Top
22
Wednesday, November 2017
About UsE-Paper

ഉദ്ഘാടനം കാത്ത് മേല്‍പ്പാലവും എസ്കലേറ്ററും

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം പൂര്‍ത്തിയായ മേല്‍പ്പാലം
തൃശൂര്‍ > പണിപൂര്‍ത്തിയായി നാളുകളായിട്ടും യാത്രക്കാര്‍ക്ക് പ്രയോജനമില്ലാതെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലവും എസ്കലേറ്ററും. ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിയുടെ സൌകര്യം നോക്കുന്നതിനാലാണ് വൈകുന്നത്. എന്നാല്‍, നടപടികള്‍ വേഗത്തിലാക്കാതെ തൃശൂര്‍ സ്റ്റേഷനിലെത്തന്നെ ചില ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും ഉദ്ഘാടനം നീളാന്‍ കാരണമാണ്. കേന്ദ്ര റെയില്‍ മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തശേഷം തുറന്നുകൊടുക്കാമെന്നാണ് റെയില്‍വേ അധികൃതരുടെ നിലപാട്. ഉദ്ഘാടനം നടത്തുന്നതിനോട് യാത്രക്കാര്‍ക്കോ സംഘടനകള്‍ക്കോ പരാതിയില്ല. എന്നാല്‍, ഇത് അനിശ്ചിതമായി നീളുന്നത് യാത്രക്കാര്‍ക്കും റെയില്‍വേക്കും ബുദ്ധിമുട്ടാവുകയാണ്.
ഒന്ന്രണ്ട് പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് സ്റ്റേഷന്റെ മധ്യഭാഗത്ത് മേല്‍പ്പാലം നിര്‍മിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണ്. ഏറ്റവും പ്രയോജനപ്രദമായ സ്ഥലത്താണ് മേല്‍പ്പാലം നിര്‍മിച്ചിട്ടുള്ളത്. പണിതീര്‍ന്നിട്ട് മാസങ്ങളായെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന കാരണത്താല്‍ കവാടങ്ങള്‍ കയര്‍കെട്ടി തടഞ്ഞിരിക്കുകയാണ്. എങ്കിലും യാത്രക്കാര്‍ ഇതുവഴി കടന്നുപോവുന്നുണ്ട്. 
നിലവില്‍ സ്റ്റേഷന്റെ രണ്ട് അറ്റങ്ങളിലാണ് മേല്‍പ്പാലങ്ങളുള്ളത്. ഏതെങ്കിലും അറ്റത്ത് ചെന്ന് മേല്‍പ്പാലം കയറാന്‍ സമയമില്ലാത്തവരും ധൃതിപ്പെട്ട് പോകേണ്ടവരും റെയില്‍പാളം മുറിച്ചുകടന്നു പോവുകയാണ് പതിവ്. ഇത് പലപ്പോഴും അപകടം വരുത്തുന്നുമുണ്ട്. ഏറ്റവും കൂടുതല്‍ വണ്ടികളെത്തുന്ന കേരളത്തിലെ ഏകസ്റ്റേഷനിലെ ഈ അസൌകര്യം പരിഗണിച്ചാണ് പുതിയ മേല്‍പ്പാലത്തിന് ഫണ്ട് അനുവദിച്ചത്. 
ഒന്നാം പ്ളാറ്റ്ഫോമില്‍ സ്ഥാപിച്ച എസ്കലേറ്ററും ഉദ്ഘാടനച്ചടങ്ങിന്റെ പേരില്‍ അടച്ചിട്ടിരിക്കുകയാണ്. ഏറ്റവും തിരക്കുള്ള പ്ളാറ്റ് ഫോം ഒന്നിലാണ് പുതിയ എസ്കലേറ്റര്‍. പ്രായമായ നിരവധി യാത്രക്കാരാണ് എസ്കലേറ്ററുണ്ടായിട്ടും കഷ്ടപ്പെട്ട് പടികയറുന്നത്. രണ്ടാം പ്ളാറ്റ്ഫോമില്‍ നേരത്തെത്തന്നെ എസ്കലേറ്റര്‍ സ്ഥാപിച്ചിരുന്നു. റെയില്‍വേ ഫണ്ടുപയോഗിച്ചാണ് എസ്കലേറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. ശീതീകരിച്ച കാത്തിരിപ്പുമുറി ഉള്‍പ്പെടെ ഒട്ടേറെ സൌകര്യങ്ങള്‍ സ്റ്റേഷനില്‍ ഈയിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിന്‍ വിവരങ്ങള്‍ അറിയാനുള്ള പുതിയ കിയോസ്കുകള്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.