19 July Thursday

വേനൽത്തുമ്പികൾ പറക്കാനൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

ബാലസംഘം വേനൽത്തുമ്പി കലാജാഥയുടെ പരിശീലനക്യാമ്പ്‌

തൃശൂർ> കളികൾക്കും കലാവിരുന്നിനുമൊപ്പം  ഇവർ ചരിത്രവും  ഓർമപ്പെടുത്തുകയാണ്. ബാലസംഘം നേതൃത്വത്തിലുള്ള കലാസംഘമായ വേനൽത്തുമ്പികൾ പറക്കാനൊരുങ്ങുകയാണ്. ജില്ലയിൽ 16 ഏരിയകളിൽ കലാജാഥ സംഘടിപ്പിക്കും.  'ചരിത്രത്തിലേക്ക് ഒരു പട്ടം' എന്ന കലാവിരുന്ന് 70 മിനിറ്റ് നീണ്ടുനിൽക്കും.  നാല് സംഗീത ശിൽപ്പവും മൂന്നുലഘുനാടകങ്ങളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾ നേരിടുന്ന സമകാലിക സംഭവങ്ങൾക്കൊപ്പം നാളെയുടെ നന്മയുടെ  കാവലാളുകളായി കുട്ടികൾ മാറുന്നുണ്ട്. കയ്യൂരും പുന്നപ്രവയലാർ സമരഗാഥകളും കലാവിരുന്നായി അവതരിപ്പിക്കുന്നുണ്ട്.
16  ഏരിയകളിൽനിന്നായി പത്ത‌്ആൺകുട്ടികളും പത്ത‌് പെൺകുട്ടികളുംവീതം 320 പേർ ജില്ലയിൽ സഞ്ചരിച്ച് കലാപരിപാടികൾ അവതരിപ്പിക്കും. ജാഥ എത്തുന്നതിനുമുന്നോടിയായി പ്രാദേശികമായി കുട്ടികളുടെ കലാവിരുന്നുകളും അവതരിപ്പിക്കും. 
ജില്ലയിൽ നാലുകേന്ദ്രങ്ങളിലായാണ് വേനൽത്തുമ്പികളുടെ കലാപരിപാടികളുടെ പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിൽ രണ്ട് മേഖലാക്യാമ്പുകൾ സമാപിച്ചു. തുടർന്ന് ജാഥാപര്യടനം തുടങ്ങും. വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം, പുഴയ്ക്കൽ എന്നീ ഏരിയകളിലെ കുട്ടികൾക്കായുള്ള കലാക്യാമ്പ് ചേലക്കരയിൽ പൂർത്തിയായി. മണ്ണുത്തി, ഒല്ലൂർ, തൃശൂർ, കൊടകര എന്നീ ഏരിയകളിലെ ക്യാമ്പ് മണ്ണുത്തി ഏരിയയിലെ കണ്ണാറയിലും പൂർത്തിയായി. 
16 മുതൽ 20 വരെ ചേർപ്പ് ചിറയ്ക്കലിൽ ക്യാമ്പ് നടക്കും. ചേർപ്പ്, മണലൂർ, നാട്ടിക, ചാവക്കാട് ഏരിയകളിലെ പ്രവർത്തകർ പങ്കെടുക്കും. 17 മുതൽ 20 വരെ ചാലക്കുടിയിൽ ക്യാമ്പ് നടക്കും. ചാലക്കുടി, ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ ഏരിയകളിലെ പ്രവർത്തകർ പങ്കെടുക്കും. കണ്ണൂരിൽ സംസ്ഥാന കലാക്യാമ്പിൽ പങ്കെടുത്ത സുരേഷ് പി കുട്ടൻ, സുമേഷ് മണിത്തറ, അമൽജിത്ത‌് ചേർപ്പ്, നേഘ ഉണ്ണികൃഷ്ണൻ, പാർവതി ഉണ്ണികൃഷ്ണൻ, അനഘ, അഞ്ജലി, അമലേന്ദു സുരേഷ് എന്നിവരാണ്  പരിശീലകർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top