24 September Monday

അറ്റകുറ്റപ്പണി നടക്കുന്ന റോഡ‌് നന്നാക്കണമെന്ന‌ അവശ്യവുമായി കോൺഗ്രസുകാർ ഗതാഗതം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

 

മണലൂർ 
അറ്റകുറ്റപ്പണി രാവും പകലും തുടർന്നു കൊണ്ടേയിരിക്കുന്ന തൃശൂർ കാഞ്ഞാണി‐ വാടാനപ്പള്ളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട‌് കോൺഗ്രസ് മണലൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞാണിയിൽ നടത്തിയ വഴിതടയൽ സമരം പ്രഹസനമായി.  സമര കുരുക്കിൽ ഒരു മണിക്കൂറോളം ബസിനുള്ളിലകപ്പെട്ട വയോധികയായ യാത്രക്കാരി ക്ഷുഭിതയായി സമരക്കാർക്ക് നേരെ പൊട്ടിത്തെറിച്ചു. യാത്രക്കാരിയും സമരക്കാരും തമ്മിൽ  രൂക്ഷമായ തർക്കം നടന്നു. 
ഇതിനിടയിൽ സമരക്കാരെ അറസ‌്റ്റുചെയ്യാതെ മാറിനിന്ന അന്തിക്കാട് പൊലീസ് സ‌്റ്റേഷൻ എസ്എച്ച്ഒ പി കെ മനോജ് കുമാറുമായി സമരത്തിന്റെ ഉദ്ഘാടകനായി എത്തിയ ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപൻ കൊമ്പുകോർത്തു. അറസ്റ്റ് ചെയ്യണമെന്ന സമരക്കാരുടെ ആവശ്യം പൊലീസ് നിരാകരിച്ചതോടെ വഴി തടയൽ മതിയാക്കി സമരക്കാർ പിരിഞ്ഞുപോവുകയായിരുന്നു. 
ഉദ്ഘാടനം കഴിയുന്നതോടെ പൊലീസ് അറസ്റ്റ്ചെയ്ത് നീക്കുമെന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ധാരണ നടക്കാതെ വന്നതോടെയാണ് ടി എൻ പ്രതാപൻ പൊലീസിന് നേരെ തിരിഞ്ഞത്. ഗതാഗതം തടസ്സപ്പെടുത്തിയ കണ്ടാലറിയാവുന്ന നാൽപ്പതോളം പേർക്കെതിരെ കേസെടുത്തു. 
കാഞ്ഞാണി സെന്ററിൽ നടന്ന വഴിതടയൽ സമരം ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ‌് വി ജി അശോകൻ അധ്യക്ഷനായി. 
പ്രധാന വാർത്തകൾ
Top