23 September Sunday

സാംസ്കാരിക ജില്ലയിൽ വായനവസന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

തൃശൂർ മാർത്തോമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വായന ദിനാഘോഷം എഴുത്തുകാരി ദീപ നിശാന്ത് ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

അക്ഷരങ്ങളുടെയും അറിവിന്റെയും അഗ്നിപടർത്തി ജില്ലയിലും വായനവസന്തം. ജില്ലാ ഇൻഫർമേഷൻ വകുപ്പ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ,  വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷൻ, സാക്ഷരതാമിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ  ജില്ലയിലെങ്ങും വിപുലമായി വായനദിനം ആചരിച്ചു. ജില്ലയിലെ 12 സബ്ജില്ലകളിലെ സ്കൂളുകളിലും വായനപക്ഷാചരണത്തിനു തുടക്കമായി. വിവിധ വായനശാലകളിൽ വനിതകൾക്കുവേണ്ടി വായനമത്സരം സംഘടിപ്പിച്ചു. പഞ്ചായത്തു ലൈബ്രറികളിൽ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു.  ബുധനാഴ്ച ജില്ലയിലെ യുപി സ്കൂളുകളിലെ 82 കേന്ദ്രങ്ങളിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി എഴുത്തുപെട്ടി സ്ഥാപിക്കും.  

തൃശൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ നടത്തിയ ജില്ലാതല വായനപക്ഷാചരണം  കലക്ടർ ടി വി അനുപമ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റേത് സമ്പന്നമായ വായനസംസ്കാരമാണെന്നും ഇത് വരുംതലമുറയിലേക്ക് പകർന്നു നൽകണമെന്നും അവർ പറഞ്ഞു. 

 ജീവിതത്തിലെ ദിശാബോധത്തിന് വായന ഏറെ ഉപകരിച്ചുവെന്നും ഇതിലൂടെ ചിട്ടയായ ജീവിത രീതി ഉണ്ടാക്കിയെടുത്തുവെന്നും തിരക്കഥാകൃത്ത് ജോൺ പോൾ വായനദിന സന്ദേശത്തിൽ പറഞ്ഞു. ചൈതന്യമായ വായന പുതിയ തിരിച്ചറിവുകൾക്ക് ഉതകുമെന്നും പുതുസംസ്കാരത്തിൽ വായനയ്ക്ക് ഇടംനൽകണമെന്നും  അദ്ദേഹം പറഞ്ഞു. മേയർ അജിത ജയരാജൻ മുഖ്യാതിഥിയായി. 
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ പി രാധാകൃഷ്ണൻ അധ്യക്ഷനായി. കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗം ടി കെ വാസു പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.  സുനിൽ ലാലൂർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ ആർ മല്ലിക, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ, സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ കൊച്ചുറാണി മാത്യു, പഞ്ചായത്ത് വകുപ്പ് സീനിയർ സൂപ്രണ്ട് വിനോദ് കുമാർ എന്നിവർ  സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ  ഹരി സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ വി ആർ സന്തോഷ് നന്ദിയും പറഞ്ഞു.

 യോഗത്തിൽ ജില്ലയിലെ മികച്ച ആറ‌് ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിച്ചു. ടി വി സന്ദീപ് ( വെളുത്തൂർ ചിത്ര ലൈബ്രറി), എം വി സുരേഷ് ( കുമ്പളങ്ങാട്് ഗ്രാമീണ വായനാശാല ), ബാജി കുറുമ്പൂർ (എളവള്ളി വായനശാല ), വി എസ് ശ്രീജിത്ത‌് ( എസ്എൻപുരം അക്ഷര ലൈബ്രറി )  എ കെ എ മജീദ് ( കരൂപ്പടന്ന വായനശാല ) സുരേഷ്കുമാർ ( കൊച്ചനം വായനശാല ) എന്നിവരെയാണ് ആദരിച്ചത്. മികച്ച ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ട എടത്തിരുത്തി  പഞ്ചായത്ത് ലൈബ്രറിയിലെ ടി എ ശങ്കരന് പുരസ്കാരം സമ്മാനിച്ചു. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലെ പൂങ്കുന്നം ജിഎച്ച്എസ‌്എസ്, എറിയാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വലപ്പാട് ജിവിഎച്ച്എസ് എന്നിവയ്ക്കും പുത്തൻചിറ പുത്തൻബസാറിലെ തുടർവിദ്യാകേന്ദ്രത്തിനും പുസ്തക കിറ്റുകൾ നൽകി. 

ഗവ. എൻജിനിയറിങ് കോളേജ് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും പുസ്തകപ്രദർശനവും നടന്നു. പ്രിൻസിപ്പൽ ഡോ. ബി ജയാനന്ദ് ഉദ്ഘാടനം ചെയ്തു. ഡോ. സി പി സുനിൽകുമാർ അധ്യക്ഷനായി. വി ആർ ഗിരീഷ് പി എൻ പണിക്കർ അനുസ്മരണം നടത്തി. 

കെ  എൻ വിജയലക്ഷ്മി, കെ  കെ ചന്ദ്രകുമാർ, മുഹമ്മദ് ഹനീഫ, അബൂബക്കർ, മുഹമ്മദ് ഹനീഫ, അബൂബക്കർ സിദ്ദിഖ‌്, കെ വി എലിസബത്ത് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top