക്കമിട്ടത്. 
വാർഡ് 21ലെ മൂലൻസ് കനാൽ ആനിക്കനാൽ, രചന കനാൽ, കെഎസ്ആർടിസി കനാൽ എന്നിവിടങ്ങളിലാണ് ഇവർ സേവനം തുടങ്ങിയത്. ഭാഗികമായി തകർന്ന വീടുകളിൽ ഇലക്ട്രിക്കൽ, പ്ലംബിങ്ങ‌് പണി ഏറ്റെടുത്ത് നടത്തുന്നു. കിണറുകൾ വറ്റിച്ച് ശുദ്ധീകരിച്ചു. 
നഗരസഭാ ചെയർമാൻമാരുടെ ചേംബർ ചെയർമാൻ കൂടിയായ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ ചാലക്കുടി നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീണുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള ദൗത്യവുമായി വൈറ്റ് ആർമി, പ്രിസം അരയിസംഘം മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ ചാലക്കുടിയിലെത്തിയത്. 
താലൂക്ക് ആശുപത്രി, മറ്റ് പൊതു സ്ഥാപനങ്ങൾ, വീടുകൾ എന്നിവ അറ്റകുറ്റപ്പണി ചെയ്തും, ശുചീകരിച്ചും പ്രവർത്തനക്ഷമമാക്കുക, മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുക, കിണറുകൾ വൃത്തിയാക്കുക, കെട്ടിടങ്ങൾ പെയിന്റ് ചെയ്യുക, ഇലക്ട്രിക് പ്ലംബിങ്ങ‌്ഏറ്റെടുത്ത് നടത്തുക, ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും റിപ്പയർ ചെയ്യുക എന്നീ പ്രവൃത്തികളാണ് പൂർത്തിയാക്കുക.
 പ്രദേശവാസികളുടെ ആവശ്യപ്രകാരം സേവനം വ്യാപിപ്പിക്കാനും ആലോചനയുണ്ടെന്ന് ‘ഓണത്തോണി'യുടെ ക്യാപ്റ്റൻ  കൊടക്കാട്  നാരായണൻ പറഞ്ഞു. വിദഗ്ധരായ തൊഴിലാളികളുടെ സംഘമാണ് ‘ഓണത്തോണി'യിലുള്ളതെന്നറിഞ്ഞ് നിരവധി വീട്ടുകാർ സംഘത്തെ ക്ഷണിക്കാനെത്തി. 
ടീം മാനേജർ സുരാസുവൈറ്റ് ആർമി, അരയി, സാങ്കേതിക വിഭാഗം കൺവീനർ കൂലോത്ത് നാരായണൻ, വൈസ് ക്യാപ്റ്റൻ ജി ജയൻ, അസി.മാനേജർ എച്ച് എൻ പ്രകാശ് എന്നിവർക്ക് നിർദേശവുമായി ചെയർപേഴ്സൺ ജയന്തി പ്രവീൺ, വൈസ് ചെയർമാൻ വിൻസ് പാണാട്ടുപറമ്പിൽ,  സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ യു വി മാർട്ടിൻ, കൗൺസിലർമാരായ ഗീത, ഭാസ്കരൻ എന്നിവർ ഒപ്പമുണ്ട്.  
ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെത്തിയ  മന്ത്രിമാരായ സി രവീന്ദ്രനാഥ്, വി എസ‌് സുനിൽകുമാർ എന്നിവർ ഓണത്തോണിയുടെ മാതൃകയെ അഭിനന്ദിച്ചു.
 
പ്രധാന വാർത്തകൾ
Top