21 September Friday

അമ്മാടം സ്വർണക്കവർച്ച: ഒന്നാംപ്രതി അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
ചേർപ്പ‌്
അമ്മാടത്ത് സ്വർണാഭരണ ശാലയിൽ  1.169 കിലോ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
ബംഗാൾ ഹുഗ്ലി സ്വദേശി അമീർ(29) ആണ് പിടിയിലായത്.ഇയാളിൽ നിന്ന് 400 ഗ്രാം സ്വർണം കണ്ടെടുത്തു. 
ബംഗാളിലെ ഡാങ്കുനിയിലെ മൈതാനത്ത്  നിന്നാണ് ഇയാളെ കണ്ടെത്തിയത്.ചേർപ്പ് എസ്ഐ ഐ സി ചിത്തരഞ്ജൻ,പ്രത്യേക സംഘത്തിലെ എസ്ഐ മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മെയ് 12ന്‌ അമ്മാടം  കണ്ണേത്ത്‌  സാബു (42)വിന്റെ സ്വർണമാണ് കവർന്നത്. 
ആഭരണങ്ങൾ നിറംകൊടുക്കുന്ന ജോലിക്കായി തൊട്ടടുത്ത വെങ്ങിണിശേരിയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന വ്യാജേനയാണ് സ്കൂട്ടറിൽ ആഭരണങ്ങളുമായി മുങ്ങിയത്.
പാലക്കൽ ഭാഗത്ത് സ്കൂട്ടർ ഉപേക്ഷിച്ച ശേഷം ഇവർ ബസിലായിരുന്നു ബംഗാളിലെത്തിയത്. നാട്ടിൽ 400 ഗ്രാം വിറ്റ് ചെലവിനുള്ള പണം കണ്ടെത്തി കോയമ്പത്തൂർ  ഹൈദരാബാദ് കൂടി ബംഗാളിലും എത്തി.അവിടെ നിന്ന് സിക്കിമിലേക്ക് കടന്നു.അവിടെവച്ച് സ്വർണം പങ്കിട്ടെടുത്തു. 
പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലായിരുന്നു  ചെലവഴിച്ചത്.തിരിച്ച് ബംഗാളിൽ എത്തിയപ്പോഴാണ് പൊലീസ്  പിടികൂടിയത്.
പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 
എഎസ്ഐ പ്രദീപ്, ഭരതനുണ്ണി, ജയകൃഷ്ണൻ,ജോബ്,സൂരജ്, ലിജു എന്നിവരും അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
Top