18 September Tuesday
കുറാഞ്ചേരി ദുരന്തം

അർധരാത്രിയിലെ പോസ്റ്റ്മോർട്ട പരമ്പര അത്യപൂർവം

ടി എൻ കേശവൻUpdated: Friday Aug 24, 2018

മുണ്ടത്തിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിയ്ക്കുന്ന പൊലീസ് ഓഫീസർമാർ (ഫയൽചിത്രം)

 
വടക്കാഞ്ചേരി
കുറാഞ്ചേരി ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുള്ള അതിജീവനത്തിന്റെ മണിക്കൂറുകളിൽ വടക്കാഞ്ചേരി പൊലീസ് നടത്തിയ മഹനീയ സേവനങ്ങൾക്ക് പരക്കെ പ്രശംസ. രാവും പകലും ദുരന്തമുഖത്ത് എല്ലാം മറന്ന് നിലയുറപ്പിച്ച പൊലീസ് രക്ഷാപ്രവർത്തകർക്ക് പകർന്നുനൽകിയത് വലിയ ആത്മവിശ്വാസമാണ്. മരിച്ച 19 പേരിൽ ആദ്യ ദിനം ലഭിച്ച  12 മൃതദേഹങ്ങൾ അർധരാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയും പൊലീസ് പുതിയൊരു ചരിത്രം രചിച്ചു. 
16ന് വൈകിട്ട് ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായത് 17ന് പുലർച്ചെയാണ്. ഒരു മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ പൊലീസിന് ഒന്നര മണിക്കൂർ സമയമെങ്കിലും വേണം. മതിയായ വെളിച്ചത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് ചട്ടം. അതുകൊണ്ട‌് നടപടിക്രമങ്ങൾ പൂർത്തീകരിയ്ക്കുക പകൽ വെളിച്ചത്തിലുമാണ്. എന്നാൽ കുറാഞ്ചേരിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊലീസ് ഉണർന്നുപ്രവർത്തിക്കുകയായിരുന്നു. ഇതുമൂലം 17ന് രാവിലെ തന്നെ എല്ലാ പോസ്റ്റ്മോർട്ടങ്ങളും പൂർത്തിയാക്കാൻ മെഡിയ്ക്കൽ കോളേജ് അധികൃതർക്കായി. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിയ്ക്കുന്നതിന് മെഡിക്കൽ കോളേജ് അധികൃതർ അനുവാദം നൽകാറില്ല. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിൽ ഈ നിയമത്തിലും അയവ് വന്നു.
കുറാഞ്ചേരിയിലും മുള്ളൂർക്കര കാഞ്ഞിരശേരിയിലും നടന്ന ഉരുൾപൊട്ടലിൽ 20 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കുന്നംകുളം എസിപി   ടി എസ് സിനോജിന്റെ നേതൃത്വത്തിലാണ് രാത്രി മുഴുവൻ നീണ്ട ഇൻക്വസ്റ്റ് നടന്നത്. 
വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി എസ് സുരേഷ്, എസ‌്ഐ കെ സി രതീഷ്, ടി കെ ശശീന്ദ്രൻ, അസി. സബ്ബ് ഇൻസ്പെക്ടർമാരായ പി എൽ ജോർജ്‌, ഗിരീഷ് കുമാർ, പി പി ബാബു, പി ആർ രാജേന്ദ്രൻ, കെ എസ് സന്തോഷ്, എം ആർ ജയകുമാർ, സീനിയർ സിപിഒമാരായ കെ ആർ രമേഷ്, സി ഡി സന്തോഷ്, പി എൻ ജയൻ, വനിതാ സിപിഒ പി എൻ ഇന്ദു, എരുമപ്പെട്ടി എസ‌്ഐ വി ജെ ജോൺ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top