20 September Thursday

ബംഗാൾ, ത്രിപുര ആക്രമണം; 24ന് എൽഡിഎഫ് ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018
തൃശൂർ
പശ്ചിമബംഗാളിലും ത്രിപുരയിലും നടക്കുന്ന ജനാധിപത്യക്കശാപ്പിനെതിരെ  അഖിലേന്ത്യാ വ്യാപകമായി ഇടതുപക്ഷ പാർടികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എൽഡിഎഫ‌് നേതൃത്വത്തിൽ  24ന് തൃശൂരിൽ  ധർണ സംഘടിപ്പിക്കും. വൈകിട്ട് നാലു മുതൽ ഏഴു വരെ കോർപറേഷന് മുമ്പിൽ നടത്തുന്ന ധർണ സിപിഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും നേതൃത്വത്തിൽ ഭീകരമായ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്.  ആദിവാസി നേതാക്കൾ ഉൾപ്പെടെ നാല‌് സിപിഐ എം പ്രവർത്തകരെ ഇതിനകം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. സിപിഐ എമ്മിന്റെയും വർഗബഹുജനസംഘടനകളുടെയും 750 ഓളം ഓഫീസുകൾ പിടിച്ചെടുക്കുകയും 2600 ഓളം  പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. 
500ഓളം പേർ വീട്വിട്ടുപോകേണ്ടി വന്നു.100 വനിതകൾ ഉൾപ്പെടെ 1000 ഓളം പേർക്ക്  ഭീകരമായ മർദനം ഏറ്റു. നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു. ഇവർക്കെതിരെ പൊലീസ്  നടപടി  എടുക്കുന്നില്ല. 
പശ്ചിമബംഗാളിലും ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ പ്രവർത്തകർക്കെതിരെ ഭീകരമായ ആക്രമണമാണ് തൃണമൂൽ കോൺഗ്രസ്  ഗുണ്ടകൾ നടത്തുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം  സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും 35 പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ‌് ഗുണ്ടകൾ കൊലപ്പെടുത്തി. 
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന എൽഡിഎഫ് യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്  അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ കെ രാധാകൃഷ്ണൻ,  സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, എൽഡിഎഫ് നേതാക്കളായ സി ആർ വത്സൻ, കെ കെ വിദ്യാധരൻ, എ വി വല്ലഭൻ, പി ടി അഷറഫ്, പോൾ എം ചാക്കോ, ഐ എ റപ്പായി, ഇ എ ദിനമണി എന്നിവർ  സംസാരിച്ചു.
പശ്ചിമബംഗാളിലും ത്രിപുരയിലും നടക്കുന്ന ഇത്തരം ജനാധിപത്യ കശാപ്പിനെതിരെ സംഘടിപ്പിക്കുന്ന ധർണയിൽ ജില്ലയിലെ മുഴുവൻ ബഹുജനങ്ങളും അണിനിരക്കണമെന്ന് എൽഡിഎഫ് കൺവീനർ കെ രാധാകൃഷ്ണൻ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top