20 September Thursday

ബിശ്വാസിനൊപ്പം ചേർന്ന‌് സർക്കാരും അരലക്ഷം യുവാക്കളും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
പാലക്കാട‌്
പ്രളയദുരന്തം ഏകോപിപ്പിക്കുന്നതിന‌് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഐടിമിഷന്റെ വെബ‌്സൈറ്റായ കേരളറെസ്ക്യുഡോട്ഇന്‍ രൂപകൽപ്പന ചെയ‌്ത യുവാവിന‌് അഭിനന്ദന പ്രവാഹം.കണ്ണാടി നിരഞ‌്ജനയിൽ ഡെപ്യൂട്ടി  റേഞ്ച‌് ഫോറസ‌്റ്റ‌് ഓഫീസർ ടി ജി ബാബുരാജിന്റെയും തിരുവാലത്തൂർ വിഎച്ച‌്എസ‌്എസ‌് അധ്യാപിക സുനിതയുടേയും മകൻ ബിശ്വാസാണ‌് ഇന്ന‌് കേരളത്തിൽ താരമായിരിക്കുന്നത‌്. ശ്രീകൃഷ‌്ണപുരം ഗവ. എൻജിനിയറിങ്‌ കോളേജിലെ അവസാന വർഷ ബി﹣ടെക‌് കംപ്യൂട്ടർ സയൻസ‌് വിദ്യാർഥിയാണ‌്. പ്രളയദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന‌് കൂട്ടുകാർ ചേർന്ന‌് തുടങ്ങിയ വെബ‌്സൈറ്റിലേക്ക‌് വളണ്ടിയർ സേവനത്തിന‌് നിരവധി പേരാണ‌് സന്നദ്ധരായി രംഗത്തുവന്നത‌്. ഇപ്പോൾ 50,000 പേർ ഇതിൽ അംഗങ്ങളാണ‌്. ഈ സമയത്താണ‌് സംസ്ഥാന സർക്കാർ പ്രളയദുരന്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന‌് വെസബ‌്സൈറ്റ‌് തുടങ്ങാൻ ഐടി മിഷനെ ചുമതലപ്പെടുത്തുന്നത‌്. കേരളത്തിലെ മിക്ക എൻജിനിയർമാരും അംഗങ്ങളായ ‘സ‌്ളാക്’ അന്തർദേശീയ വാട‌്സ‌് ആപ‌് ഗ്രൂപ്പിൽ അംഗമായ ഐടി മിഷനിലെ ഉദ്യോഗസ്ഥൻ മുരളീധരൻ ബിശ്വാസിന്റെ സൈറ്റ‌് തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട‌് ഇത‌് ഔദ്യോഗിക സൈറ്റായി മാറുകയായിരുന്നു. പ്രളയവുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും മറുപടികളും വിവരങ്ങളും കൈമാറുന്ന സൈറ്റായി കേരള റെസ‌്ക്യു ഡോട്ട‌് ഇൻ മാറി. 
മഴക്കെടുതി തുടങ്ങിയതോടെ ദുരിതമനുഭവിക്കുന്നവർക്ക‌് എന്തെങ്കിലും ചെയ്യണമെന്ന‌ ആഗ്രഹത്തിൽനിന്നാണ‌് സഹായിക്കാൻ താൽപ്പര്യമുള്ളവരുടെ കൂട്ടായ‌്മയായി വെബ‌്സൈറ്റ‌് ആരംഭിച്ചത‌്. 
സൈറ്റ‌് രൂപകൽപ്പന ചെയ്യാൻ ‘സ‌്ളാക‌്’ എന്ന വാട‌്സ‌് ആപ‌് ഗ്രൂപ്പിന്റെ സിഇഒയ‌്ക്ക‌് അപേക്ഷ നൽകി. ഇപ്പോൾ സർക്കാരിന്റെ ഔദ്യോഗിക വെബ‌്സൈറ്റായി ഇത‌് മാറിയതിൽ ഏറെ അഭിമാനമുണ്ടെന്നും ബിശ്വാസ‌് പറഞ്ഞു. വിഘ‌്നേഷ‌്, ഷമിൽ, ശ്യാം എന്നിവരുൾപ്പെടെയുള്ളവരുടെ ശ്രമവും സൈറ്റ‌് ഉണ്ടാക്കാൻ സഹായകമായതായും ബിശ്വാസ‌് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top