21 June Thursday

ചെമ്പട്ടണിഞ്ഞു സാംസ്‌കാരിക നഗരി

ജോർജ് ജോൺUpdated: Monday Feb 19, 2018

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗ പ്രകടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ > തൃശൂർ നഗരം ചെമ്പട്ടണിഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനാവേശം ജനഹൃദയങ്ങളിലേക്ക് പടർത്തി സാംസ്‌കാരിക തലസ്ഥാനം ചുവപ്പിന്റെ പ്രൗഢിയിൽ മുങ്ങി. 22 മുതൽ 25 വരെയാണ് സമ്മേളനം. 
സമാപന സമ്മേളനത്തോടനുബന്ധിച്ച്  ചെമ്പടയിരമ്പുന്ന വഴിത്താരകളും  ബഹുജനമുന്നേറ്റത്തിന് വേദിയാകുന്ന കെ കെ മാമക്കുട്ടി നഗറും(തേക്കിൻകാട് മൈതാനം) പ്രതിനിധി സമ്മേളനം നടക്കുന്ന വി വി ദക്ഷിണാമൂർത്തി നഗറും(റീജണൽ തിയറ്റർ) പരിസരവും ചുവന്നു തുടുത്തു.  സ്വരാജ് റൗണ്ടിലേക്കുള്ള 18 റോഡുകളും അനുബന്ധ റോഡുകളും ചുവപ്പിക്കുന്ന അവസാന മിനുക്കുപണിയിലാണ് പ്രവർത്തകർ. പട്ടണപ്രദേശത്തെ  41 കിലോ മീറ്റർ വീഥികൾ അടുത്ത ദിവസം ചുവക്കും. തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും ചുവപ്പ്ദീപങ്ങൾകൊണ്ട് അലംകൃതമായി.
പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി തുണികൊണ്ടുള്ള തോരണങ്ങളും നൂലുകളുമാണ് ഉപയോഗിച്ചത്. തിരക്കുള്ള റോഡിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് അലങ്കാരം.ചെങ്കൊടികളാലും ചെന്തോരണങ്ങളാലും  അലംകൃതമായ പാർടി ഓഫീസുകളും രക്തസാക്ഷി കുടീരങ്ങളും നാടും നഗരവും ചുവപ്പിച്ചു. നഗരവീഥിയിലെ തോരണങ്ങളും കമാനങ്ങളും പോസ്റ്ററുകളുമെല്ലാം പുത്തൻ പൂരപ്പൊലിമയാണ് ചാർത്തിയത്. നാട്ടിക ഏരിയയിലാണ് തുണികൊണ്ടുള്ള തോരണങ്ങൾ കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയത്. ഒന്നേകാൽ ലക്ഷം മീറ്റർ തോരണമാണ് കുടുംബശ്രീക്കാർ തയാറാക്കിയത്. ഇതിനു പുറമെ മറ്റ് സ്ഥലങ്ങളിൽനിന്നും തുണികൊണ്ടുള്ള തോരണങ്ങൾ പ്രവർത്തകർ വാങ്ങിയിരുന്നു.
 ഹരിത നിയമാവലി പരിപൂർണമായും പാലിച്ചുള്ള സമ്മേളനമെന്ന ബഹുമതിയിലേക്ക് സിപിഐ എം 22ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണപ്രവർത്തനങ്ങൾ മാറി.  പാരിസ്ഥിതികപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് അനുസൃതമായാണ് സമ്മേളനത്തിന്റെ പ്രചരണവും ഭക്ഷണവും മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളത്. ഫ്‌ളക്‌സ് ബോർഡ് ഒഴിവാക്കി റീസൈക്കിൾ ചെയ്യാവുന്നതും പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമായ പ്രചരണ സാമഗ്രികളാണ് ഉപയോഗിച്ചത്. സമ്മേളന പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡ്, ബാനർ, തോരണങ്ങൾ, ഭക്ഷണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിസൗഹൃദ വസ്തുക്കളായിരിക്കും. 
അതുവഴി പരിസ്ഥിതിസംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും മാതൃകയാകാനും പാർടിപ്രവർത്തകർക്ക് കഴിഞ്ഞു. 37 വർഷത്തെ ഇടവേളയ്ക്കുശേഷം സാംസ്‌കാരിക തലസ്ഥാനത്തു നടക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രവിജയമാക്കാനുള്ള അവസാന ഒരുക്കത്തിലാണ് ജനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top