20 June Wednesday

അവിസ്മരണീയം യോഗാഭ്യാസം

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേതന യോഗാ പരിശീലനകേന്ദ്രം സംഘടിപ്പിച്ച അഭ്യാസപ്രകടനം

തൃശൂർ > ചുവടുതെറ്റാത്ത അഭ്യാസങ്ങളും ചിട്ടയോടെയുള്ള സംഘാടനവുമായി ഞായറാഴ്ച തേക്കിൻകാട് മൈതാനിയിലെ യോഗാഭ്യാസപ്രകടനം ചരിത്രസംഭവമായി. ഇത്രയധികം യോഗാഭ്യാസികൾ ഒന്നിച്ച് കൃത്യതയോടെയുള്ള അഭ്യാസപ്രകടനം നടത്തിയത് തൃശൂരിൽ ആദ്യമായാണ്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേതന യോഗാ പരിശീലനകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ 1030 യോഗാഭ്യാസികൾ അണിനിരന്നു. 630 പുരുഷന്മാരും 400 സ്ത്രീകളുമാണ് കാഴ്ചക്കാരായെത്തിയ ആയിരങ്ങളുടെ മനസ്സിൽ ഇടംപിടിച്ചത്.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചേതന യോഗ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സേവ്യർചിറ്റിലപ്പിള്ളി സ്വാഗതവും സെക്രട്ടറി എം വി പ്രശാന്ത് നന്ദിയും പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, മന്ത്രി എ സി മൊയ്തീൻ, ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ ആർ ബാലൻ, പി കെ ബിജു എംപി, ചേതനയോഗ സംസ്ഥാന സെക്രട്ടറി ഡോ. രാജീവ്, കെ കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ ബി മോഹൻദാസ്, ബാലകൃഷ്ണസ്വാമി, ഡോ. രാജഗോപാൽ എന്നിവർ സംബന്ധിച്ചു. 
യോഗാഭ്യാസികളെ ഉൾക്കൊള്ളാൻ തെക്കേഗോപുരനടയിൽ സ്ഥലസൗകര്യം കുറവായപ്പോൾ, നടയുടെ വലതുവശത്ത് കൂടുതൽ പായ്‌വിരിച്ചാണ് ഇവരെ ഉൾക്കൊള്ളിച്ചത്. 24  യോഗാഭ്യാസ മുറകളാണ് പ്രകടിപ്പിച്ചത്. താടാസന, അർധകടി ചക്രാസന, പാർശ്വകോണാസന, വീരഭദ്രാസന, വീര്യ സ്തംഭാസന, വൃക്ഷാസന, ഉക്കടാസന, ശശാങ്കാസന, ഉഷ്ട്രാസന, സൂര്യനമസ്‌കാരം, പരികാസന തുടങ്ങിയവയാണ് തിങ്ങിനിറഞ്ഞ കാണികൾക്കു മുന്നിൽ  അവതരിപ്പിച്ചത്. ഡോ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ അലക്‌സ് ജറോം, ഷിബാ മറിയം, പി സി ദിവ്യ, എം എസ് ഷീന, സുദീപ് സുദേവൻ എന്നിവരായിരുന്നു യോഗാഭ്യാസത്തെ നയിച്ചത്. 
യോഗാഭ്യാസപ്രകടനത്തിനുശേഷം കോടിയേരിയും മറ്റു നേതാക്കളും യോഗാഭ്യാസകരെ അഭിവാദ്യം ചെയ്തു. തുടർന്ന് ആർട്ടിസ്റ്റിക് യോഗയിലെ നൃത്തച്ചുവടുകളും വേദിയിൽ അരങ്ങേറി. ആർട്ടിസ്റ്റിക് യോഗയിലെ ദേശീയ ജേതാക്കളായ എസ് ആര്യ, ഹിബാ മറിയം, അലക്‌സ് ജറോം എന്നിവരുടെ ചടുലമാർന്ന യോഗാനൃത്തച്ചുവടുവയ്പ് സദസ്സ് നിറഞ്ഞ ഹർഷാരവത്തോടെ  വരവേറ്റു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top