21 November Wednesday

പ്രളയം: ചാലക്കുടിയിൽ 2 മാസംമുമ്പേ മുന്നറിയിപ്പ‌് നൽകി

സ്വന്തം ലേഖകൻUpdated: Friday Aug 24, 2018

 

തൃശൂർ
ചാലക്കുടിയിൽ ജാഗ്രതാ മുന്നറിയിപ്പുകൾ പ്രളയത്തിന് രണ്ടു മാസംമുമ്പു തന്നെ നൽകി. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രളയക്കെടുതി അനുഭവിച്ച ചാലക്കുടി പുഴയോര നിവാസികളോട് ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ജൂൺ ഒമ്പതിന് കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ പത്തിനാണ് ഡാം തുറന്നത്. പിന്നീട് പല ഘട്ടങ്ങളിലും അറിയിപ്പ‌് നൽകി. അപകടസാധ്യത കണക്കിലെടുത്ത് പുഴയോരത്തുള്ള ആയിരക്കണക്കിനാളുകളെ കെഎസ്ആർടിസി ബസുകളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.  എന്നാൽ ഡാം പ്രദേശത്തെ  കനത്ത മഴക്കൊപ്പം തമിഴ്നാട് മേഖലയിൽ നിന്നെത്തിയ വെള്ളവും വഴി പുഴ വഴിമാറി അപ്രതീക്ഷിതമേഖലയിൽ എത്തിയതോടെയാണ് ജനങ്ങൾ കുടുങ്ങിയത്.  
ജില്ലയിൽ ആദ്യം തുറക്കുന്ന ഡാമാണ് പെരിങ്ങൽക്കുത്ത്. ജൂൺ പത്തിന് 10 അടി തുറന്ന ഡാം മഴ കുറഞ്ഞതോടെ 23ന് അടച്ചു. പിന്നീട് ജൂലൈ ഒമ്പതിന് നാലടി തുറന്നു.  പത്തിന് 16 അടി തുറന്നു. 24ന് 14 അടിയാക്കി. ആഗസ‌്ത‌് ഒന്നിന് 76 അടിയാക്കി. ആഗസ‌്ത‌് ഒമ്പതിന് 53 അടിയാക്കി. 12ന് വീണ്ടും 76 അടിയാക്കി. 14 ന് 86 അടിയാക്കി. 15 ന് എല്ലാ ഷട്ടറുകളും പൂർണമായും തുറന്ന് 102 അടിയാക്കി.  ഇതിനിടെ പുഴയിൽ കുടുങ്ങിയ കാട്ടാനയെ ഷട്ടർ അടച്ച് രക്ഷിച്ചതും വാർത്തയായിരുന്നു. 
ഓരോ സമയങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പുകൾ പലതുണ്ടായിട്ടും മാറാൻ വിസമ്മതിച്ചവരാണ് കുടുങ്ങിയവരിൽ ഏറെയും. ഇവരേയും ഒടുവിൽ ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷിച്ചു.    
കേരള ഷോളയാർ ആഗസ‌്ത‌് 11നാണ് ഒരടി തുറന്നത്. 14ന് നാലര അടിയും 15ന് അഞ്ചരയടിയും തുറന്നു.  അന്ന് രാത്രി  62 അടിയാക്കേണ്ടി വന്നു. 
തമിഴ്നാട്ടിലെ അപ്പർ ഷോളയാർ, തമിഴ്നാട് നിയന്ത്രണത്തിലുള്ള കേരളത്തിലെ പറമ്പിക്കുളം എന്നീ ഡാമുകളിൽ വെള്ളം ഉയർന്നതോടെ പെരിങ്ങൽക്കുത്തിലേക്ക് ക്രമാതീതമായി പ്രവഹിച്ചു. ഇതോടൊപ്പം പദ്ധതി പ്രദേശത്ത് കനത്ത മഴ  പെയ്തതോടെ പെരിങ്ങൽക്കുത്ത് കവിഞ്ഞ് ചാലക്കുടി പുഴയിലേക്ക് വെള്ളപ്രവാഹമായി.     
പെരിങ്ങൽക്കുത്ത്, കേരള ഷോളയാർ ഡാമുകൾ കെഎസ്ഇബിയുടെ നിയന്ത്രണത്തിലാണ്. പറമ്പിക്കുളത്തുനിന്നും സെക്കൻഡിൽ19000 ക്യുബിക്ക് ഫീറ്റ് വെള്ളംതുറന്നുവിടുമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നത്. 424 മീറ്ററാണ് പെരിങ്ങൽക്കൂത്ത് ഡാമിന്റെ പരമാവധി ശേഷി. 428 മീറ്ററിൽ വെള്ളമെത്തി. ഡാം കവിഞ്ഞ്  നാലുമീറ്റർ ഉയരം. പ്രതീക്ഷിച്ചതിലും ഇരട്ടി വെള്ളം എത്തിയെന്നാണ് കെഎസ്ഇബി അധികൃതരുടെ നിഗമനം. 
നിലവിൽ പെരിങ്ങൽക്കുത്തിന്റെ രണ്ട് സ്ലൂയിസ് വാൽവുകൾ അടച്ചു. 66 അടി വെള്ളം ഇപ്പോഴും വിടുന്നുണ്ട്.  ഷോളയാർ പൂർണമായും ഷട്ടർ അടച്ചു. പെരിങ്ങൽക്കുത്ത് ഡാമിൽ അടിഞ്ഞ മരങ്ങൾ മാറ്റുന്ന പണി പുരോഗമിക്കുകയാണ്. ഇവിടെ സൈന്യം എത്തിയെങ്കിലും മരങ്ങൾ നീക്കാനായില്ല. 
ഒഴുക്കിൽ പണിയെടുക്കാൻ വിദഗ്ധരായ കോഴിക്കോട് ഖലാസികൾ കഴിഞ്ഞദിവസം എത്തിയിരുന്നു.  അടുത്തദിവസം കൂടുതൽ ഖലാസികളെത്തും. ജില്ലയിലെ പ്രധാന ഡാമുകളായ പീച്ചി, ചിമ്മിനി, വാഴാനി  തുടങ്ങി എല്ലാഡാമുകളും കൃത്യമായ മുന്നറിയിപ്പോടെയാണ് തുറന്നത്.
പ്രധാന വാർത്തകൾ
Top