13 November Tuesday
അടാട്ട‌് ബാങ്ക‌് അഴിമതി

7.63 കോടി പിഴയടക്കണം

സ്വന്തം ലേഖകൻUpdated: Thursday Jul 26, 2018
 
തൃശൂർ
സഹകരണ നിയമവും  ചട്ടവും സംഘം നിയമാവലിയും  ലംഘിച്ച്  സ്വകാര്യ കമ്പനിക്ക് വായ്പ  നൽകി ബാങ്കിന് വൻ നഷ്ടമുണ്ടാക്കിയതിന് അടാട്ട് ബാങ്ക് മുൻ ഭരണസമിതി അംഗങ്ങൾ 7.63 കോടി രൂപ പിഴയടക്കണമെന്ന് സഹകരണ ജോയിന്റ‌് രജിസ്ട്രാർ ഉത്തരവിട്ടു.  മുൻ ഭരണസമിതി അംഗങ്ങളും പിരിച്ചുവിട്ട മാനേജിങ‌് ഡയറക്ടർ ഇൻചാർജ് ടി ഉണ്ണികൃഷ്ണനും 51.18 ലക്ഷം വീതവും പിരിച്ചുവിട്ട ജീവനക്കാരൻ വിജയകുമാർ 46.70 ലക്ഷവും പിഴയടക്കാനാണ് ജോയിന്റ‌് റജിസ്ട്രാർ ഉത്തരവിട്ടത്.
മുൻഭരണസമിതി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്  സ്വകാര്യ കമ്പനിയായ  തൃശൂർ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയിൽ ഒരു ലക്ഷം രൂപയുടെ ഓഹരിയെടുത്തു. തുടർന്ന്  തിരിച്ചടവ് സംബന്ധിച്ച ഒരു ഉറപ്പും ഇല്ലാതെ സംഘം നിയമാവലി  ലംഘിച്ചും 15 കോടി രൂപ സ്പെഷ്യൽ ഓവർഡ്രാഫ്ട് വഴി ഈ കമ്പനിക്ക് നൽകി. ഇതിലൂടെ  ബാങ്കിന് കനത്ത സാമ്പത്തിക നഷ്ടമാണ് പിരിച്ചുവിട്ട ഭരണസമിതി വരുത്തിയത്. 
ഭരണസമിതി അംഗങ്ങളായിരുന്ന എം വി രാജേന്ദ്രൻ, സി സി ഹനീഷ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ‌് ടി ആർ ജയചന്ദ്രൻ, പി എൻ രുദ്രൻ നമ്പൂതിരി എന്നിവർ 15 കോടി വായ്പ കൊടുത്ത തൃശൂർ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നു. ഇവരും മറ്റ്  ഭരണസമിതി അംഗങ്ങളും സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നതിനായി ബാങ്കിന്റെ പൊതുഫണ്ട് ഉപയോഗിച്ചുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു.
നിയമവിരുദ്ധ നടപടിയിലൂടെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ ദുർബലപ്പെടുത്തും വിധം നടത്തിയ ഈ വായ്പ  നടപടി തെറ്റാണെന്ന് മനസ്സിലാക്കി  അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഏഴ് ദിവസത്തിനുള്ളിൽ തുക തിരിച്ചടയ‌്ക്കണമെന്ന് സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ സ്വകാര്യകമ്പനി ഹൈക്കോടതിയെ സമീപിച്ചു. വായ്പ ആറ് തുല്യ ഗഡുക്കളായി അവസാനിപ്പിക്കണമെന്ന വിധി പാലിക്കാൻ സ്വകാര്യ കമ്പനി തയ്യാറായില്ല. വായ്പയുടെ കാലാവധി 2018 ഫെബ്രുവരി മൂന്നിന് അവസാനിച്ചു.
അനധികൃതമായി പിരിച്ചുവിട്ട ഭരണസമിതി നടത്തിയ കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് അടാട്ട് പഞ്ചായത്ത്  സ്റ്റോപ്പ്മെമ്മോ നൽകിയതിനാൽ തുടർ നിർമാണ പ്രവർത്തനം നടത്താനായില്ല. ഇതിനാൽ ബാങ്കിന്റെ ഹെഡോഫീസ്, സൂപ്പർമാർക്കറ്റ്, പുറനാട്ടുകര ബ്രാഞ്ച് എന്നിവയുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടു. സഹകരണസംഘം റജിസ്ട്രാറിന്റെ  നിർദേശം പാലിക്കാതെയും പഞ്ചായയത്തിന്റെ അനുമതി വാങ്ങാതെയുമാണ‌് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.  
സ്വകാര്യ കമ്പനിയിൽ ഡയറക്ടർമാരെ കൂടാതെ സ‌്റ്റെല്ല റാഫേൽ, പി ടി ജോസ്,  ഓമന വേണുഗോപാൽ, വി ഒ ചുമ്മാർ, ടി ജയലക്ഷ്മി, പി എ അശോകൻ, എ സി റപ്പായി,  എ വി ജോൺസൺ, പി കെ നാണു എന്നിവരും ചേർന്നാണ് പിഴ അടക്കേണ്ടതെന്നും സഹകരണ ജോയിന്റ‌് റജിസ്ട്രാർ ടി കെ സതീഷ്കുമാറിന്റെ ഉത്തരവിൽ പറയുന്നു.
പ്രധാന വാർത്തകൾ
Top