14 November Wednesday

തൃശൂർ‐കുന്നംകുളം പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018
കുന്നംകുളം
തൃശൂർ കുന്നംകുളം പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയെത്തുടർന്ന് ചൂണ്ടൽ, തൂവാന്നൂർ, മഴുവഞ്ചേരി, ശോഭ സിറ്റി, പുഴയ്ക്കൽ എന്നിവിടങ്ങളിൽ വെള്ളം ഉയർന്നതിനെ ത്തുടർന്നാണ് മൂന്ന് ദിവസം ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചത്. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ചൂണ്ടലിനും പാറന്നൂരിനും ഇടയിൽ ഗെയിൽ പൈപ്പ് ലൈൻ കടന്ന് പോയതിനടുത്ത് റോഡ് തകർന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കുന്നംകുളത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി എ സി മൊയ്തീൻ, ഡോ. പി കെ ബിജു എംപി, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ‌് കെ എസ‌്‌ കരീം, കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ കെ ജി സുരേഷ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചൂണ്ടലിലെ അപകട സാധ്യതയുള്ള സ്ഥലം സന്ദർശിക്കുകയും പരിക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച രാവിലെ 10 മണിയോടെ വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. 
ഗതാഗതം മുടങ്ങിയതോടെ ചൂണ്ടൽ മുതൽ കുന്നംകുളം വരെ കുരുങ്ങിക്കിടന്നിരുന്ന നൂറിലേറെ വലിയ ചരക്ക് വാഹനങ്ങളാണ് ആദ്യം കടത്തിവിട്ടത്. മണിക്കൂറുകൾക്കകം ഗതാഗതം പഴയ അവസ്ഥയിലായെങ്കിലും ഇന്ധനം ലഭ്യമാകാത്ത സാഹചര്യത്തിൽ നിരത്തുകളിൽ വാഹനങ്ങൾ കുറവായിരുന്നു.
പ്രധാന വാർത്തകൾ
Top