Top
23
Tuesday, January 2018
About UsE-Paper

ഭാരതപ്പുഴ സംരക്ഷണത്തിന് സമഗ്രപദ്ധതി തയ്യാറാക്കണം: പി ശ്രീരാമകൃഷ്ണന്‍

Monday Dec 18, 2017
വെബ് ഡെസ്‌ക്‌
ഇന്ത്യന്നൂര്‍ ഗോപി അനുസ്മരണവും ഭാരതപ്പുഴ പുനരുജ്ജീവന കണ്‍വന്‍ഷനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

 പട്ടാമ്പി > ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി സമഗ്രപദ്ധതി തയ്യാറാക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പട്ടാമ്പി ഗവ. കോളേജില്‍ ഇന്ത്യന്നൂര്‍ ഗോപി അനുസ്മരണവും ഭാരതപ്പുഴ പുനരുജ്ജീവന കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ഇതിനായി ബഹുജനപ്രസ്ഥാനങ്ങളെയും വിദഗ്ധരേയും ഉള്‍ക്കൊള്ളിച്ച് കാര്യക്ഷമമായി ചര്‍ച്ച ചെയ്ത് കരട് രൂപം തയ്യാറാക്കണം. കണ്‍വന്‍ഷനില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കണം. ശില്‍പ്പശാല സംഘടിപ്പിച്ച് ഉരുത്തിരിഞ്ഞു വരുന്ന തീരുമാനങ്ങള്‍ക്ക് ഒരുകരട് രൂപം തയ്യാറാക്കി സര്‍ക്കാരിലേക്ക് നല്‍കണം.  ഭാരതപ്പുഴയൊഴുകുന്നത് വലിയൊരുഭാഗവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രദേശത്തുകൂടിയായതിനാല്‍ പുഴസംരക്ഷണത്തിനായി ഇത്തരം സ്ഥാപനങ്ങളും  നിര്‍ദേശങ്ങളുണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം. ജീവികളെയും പ്രകൃതിയെയും സംരക്ഷിക്കന്‍ ആഗോള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
വി കെ ശ്രീരാമന്‍ അധ്യക്ഷനായി. മഗ്സാസെ അവാര്‍ഡ് ജേതാവ് ഡോ.രാജേന്ദ്രസിങ് (ഇന്ത്യയുടെ ജല മനുഷ്യന്‍ ) മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകയായിരുന്ന ഡോ.എ ലതയെ നിഭ നമ്പൂതിരി അനുസ്മരിച്ചു. വി ടി ബല്‍റാം എം എല്‍എ, മേജര്‍ രവീന്ദ്രന്‍, സാറാ ജോസഫ്, ആലങ്കോട് ലീലാകൃഷ്ണന്‍, സി രാജഗോപാലന്‍, അഡ്വ. ഉദയവര്‍മന്‍, ഡോ.കെ പി മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. ടി ജി നിരഞ്ജന്‍ സ്വാഗതവും വിനോദ് വയലി നന്ദിയും പറഞ്ഞു. ഭാരതപ്പുഴ പുനരുജ്ജീവന കണ്‍വന്‍ഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷനായി. മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ സംസാരിച്ചു. വൈ കല്യാണകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 
തുടര്‍ന്ന് വയലി ആറങ്ങോട്ടുകര പുഴയുടെ പാട്ടുകള്‍ പാടി. ബൈജുദേവ്, ശ്രീജ പള്ളം, ഗിരീശന്‍ ‘ഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ പുഴയുടെ കണ്ണീര്‍പ്പാടുകള്‍ എന്ന പേരില്‍ ചിത്രകാരന്മാരുടെ ക്യാന്‍വാസ് ആവിഷ്കാരങ്ങളും ഉണ്ടായിരുന്നു.