20 May Sunday
പൂർത്തിയായത‌് 124. 67 കോടിയുടെ വികസനം

തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിൽ ചരിത്രനേട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
തൃശൂർ
തൊഴിലുറപ്പു പദ്ധതിക്ക് ജില്ലയിൽ ചരിത്രനേട്ടം. തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിൽ 129.55 ശതമാനം നേട്ടമാണ‌് ജില്ല കൈവരിച്ചത‌്. 2017‐18ലെ ലേബർ ബജറ്റനുസരിച്ച് മാർച്ച് 31നകം 28,66,500 തൊഴിൽ ദിനങ്ങളാണ‌് സൃഷ്ടിക്കേണ്ടിയിരുന്നത‌്. ഇത‌് 37,13,785 ദിനങ്ങളാക്കാൻ കഴിഞ്ഞു.  124. 67 കോടി രൂപയുടെ വികസനപ്രവൃത്തി പൂർത്തിയായി. ഫണ്ട് അനുവദിക്കാതെ കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെയും ജില്ലാ, ബ്ലോക്ക്്, ഗ്രാമപഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും കൂട്ടായ ശ്രമവും കാര്യക്ഷമമായ ഇടപെടലും വഴിയാണ് ജില്ലയിൽ ഈ നേട്ടം കൈവരിക്കാനായത്.
ഇതുവഴി നൂറുക്കണക്കിന് ജലാശയങ്ങൾ നവീകരിച്ചു. 88 പൊതുകുളങ്ങൾ, 476 കാർഷിക കുളങ്ങൾ, 1142 കിണറുകൾ എന്നിവ പുതുതായി നിർമിച്ചു. കിലോമീറ്ററുകളോളം തോടുകളും കനാലുകളും കയർഭൂവസ്തം അണിയിച്ച് സംരക്ഷിച്ചു. അങ്കണവാടികൾ, വീടുകൾ, ആട്ടിൻകൂടുകൾ, തൊഴുത്തുകൾ, റോഡുകൾ എന്നിവ നിർമിച്ചു. ഫലവൃക്ഷത്തൈ, ചെടികൾ, നേഴ്സറി നിർമാണം. കോൺക്രീറ്റ് കട്ട നിർമാണം എന്നിവയും നടന്നു.
 2017‐18 ൽ 267121 കുടുംബങ്ങൾക്ക് തൊഴിൽകാർഡ് നൽകി. 19753 പ്രവൃത്തി ആരംഭിച്ചതിൽ 10631 പ്രവൃത്തി പൂർത്തീകരിച്ചു. ഇതിലൂടെ 74615 കുടുംബങ്ങൾക്ക് തൊഴിൽ നൽകി.  കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത് പഴയന്നൂർ ബ്ലോക്കാണ് (176.12 ശതമാനം). രണ്ടാമത് ചേർപ്പ് (167.18), മൂന്നാമത് തളിക്കുളം (158.71). ജില്ലയിൽ 67 പഞ്ചായത്തുകൾ 100 ശതമാനത്തിൽ  കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു.  വള്ളത്തോൾനഗർ പഞ്ചായത്താണ് മുന്നിൽ (269.67 ശതമാനം), പഴയന്നൂർ (249.54 ശതമാനം), തൃക്കൂർ (220.52 ശതമാനം) നേട്ടവും കൈവരിച്ചു. 
കൂടുതൽ തുക ചെലവഴിച്ചത് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്താണ്. 18.17 കോടി. മതിലകം 11.34 കോടി, ചൊവ്വന്നൂർ 11.09 കോടിയും കൊടകര 10.39 കോടിയും ചെലവഴിച്ചു. ജില്ലയിലാകെ 124.67 കോടി ചെലവാക്കി.  കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്ത്  പഴയന്നൂരാണ്.  5.41 കോടി. തെക്കുംകര  3.55കോടി, പാഞ്ഞാൾ 3.16 കോടി, തൃക്കൂർ 2.91 കോടിയും  ചെലവഴിച്ചു. 
ജില്ലയെ വരൾച്ചാ ബാധിത പ്രദേശമായി കണക്കാക്കിയതിനാൽ 50 അധിക തൊഴിൽദിനങ്ങളടക്കം  അനുവദിച്ചിരുന്നു. ജില്ലയിൽ 9178 കുടുംബങ്ങൾ 100 ദിവസവും 662 കുടുംബങ്ങൾ 150 ദിവസവും തൊഴിൽദിനങ്ങൾ പൂർത്തീകരിച്ചു. ഏറ്റവും കൂടുതൽ 100 ദിവസം തൊഴിൽ നൽകിയത് യഥാക്രമം അന്തിക്കാട് (1154), പഴയന്നൂർ (1019) ബ്ലോക്ക് പഞ്ചായത്തുകളുമാണ്. പഞ്ചായത്ത് യഥാക്രമം വള്ളത്തോൾനഗർ (385), തൃക്കൂർ (384) എന്നിവയാണ്. ഏറ്റവും കൂടുതൽ 150 ദിവസം തൊഴിൽ നൽകിയ ബ്ലോക്ക് ചേർപ്പാണ്(104). തളിക്കുളം 93, അന്തിക്കാട് 88 എന്നിങ്ങനെയാണ് മറ്റുബ്ലോക്കുകൾ. പഞ്ചായത്തുകൾ ഏങ്ങണ്ടിയൂർ 67, കണ്ടാണശ്ശേരി 49, ചേർപ്പ് 44 എന്നിങ്ങനെ. 
തൊഴിലുറപ്പുപദ്ധതിയിൽ കൂലി പൂർണമായും കേന്ദ്രസർക്കാരാണ് നൽകേണ്ടത്. പണി പൂർത്തീകരിച്ച് മസ്റ്റ്റോൾ അയച്ചാൽ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ പണം നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. 
എന്നാൽ മാസങ്ങളോളം പണം നിക്ഷേപിക്കാത്ത അവസ്ഥയുണ്ടായി. പുതിയ മാനദണ്ഡങ്ങൾ ചേർത്ത് പദ്ധതി അട്ടിമറിക്കാനും ശ്രമിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ ഇടപെട്ടു.   തുടർന്നാണ് ഫണ്ട് അനുവദിച്ചത്. മെറ്റീരിയൽ ഇനത്തിൽ 25 ശതമാനമാണ് സംസ്ഥാന സർക്കാർ നൽകേണ്ടത്. ഈ സംഖ്യ പൂർണമായും അനുവദിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top