19 September Wednesday

ബസ്, ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 

തൃശൂർ 
പ്രളയത്തെത്തുടർന്ന് താറുമാറായ ജില്ലയിലെ ഗതാഗത സംവിധാനം ഏറെക്കുറെ പുനഃസ്ഥാപിച്ചു.  ട്രെയിൻ ഗതാഗതം ഗുരുവായൂർക്കൊഴികെ തൃശൂരിൽനിന്നും തെക്കോട്ടും തിങ്കളാഴ്ച രാവിലെ പത്തോടെ പുനരാരംഭിച്ചു. പ്രളയവും മലയിടിച്ചിലുംമൂലം പാളങ്ങൾ തകരാറായതിനാൽ അഞ്ചു ദിവസമായി എറണാകുളം‐ഷൊർണൂർ ട്രെയിൻ ഗതാഗതം മുടങ്ങിയിരിക്കയായിരുന്നു. ചാലക്കുടി, നെല്ലായി, വടക്കാഞ്ചേരി   ഭാഗങ്ങളിലാണ് പാളങ്ങൾ തകർന്നത്. റെയിൽവേ എൻജിനിയറിങ് വിഭാഗം യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തിയാണ് ഗതാഗതയോഗ്യമാക്കിയത്. തൃശൂർ‐ ഗുരുവായൂർ  തകറാരായ പാളത്തിലെ പണി തുടരുകയാണ.് പൂർത്തിയാകാൻ രണ്ടോ മൂന്നോ ദിവസംകൂടി എടുക്കുമെന്ന് തൃശൂർ റെയിൽവേ മാനേജർ കെ ആർ ജയകുമാർ പറഞ്ഞു. 
എറണാകുളം‐ഷൊർണൂർ, ഗുരുവായൂർ പാളങ്ങളിലെ സുരക്ഷാ പരിശോധനയ‌്ക്കായി തിങ്കളാഴ്ച തിരുവനന്തപുരം  അഡീഷണൽ റെയിൽവേ മാനേജർ പി ജയകുമാർ തിങ്കളാഴ്ച എത്തി. എറണാകുളം‐തൃശൂർ‐ഷൊർണൂർ റൂട്ടിൽ ഗതാഗതത്തിന് സുരക്ഷാഭീഷണിയില്ലെന്ന് അധികൃതർ പറഞ്ഞു. എറണാകുളത്തുനിന്നും കോട്ടയം വഴിയും ആലപ്പുഴ വഴിയും ട്രെയിൻ സർവീസ് നേരത്തേ ആരംഭിച്ചിരുന്നു. തെക്കോട്ടും വടക്കോട്ടും ട്രെയിൻ സർവീസ് പുനരാരംഭിച്ചതോടെ  തിരക്കേറി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ തിങ്കളാഴ്്ച ശരാശരി രണ്ടുമണിക്കൂറോളം വൈകിയാണ് എത്തിയത്. രണ്ടു ദിവസത്തിനകം  സമയനിഷ്ഠ പാലിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നു ദിവസമായി തൃശൂർ സക്കാത്ത് അസോസിയേഷൻ സൽകി വന്നിരുന്ന സൗജന്യ ഭക്ഷണ വിതരണം തിങ്കളാഴ്ചയും നടത്തി. 
കെഎസ്ആർടിസിയുടെ ജില്ലയിലെ 300‐ഓളം സർവീസുകളിൽ തിങ്കളാഴ്ച 200 സർവീസുകൾ നടത്തിയതായി ജില്ലാ ട്രാൻസ്പോർട് ഓഫീസർ കെ ടി സെബി പറഞ്ഞു. എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, സുൽത്താൻ ബത്തേരി, മലപ്പുറം ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നു.കൂടാതെ ബംഗളൂരു, മൈസൂരു സർവീസുകളും പുന:രാരംഭിച്ചു.  തൃശൂർ ഡിപ്പോയിലെ 66 ബസ്സുകളിൽ 64ഉം തിങ്കളാഴ്ച  സർവീസ് നടത്തി. പുതുക്കാട് ഡിപ്പോയിലെ 30 എണ്ണത്തിൽ 28 ബസും സർവീസ് നടത്തി. ചാലക്കുടി, കൊടുങ്ങല്ലൂർ, ഗുരുവായൂർ ഡെപ്പോളിൽ നിന്നുള്ള സർവീസുകൾ ഭാഗികമാണ്. കൊടുങ്ങല്ലൂരിൽ നിന്ന് പറവൂർ വഴി എറണാകുളത്തേക്ക് സർവീസുണ്ട്. ജില്ലയിലെ 1700 സ്വകാര്യ ബസുകളിൽ 800ലേറെ ബസുകളാണ് തിങ്കളാഴ്ച സർവീസ് നടത്തിയത്. 
പ്രധാന വാർത്തകൾ
Top