Top
24
Wednesday, May 2017
About UsE-Paper

സിപിഐ എം ജാഥയ്ക്ക് ഉജ്വല വരവേല്‍പ്പ്

Friday May 19, 2017
വെബ് ഡെസ്‌ക്‌

 

 
തൃശൂര്‍ > സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മതേതരത്വത്തിന്റെയും പ്രാധാന്യം തുറന്നുകാട്ടിയുള്ള സിപിഐ എം ജില്ലാ പ്രചാരണജാഥയ്ക്ക് നാടാകെ വന്‍ വരവേല്‍പ്പ്. കേന്ദ്രത്തിലെ മോഡിസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും വര്‍ഗീയതയ്ക്കെതിരെയും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെയും സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നയിക്കുന്ന ജാഥ വന്‍ജനാവലിയുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുകയാണ്. പര്യടനം രണ്ടാം ദിവസത്തേക്ക് കടന്നതോടെ ആയിരങ്ങളാണ് ജാഥയെ  സ്വീകരിക്കാന്‍ തടിച്ചുകൂടുന്നത്.
സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ കെ രാധാകൃഷ്ണന്‍, വൈസ് ക്യാപ്റ്റന്‍ എം എം വര്‍ഗീസ്, മാനേജര്‍ കെ കെ രാമചന്ദ്രന്‍, അംഗങ്ങളായ സേവ്യര്‍ ചിറ്റിലപ്പിള്ളി, എ എസ് കുട്ടി, പി കെ ഡേവിസ്,  കെ വി പീതാംബരന്‍, ബാബു എം പാലിശേരി, കെ വി നഫീസ, സി സുമേഷ്, പി കെ ശിവരാമന്‍ എന്നിവര്‍ സംസാരിക്കുന്നുണ്ട്. പാവറട്ടിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍ സംസാരിച്ചു.   
സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും  രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കുന്ന സംഘപരിവാറിന്റെ ഗൂഢപ്രവര്‍ത്തനങ്ങളും നേതാക്കള്‍ വിവരിക്കുന്നുണ്ട്. ഇതിനെ ചെറുക്കണമെന്ന സന്ദേശം ജാതിമത രാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ ഏറ്റെടുക്കുകയാണ്.  രാജ്യത്തിന് മാതൃകയൊരുക്കി ജനപക്ഷത്തുറച്ചുനിന്ന് കുതിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന നീക്കങ്ങളും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന തെളിവാണ് സ്വീകരണകേന്ദ്രങ്ങളിലെ വന്‍ പങ്കാളിത്തം. 
വ്യാഴാഴ്ച രാവിലെ കാഞ്ഞാണിയില്‍നിന്ന് പര്യടനം ആരംഭിച്ച ജാഥ പാവറട്ടി, ചാവക്കാട് ടൌണ്‍, ഗുരുവായൂര്‍ പടിഞ്ഞാറേനട, ഏങ്ങണ്ടിയൂര്‍ എന്നിവിടങ്ങളിലെ സ്വീകരണശേഷം കയ്പമംഗലത്ത് സമാപിച്ചു. 
കാഞ്ഞാണിയില്‍ ഡോ. സി രാവുണ്ണി അധ്യക്ഷനായി. വി എന്‍ സുര്‍ജിത്ത് സ്വാഗതവും പി എ രമേശന്‍ നന്ദിയും പറഞ്ഞു. പാവറട്ടിയില്‍ ഡോ. പി സി ജോഷി അധ്യക്ഷനായി. വി ജി സുബ്രഹ്മണ്യന്‍ സ്വാഗതവും സി കെ സദാനന്ദന്‍ നന്ദിയും പറഞ്ഞു. ചാവക്കാട് ടൌണില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി. എ എച്ച് അക്ബര്‍ സ്വാഗതവും പി വി സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു. ഗുരുവായൂര്‍ പടിഞ്ഞാറേനടയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി അധ്യക്ഷയായി. ടി ടി ശിവദാസ് സ്വാഗതം പറഞ്ഞു. ഏങ്ങണ്ടിയൂരില്‍ എം എ ഹാരീസ്ബാബു അധ്യക്ഷനായി. കെ ആര്‍ സാംബശിവന്‍ സ്വാഗതവും കെ ബി സുരേഷ് നന്ദിയും പറഞ്ഞു. കയ്പമംഗലത്ത് അഡ്വ. വി കെ ജ്യോതിപ്രകാശ് അധ്യക്ഷനായി. എം സി ശശിധരന്‍ സ്വാഗതവും കെ ജി സുഖ്ദേവ് നന്ദിയും പറഞ്ഞു. 
വിവിധ രാഷ്ട്രീയപാര്‍ടികളില്‍നിന്ന് രാജിവച്ച് സിപിഐ എമ്മിനോട് സഹകരിക്കാന്‍ മുന്നോട്ടുവന്നവര്‍ക്ക് കയ്പമംഗലത്തെ യോഗത്തില്‍ സ്വീകരണം നല്‍കി. പൊതുപ്രവര്‍ത്തകരായ പി എം സൈനുലാബ്ദീന്‍, അബ്ദുള്‍സലാം, സലിം, സുജേഷ്, സുനീഷ്, ഡോ മൊയ്തീന്‍, ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേരാണ് സിപിഐ എമ്മിനോടൊപ്പം ചേര്‍ന്നത്.