20 January Sunday

എ കെ ജിക്കൊപ്പം ജയിൽവാസം; വിപ്ലവഓർമകളിൽ ദേവകി നമ്പീശൻ

എ എസ് ജിബിനUpdated: Thursday Feb 15, 2018
തൃശൂർ > പാവങ്ങളുടെ പടത്തലവൻ എ കെ ജിക്കൊപ്പം ഒരു മാസം ജയിൽവാസം. ജീവിതത്തിലെ ആ പ്രധാനവഴിത്തിരിവ് ദേവകി നമ്പീശൻ അതേ ആവേശത്തോടെ ഓർക്കുന്നു. വിപ്ലവോർജം പകരുന്ന എ കെ ജിക്കൊപ്പമുള്ള നാളുകളാണ് ദേവകി നമ്പീശന് അടിപതറാത്ത സമരവീര്യം പകർന്നത്. വാർധക്യത്തിന്റെ ചുളിവുകൾ ഈ 85 വയസ്സുകാരിയുടെ വിപ്ലവഓർമകളെ കീഴ്‌പ്പെടുത്തിയിട്ടില്ല. 
1961... കൊട്ടിയൂർ ദേവസ്വം സ്ഥലങ്ങൾ എൻഎസ്എസ് 99 വർഷത്തേക്ക് പാട്ടത്തിനെടുത്തു. ഇതിനെതിരെ എ കെ ജിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽനിന്ന് സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ ജാഥ പുറപ്പെട്ടു. ജാഥാംഗങ്ങളിൽ നാലുപേർ സ്ത്രീകളായിരുന്നു. തൃശൂരിലെത്തിയതോടെ ഇതിലൊരാൾക്ക് കടുത്ത രക്തസ്രാവം തുടങ്ങി. അതോടെ മറ്റൊരു വനിതാ അംഗത്തിനൊപ്പം അവരെ ആശുപത്രിയിലേക്കയച്ചു. ഈ രണ്ടുപേരുടെ ഒഴിവിലേക്ക് സ്ത്രീകളെ സംഘടിപ്പിക്കേണ്ട ചുമതല കമ്യൂണിസ്റ്റ് നേതാവ് എ എസ് എൻ നമ്പീശനായിരുന്നു. 
രാത്രി പത്തരയോടടുത്ത് അദ്ദേഹം വീട്ടിലേക്കെത്തി. ഭാര്യ ദേവകിയോട് കാര്യങ്ങളവതരിപ്പിച്ചു. സ്വന്തം വീട്ടിൽ സ്ത്രീകളുള്ളപ്പോൾ എന്തിന് മറ്റു സ്ത്രീകളോട് സമരത്തിന് വരാൻ ആവശ്യപ്പെടണമെന്ന അദ്ദേഹത്തിന്റെ നിലപാട് ദേവകിയും ശരിവച്ചു. നാലുമക്കളും ഉറങ്ങിയിരുന്നു. അച്ഛനെ മാത്രം വിവരമറിയിച്ച് എ എസ് എൻ നമ്പീശൻ ദേവകിയുമായി എ കെ ജിക്കരികിലേക്ക് പോയി. കൊട്ടിയൂരിൽനിന്നു വന്ന സാവിത്രിക്കും രാധമ്മയ്ക്കുമൊപ്പം തൃശൂരിൽനിന്ന് ദേവകി നമ്പീശനും അമ്മുവും ഇടംപിടിച്ചു. ആ സമയം ജാഥാംഗങ്ങളോട് എ കെ ജി പറഞ്ഞു ചിലപ്പോൾ പൊലീസും ലാത്തിച്ചാർജുമൊക്കെയുണ്ടാകും പതറരുത്.
 പ്രാദേശികസമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അന്ന് ആദ്യമായാണ് ദേവകി നമ്പീശൻ പ്രധാന ജാഥകളുടെ ഭാഗമാകുന്നത്. പുലർച്ചെ തൃശൂരിൽനിന്ന് പുറപ്പെട്ട ജാഥ തൃപ്പൂണിത്തുറയെത്തിയതോടെ പൊലീസ് തടഞ്ഞു. ജാഥാംഗങ്ങളെ അറസ്റ്റ്ചെയ്ത് ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി. സ്ത്രീകളെല്ലാവരും ഒരു മുറിയിൽ. അതിന് എതിർവശത്തെ മുറിയിൽ എ കെ ജിയുൾപ്പടെയുള്ളവർ. അവിടെയും എ കെ ജി തന്റെ പോരാട്ടവീര്യം പ്രകടമാക്കി. നല്ല ഭക്ഷണത്തിനായി സമരം ചെയ്തു. കോടതിയിലേക്ക് കൊണ്ടുപോകുന്ന സന്ദർഭങ്ങളിലെല്ലാം ഏവരെയും സമരോത്സുകരാക്കാനും വിപ്ലവമുദ്രവാക്യങ്ങളുയർത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ദേവകിയുടെ ഇളയമകൾ ഗീത അന്ന് കൈക്കുഞ്ഞാണ്. മൂത്തമകൾ ആര്യദേവിക്ക് സ്‌കൂളിൽ പോവണം. രണ്ടാമത്തെയാൾ സതിയെയും മൂന്നാമൻ സോമനെയും നോക്കണം. ചിന്തകൾ വട്ടമിട്ടപ്പോൾ മാതൃഹൃദയം തേങ്ങി.  എങ്കിലും ഉള്ളിലെ സമരവീര്യത്തിന്റെ കരുത്തിൽ ദേവകി ആ ചിന്തകളെ അതിജീവിച്ചു. കുഞ്ഞിന് പാൽ കൊടുക്കാതെ വന്നപ്പോൾ  അമ്മയ്ക്ക് വേദന തുടങ്ങി. പാൽകിട്ടാതെ കുഞ്ഞും നിർത്താതെ കരഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോൾ എ എസ് എൻ നമ്പീശൻ കുഞ്ഞിനെ ജയിലിൽ കൊണ്ടുവന്നു. 
മാപ്പെഴുതിക്കൊടുത്താൽ ജയിൽമോചിതയാവാമെന്ന് പലരും  ദേവകിയെ ഉപദേശിച്ചു. മാപ്പെഴുതാൻ തെറ്റൊന്നും താൻ ചെയ്തിട്ടില്ല. പിന്നെയെന്തിന് മാപ്പ് പറയണമെന്ന ചിന്തയിൽ ദേവകി ഉറച്ചുനിന്നു. ഒരുമാസത്തെ ജയിൽവാസത്തിനുശേഷം കോടതി ശിക്ഷിക്കാതെ വെറുതെ വിട്ടു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top