23 September Sunday

വടക്കേ കോഞ്ചിറയിൽ 100 ഏക്കർ നെൽകൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018
വെങ്കിടങ്ങ്
ഏനാമാവ് വടക്കേ കോഞ്ചിറ കോൾപ്പടവിൽ വിളവെടുപ്പിന് പാകമായ 100 ഏക്കറോളം നെൽകൃഷി വെള്ളത്തിൽ മുങ്ങി നശിച്ചു. 75 ലക്ഷം രൂപയുടെ നഷ്ടം. കേരള സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിപ്പൂ കൃഷി ചെയ്ത എൺപതോളം  കർഷകരാണ് കൃഷി നാശം മൂലം ദുരിതത്തിലായത്. 310 ഏക്കർ വിസ്തൃതിയുളള കോൾ പടവിൽ മൂപ്പു കുറഞ്ഞ         മട്ടത്രിവേണി വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. 200 ഏക്കർ സ്ഥലത്തെ നെൽകൃഷി യന്ത്ര സഹായത്തോടെ  വിളവെടുത്ത് സിവിൽ സപ്ലൈയ്സ് കോർപറേഷന് നൽകുകയുണ്ടായി. ഇരിപ്പു കൃഷിയുടെ നെൽക്കതിരുകൾ മൂപ്പെത്താൻ വൈകിയതോടെ പടവിൽ വിളവെടുപ്പും  ആരംഭിക്കാൻ വൈകി.  100 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകേണ്ട നെൽ കതിരുകൾ 130ദിവസം കഴിഞ്ഞാണ് മൂപ്പെത്തിയത്.  ശക്തമായ മഴയിൽ ബാക്കിയുള്ള 100 ഏക്കർ സ്ഥലത്തെ നെൽകൃഷി വെള്ളത്തിൽ മുങ്ങിനശിച്ചു. കാലവർഷം ശക്തമായതോടെ കോൾപ്പടവിലെ പുറം ചാലുകൾ വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. ഇതുമൂലം  പാടശേഖരത്തിൽ നിന്ന് വെള്ളം പുറത്തേക്ക് പമ്പു ചെയാൻ കഴിയുന്നില്ല. പടവ് കമ്മിറ്റി കഴിഞ്ഞ ഒരാഴ്ച വെള്ളം നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വായ്പയെടുത്ത് കൃഷിയിറക്കിയ  കർഷകർ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കൃഷി നാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസും അടിയന്തര ധനസഹായവും അനുവദിക്കണമെന്ന് പടവ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഹെക്ടറിന് 35,000 രൂപ അപര്യാപ്തമാണെന്നും കർഷകർ പറഞ്ഞു
പ്രധാന വാർത്തകൾ
Top