Top
19
Tuesday, December 2017
About UsE-Paper

കാനഡയില്‍നിന്ന് കഥകളിയിലെത്തിച്ചത് ഗ്രോട്ടോസ്കി പുസ്തകം

Tuesday Nov 14, 2017
സിജി ഗോവിന്ദ്
ഇയാന്‍ സേത്ത് മൊസ്ഡ്സെന്‍
ചെറുതുരുത്തി > കാനഡയില്‍ നിന്ന് കഥകളിയുടെ ഉറവിടം തേടിയെത്തിയ ഇയാന്‍ സേത്ത് മൊസ്ഡ്സെന്‍ (39) കണ്ടെത്തിയത് കലയുടെ ഹൃദയഭൂമിയെ. കാനഡയിലെ വിന്നിപെഗ് സ്വദേശിയായ ഇയാന്‍ 2016ലാണ് കേരളത്തിലെത്തുന്നത്. ലക്ഷ്യം  കഥകളി തന്നെ. ഇക്കഴിഞ്ഞ സപ്തഭംഗി ദേശീയ നൃത്തോത്സവത്തില്‍ അരങ്ങേറ്റം കുറിച്ചു. അല്‍പ്പം വൈകി 33ാം വയസ്സില്‍ തുടങ്ങിയ നൃത്തത്തോടുള്ള അഭിനിവേശമാണ് കഥകളിപഠനത്തിലെത്തിച്ചത്. വിന്നിപെഗിലെ കണ്ടംപററി ഡാന്‍സ് സ്കൂളില്‍ നാല് വര്‍ഷം പഠിച്ചു. സാഹിത്യത്തിലും തിയറ്റര്‍ ആര്‍ട്സിലും ബിരുദമെടുത്തു. പഠനകാലത്ത് ഗ്രോട്ടോസ്കിയുടെ പുസ്തകത്തില്‍ കഥകളിയെക്കുറിച്ചുള്ള പരാമര്‍ശം വായിക്കാനിടയായതാണ് കലാമണ്ഡലത്തിലെത്തിച്ചത്. 
ഗൂഗിളില്‍ പരതി അപേക്ഷിച്ചു. അരങ്ങേറ്റത്തിന് കൃഷ്ണ പുറപ്പാടാണ് പകര്‍ന്നാടിയത്.പൂതനമോക്ഷമാണ് കഥകളിയിലെ ഇഷ്ടം. വര്‍ദ്ധമാനകം മുദ്രയോടും താല്‍പര്യമേറെ. കഥകളിക്കമ്പത്തോടൊപ്പം  ഇതിനകം രാമായണവും മഹാഭാരതവും വായിച്ചു. ഇപ്പോള്‍ നാട്യശാസ്ത്രം വായിക്കുന്നതിനുള്ള പുറപ്പാടിലാണ്. കലാമണ്ഡലത്തിലെ കഥകളി കളരിയോടും പ്രത്യേക ഇഷ്ടമാണ്. പത്ത് വര്‍ഷമായി കലാരംഗത്തുള്ള ഇയാന്‍ മോഡല്‍,എഴുത്തുകാരന്‍,അഭിനേതാവ്,സംവിധായകന്‍,ഡിസൈനര്‍ എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലൈവ് പെര്‍ഫോമന്‍സിനോടും തിയറ്റര്‍ ആര്‍ട്സിനോടുമുള്ള പ്രണയമാണ് ഡാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം.
ജപ്പാനിലെ ബുട്ടോ ഡാന്‍സിന്റെ സ്ഥാപകരായ ഹിജികാട്ടായും ഒനോയുമാണ് റോള്‍ മോഡലുകള്‍. കലാമണ്ഡലത്തിലെ സഹപാഠി ബെലാറസില്‍ നിന്നുള്ള  ഐറിനയാണ് ഇയാന്റെ ഉറ്റസുഹൃത്ത്. കൂടിയാട്ടത്തിലെയും തെയ്യത്തിലെയും ചില ഭാഗങ്ങള്‍ കഥകളിയിലേക്ക് സന്നിവേശിപ്പിച്ചാല്‍ കൂടുതല്‍ ആകര്‍ഷകമാക്കാമെന്നാണ് ഇയാന്‍ കരുതുന്നത്. കാനഡയില്‍ ഓറഞ്ച് സ്യൂട്ടെന്ന പേരില്‍ സോളോ ഡാന്‍സിനായി ഒരു തിയറ്റര്‍ കമ്പനി നടത്തിയിരുന്നു. കലാമണ്ഡലത്തില്‍ സ്പെഷ്യല്‍ ട്രെയിനിങ് പ്രോഗ്രാം വഴി പഠനം തുടരുകയാണ്.