19 September Wednesday
സിപിഐ എം പ്രവർത്തകരും രംഗത്ത്

ജില്ലയിലെമ്പാടും ശുചീകരണ യജ്ഞം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
 
തൃശൂർ 
പ്രളയക്കെടുതിയിൽ താമസയോഗ്യമല്ലാതായ വീടുകളും സ്ഥാപനങ്ങളും പൊതുനിരത്തുകളും ശുചീകരിക്കാൻ സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ വ്യാപകമായ പ്രവർത്തനം തുടങ്ങി. സിപിഐ  എം, ഡിവൈഎഫ്‌ഐ പ്രവർത്തകരും നാടെമ്പാടും ശുചീകരണ യജ്ഞത്തിൽ പങ്കാളികളാണ്.  ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ പ്രവർത്തകരും ആത്മാർഥമായി രംഗത്തിറങ്ങിണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അഭ്യർഥിച്ചിട്ടുണ്ട്. ഡിവൈഎഫ‌്ഐ പ്രവർത്തകർ നേരത്തേത്തന്നെ രംഗത്തുണ്ട്. സർക്കാർ സംവിധാനം കൂടുതൽ ശക്തിപ്പെട്ടതിനെത്തുടർന്ന് ജില്ലയിലെമ്പാടും ആയിരക്കണക്കിന് വീടുകൾ ചൊവ്വാഴ്ച വൃത്തിയാക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിയവർക്ക് കൈത്താങ്ങായി നാടൊന്നാകെ രംഗത്തിറങ്ങി. 
ജില്ലയിലെ 86 പഞ്ചായത്തുകളിലെ വെള്ളക്കെട്ടില്ലാത്ത ഭൂരിഭാഗം വാർഡകുളിലും ചൊവ്വാഴ്ച ശുചീകരണ പ്രവർത്തനം തുടങ്ങിയതായി സർക്കാർ രൂപീകരിച്ച ജില്ലാതല കോ﹣ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി ജെ ജയിംസ് പറഞ്ഞു. ഏഴുനഗരസഭകളിലും തൃശൂർ കോർപറേഷൻ പരിധിയിലും ശുചീകരണം നേരത്തേ തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശുചീകരണയജ്ഞത്തിൽ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരും വളണ്ടിയർമാരും പങ്കെടുക്കുന്നു. ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും ശുചീകരണത്തിൽ പങ്കളികളായി. 
ശുചീകരണത്തിനായി പഞ്ചായത്ത‌്അംഗങ്ങളുടെ മേൽനോട്ടത്തിൽ ശുചിത്വസേനകൾ രൂപീകരിച്ചു. വളണ്ടിയർമാരും ആരോഗ്യപ്രവർത്തകരും ഇതിലുണ്ടാകും. ഓരോ പഞ്ചായത്തിലും പ്രസിഡന്റ് അധ്യക്ഷനായ മേൽനോട്ട സമിതികളും രൂപീകരിച്ചിട്ടുണ്ട്.   വീടുകൾ, സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയവ വൃത്തിയാക്കുന്നതു കൂടാതെ കിണറുകൾ മാലിന്യമുക്തമാക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ‌്. സർക്കാർ മാർഗനിർദേശമനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്നത് നിർബന്ധമാക്കി. വീടുകൾക്കുള്ളിലും അണുവിമുക്തമാക്കാൻ ക്ലോറിൻ ലായനികൾ തളിക്കുന്നു. വൈദ്യുതി ബന്ധം നേരെയാക്കാനും പ്ലം ബിങ് പണികൾ നടത്താനും വൈദഗ‌്ധ്യം നേടിയവരും ശുചിത്വസേനയിലുണ്ട്. ശുചീകരണ പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നൽകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. 
ശുചീകരണ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഉദാരമതികളുടെ സഹായം കലക്ടർ ടി വി അനുപമ അഭ്യർഥിച്ചു. ക്ലിനിങ് സാമഗ്രികൾ, ബ്രഷുകൾ, ഫിനോയിൽ തുടങ്ങിയവ സംഭാവന ചെയ്യാൻ താൽപ്പര്യമുള്ളവർ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കണം. ഇലക്ട്രീഷ്യൻ, പ്ലംബിങ് തുടങ്ങിയ ജോലിക്കായി കൂടുതൽ പേർ സേവനരംഗത്തു വരേണ്ടതുണ്ട്. സർക്കാരിന്റെ കൂടുതൽ സഹായവുമുണ്ടാകും. ചാലക്കുടി ഭാഗം സൈന്യത്തെ  ഉപയോഗിച്ച‌് ചൊവ്വാഴ്ച ശുചീകരിച്ചു. ബുധനാഴ്ച 200 സിആർപിഎഫുകാർ മാള മേഖലയിൽ ശുചീകരണത്തിന് എത്തുമെന്നും കലക്ടർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top