23 September Sunday
വായനപാർലമെന്റ്

ജീവിതത്തെ നേരിടാൻ പഠിപ്പിക്കുന്നത്‌ സർഗാത്മകത: വൈശാഖൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

വായന പാർലമെന്റ്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കേരളീയ മനസ്സ് സർഗാത്മകമാകണമെങ്കിൽ പാഠ്യപദ്ധതിയിൽ സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ‌് വൈശാഖൻ പറഞ്ഞു. 
കേരള സാഹിത്യ അക്കാദമിയും  ജില്ലാ ലൈബ്രറി കൗൺസിലും വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വായന പാർലമെന്റ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ജീർണിച്ച ആശയങ്ങളെ പുറംതള്ളാൻ ശക്തി നൽകുന്നതാണ് സർഗാത്മകത. അതിരുകളില്ലാത്ത സർഗാത്മകതയാണ് കേരള സമൂഹത്തിൽ യുക്തിചിന്തയുടെയും സ്വതന്ത്രാന്വേഷണങ്ങളുടെയും പ്രകാശം വിതച്ചത്. എന്നാൽ, സമീപകാലത്ത് സമൂഹം യാഥാസ്ഥിതികതയിലേക്ക് മടങ്ങിപ്പോകുകയാണ്. മനുഷ്യജീവിതത്തിൽ അന്ധവിശ്വാസം ആധിപത്യം ചെലുത്തുന്നു. 
ജീവിതത്തെ നേരിടാൻ പഠിപ്പിക്കുന്നതാണ് സർഗാത്മകത. അത് പ്രശ്നങ്ങളെ അതിജീവിക്കാൻ കരുത്ത് പകരും. 
എന്നാൽ ക്രിയാത്മകമല്ലാത്ത മനസ്സ് മലയാളികളിൽ വർധിച്ചുവരുന്നു. മാനസികമലിനീകരണം നടത്തുകയാണ് മിക്കവാറും ദൃശ്യമാധ്യമങ്ങൾ. ഇതിനെ പ്രതിരോധിക്കാൻ പുതുതലമുറ വായന പ്രോത്സാഹിപ്പിക്കണമെന്നും വൈശാഖൻ പറഞ്ഞു
മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി.  
അക്കാദമി സെക്രട്ടറി കെ പി മോഹനൻ, ടി ഡി രാമകൃഷ്ണൻ,  അശോകൻ ചരുവിൽ, ഡോ.എസ് കെ വസന്തൻ, ലളിത ലെനിൻ  എന്നിവർ സംസാരിച്ചു. 
 
ഡോ. കാവുമ്പായി ബാലകൃഷ്ണൻ സ്പീക്കറായി. സദസ്യരുടെ ചോദ്യങ്ങൾക്ക് എഴുത്തുകാർ മറുപടി നൽകി. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി സ്വാഗതവും ആരിഫാബി നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top