Top
22
Thursday, June 2017
About UsE-Paper

സമൂഹത്തിന്റെ രോഗങ്ങള്‍ക്കുള്ള ചികിത്സ വായനയിലൂടെ

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > 'സമൂഹത്തില്‍ ആകുലതകളും ആസുരതകളും ഹിംസാത്മകതയും ഏറുകയാണ്. വായനയുടെ കുറവാണ് മനുഷ്യന്‍ നേരിടുന്ന ദാരിദ്യ്രം. സമൂഹത്തിലെ രോഗാതുരത ചെറുക്കാന്‍, പ്രതിരോധിക്കാന്‍ ഫലപ്രദമായ ചികിത്സ വായനയാണ്.' പ്രൊഫ. കെ പി ശങ്കരന്റെ വാക്കുകളില്‍ നാട് സാംസ്കാരികമായി ഔന്നത്യം പ്രാപിക്കാത്തതിന്റെ ആശങ്കയും വേദനയുമുണ്ട്. വീണ്ടും വായനദിനമെത്തുമ്പോള്‍ എഴുപത്തിയെട്ടിലും അനുസ്യൂതമായ വായനയുടെയും പ്രഭാഷണങ്ങളുടെയും എഴുത്തിന്റെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും ലോകത്താണ് ഈ കോളേജ് മുന്‍ അധ്യാപകന്‍. 

'ഞങ്ങളുടെ തലമുറ വായനദിനവും വാരവും ആഘോഷിക്കുന്നതു നോക്കി വായന തുടങ്ങിയവരല്ല. വായനയും പഠനവും ജീവിതത്തിന്റെ ഭാഗമായി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അധ്യാപനവും. അധ്യാപകന്റെ ജോലി മഹത്തരമാണ്. ഭാഷ പഠിപ്പിക്കുമ്പോള്‍ നാം സാംസ്കാരികമായി കൂടുതല്‍ ഉയരുന്നു.' ചങ്ങനാശേരി എസ് ഡി കോളേജിലൂടെ തുടക്കമിട്ട്, തൃശൂര്‍ കേരളവര്‍മ കോളേജില്‍ അഞ്ചുവര്‍ഷം അധ്യാപകനായി, ദീര്‍ഘകാലം മൈസൂര്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങി. നാല്‍പ്പതു വര്‍ഷത്തെ അധ്യാപകവൃത്തിയില്‍നിന്ന് വിരമിച്ച് ഒന്നര പതിറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലം ജീവിതം എന്തു പഠിപ്പിച്ചു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ ഉത്തരം ലളിതം. 'ഇനിയും ഏറെ വായിക്കണം. മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കണം.' 
പൈങ്കുളം കാമ്പുറത്ത് പൊതുവാട്ടില്‍ നാരായണ പൊതുവാളിന്റെയും ശ്രീദേവി പൊതുവാള്‍സ്യാരുടെയും രണ്ടാമത്തെ മകനാണ് കെ പി ശങ്കരന്‍. 'പൈങ്കുളത്താണ് ജനനം. വായനയ്ക്ക് സൌകര്യമില്ലാത്തതായിരുന്നു ബാല്യം. അഞ്ചാംക്ളാസ്വരെ പഠിച്ചത് രായിരനെല്ലൂരിലെ അച്ഛന്റെ വീട്ടിലാണ്. അഞ്ചില്‍ പഠിക്കുമ്പോള്‍ വാതിലിന്റെ മുകളിലെ തട്ടില്‍നിന്ന് രണ്ടു പുസ്തകം കിട്ടി. കേശവദേവിന്റെ 'ഓടയില്‍നിന്ന്', വള്ളത്തോളിന്റെ സാഹിത്യമഞ്ജരി ഒന്നാംഭാഗം. എന്റെ വായനയെ സ്വാധീനിച്ച ആദ്യ കൃതികളാണിവ. മുതിര്‍ന്നപ്പോള്‍ ക്ളാസിക്കുകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയിലൂടെയെല്ലാം കടന്നുപോയി. എന്നെ ഞാനാക്കിയത് വായനതന്നെ'. 
ഇന്ന് നല്ല വായനയുള്ള തലമുറയ്ക്കൊപ്പം നല്ല അധ്യാപകരുടെയും കുറവുണ്ടെന്ന് ശങ്കരന്‍മാഷ് പറയുന്നു. ജീവിതമൂല്യങ്ങള്‍ നേടണമെങ്കില്‍ വായന ജീവിതത്തിന്റെ ഭാഗമാക്കണം. അതിനുള്ള പ്രേരണ മാതാപിതാക്കള്‍ കുട്ടികള്‍ക്കു നല്‍കണം. വിദ്യാലയങ്ങള്‍ വായനയുടെ മുഖ്യ പ്രേരണാശക്തിയാകണം. 
പാഠപുസ്തകങ്ങള്‍ക്കു പുറമെ, ഉല്‍കൃഷ്ടഗ്രന്ഥങ്ങളും ക്ളാസിക്കുകളും മഹാന്മാരുടെ ജീവചരിത്രവും കുട്ടികള്‍ പരിചയപ്പെടണം. വായിച്ചു വളര്‍ന്ന തലമുറയുണ്ടായാല്‍ സമൂഹത്തില്‍ വിദ്വേഷങ്ങള്‍ ഉണ്ടാകില്ല. വര്‍ഗീയതയ്ക്കും വംശീയതയ്ക്കും അസഹിഷ്ണുതയ്ക്കും സ്ഥാനമുണ്ടാകില്ല.  പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും കൂടാതെ ഇവായനയും വ്യാപകം. ഞാന്‍ ആ വായന ശീലിച്ചിട്ടില്ല. പുതിയ തലമുറയോട് മാഷ് പറയുന്നു. 'വായിച്ചു വളരൂ.' 
മൈസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കന്നഡ സ്റ്റഡീസില്‍നിന്നു വിരമിച്ച അധ്യാപിക കമലാദേവിയാണ് ഭാര്യ. മക്കള്‍: ഡോ. സി രഘു (എന്‍ഐടി കോഴിക്കോട്), ചിത്ര (അധ്യാപിക).