14 November Wednesday

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള 2 ലോഡ‌് സാധനങ്ങൾ കോൺ. നേതാക്കൾ കടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

ദുരിത ബാധിതർക്കുളള ഉൽപ്പന്നങ്ങൾ നടത്തറ കാച്ചേരിയിലെ ഗോഡൗണിൽനിന്ന്‌ പിടിച്ചെടുത്തത്‌ പൊലീസ്‌ പരിശോധിക്കുന്നു

മണ്ണുത്തി
തമിഴ്നാട് ട്രേഡേഴ്സ് പേരവൈ എന്നപേരിലുള്ള വ്യാപാരസംഘടനയുടെ ഭാരവാഹികൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലെ ദുരിത ബാധിതർക്കായി കൊടുത്തുവിട്ട ഉൽപ്പന്നങ്ങൾ കോൺഗ്രസ് മുൻ എംഎൽഎ എം പി വിൻസെന്റ്, മുൻ മേയർ ഐ പി പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കടത്തിക്കൊണ്ടുപോയി. അരിയും പലവ്യഞ്ജനങ്ങളും അടക്കം ആറുലോറികളിലായി തമിഴ്നാട്ടിൽനിന്ന് തൃശൂർ കലക്ടറേറ്റിലേക്ക് അയച്ചതിൽ രണ്ടു ലോഡാണ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിങ് കോ‐ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നടത്തറ കാച്ചേരിയിലെ ഗോഡൗണിലേക്ക് കടത്തിക്കൊണ്ടുപോയത്. 
ഞായറാഴ്ച പകലാണ് ആറ് ലോറികളിലായി സാധനങ്ങൾ തൃശൂരിൽ എത്തിയത്. വിവിധതരം വസ്ത്രങ്ങൾ, അരി, ഓയിൽ, സോപ്പ് തുടങ്ങി വീട്ടിലേക്ക് അത്യാവശ്യമായ സാധനങ്ങളാണ് തമിഴ്നാട്ടിലെ വ്യാപാരികൾ ലോറികളിൽ തൃശൂരിലേക്ക് കൊടുത്തുവിട്ടത്. വൈകിട്ടോടെ തമിഴ് ബോർഡുവച്ച ലോറികളിൽനിന്ന് സാധനങ്ങൾ ഇറക്കാൻ കോൺഗ്രസ് നേതാക്കൾ വ്യഗ്രത കാണിക്കുന്നതുകണ്ട് സംശയംതോന്നി നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തുന്നതിനുമുന്നേ നേതാക്കൾ സ്ഥലംവിട്ടു. 
നടത്തറ പഞ്ചായത്ത് ഭരണസമിതി അംഗം കെ എൻ വിജയകുമാർ, ഒല്ലൂർ മേഖല തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് അനിൽ പൊറ്റെക്കാട്, നടത്തറ പഞ്ചായത്തംഗം ടി ജി പ്രേമചന്ദ്രൻ, നടത്തറ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് തട്ടാംപറമ്പിൽ അർജുനൻ, ഡയറക്ടർ എം എൽ ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു  കാച്ചേരിയിലെ ഗോഡൗണിൽ  സാധനങ്ങൾ ഇറക്കിയത്‌. സംഭവം നാടാകെ പ്രതിഷേധത്തിനിടയാക്കി. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങൾ തട്ടിയെടുത്ത വിവരം അറിഞ്ഞതോടെ നൂറുകണക്കിന് ജനം പ്രദേശത്ത് തടിച്ചുകൂടി. ഇതോടെയാണ് നേതാക്കൾ മുങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് രണ്ടുലോറികളും പിടിച്ചെടുത്തു. 267 ചാക്ക് കരി, 50 കുപ്പി ഓയിൽ, മരുന്നുകൾ, പാത്രങ്ങൾ, കെയ്സ് കണക്കിന് കുപ്പിവെള്ളം, ബിസ്കറ്റ് എന്നിവ എണ്ണിത്തിട്ടപ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. 
ഒല്ലൂർ സിഐ ബെന്നി ജേക്കബ്, എസ്ഐ എസ് സിനോജ്,സപ്ലൈ ഓഫീസർ ജയചന്ദ്രൻ, അസി. സപ്ലൈ ഓഫീസർ കെ എസ് സതീഷ്കുമാർ, സിപിഒമാരായ പി എം ജിനേഷ്, ശരത്ത് ഗോപി, എൻ ആർ പ്രതീഷ് എന്നിവരടങ്ങുന്ന സംഘം ഗോഡൗണിൽ പരിശോധന നടത്തിയാണ് സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച സാധനങ്ങൾ കലക്ടറേറ്റിലേക്ക് മാറ്റും.
പ്രധാന വാർത്തകൾ
Top