21 November Wednesday
പീച്ചിയിലെ വരുമാനം 16 ലക്ഷത്തിലേറെ

ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറുന്നു

സ്വന്തം ലേഖകൻUpdated: Tuesday Aug 14, 2018
 
തൃശൂർ
മഴയ്ക്ക് അൽപ്പശമനമായതോടെ, ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറി. പീച്ചി, അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, ചിമ്മിനി, വാഴാനി ടൂറിസം കേന്ദ്രങ്ങളിലാണ് ജനത്തിരക്കേറിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് പീച്ചി, അതിരപ്പിള്ളി, തുമ്പൂർമുഴി എന്നിവിടങ്ങളിൽ ടൂറിസ്റ്റുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച ടൂറിസ്റ്റുകൾക്കുള്ള നിയന്ത്രണം മാറ്റിയതിനുപിന്നാലെ, കുട്ടികളടക്കം നിരവധിപേർ ഡാമുകളോട് ചേർന്നുള്ള ടൂറിസംകേന്ദ്രങ്ങളിൽ എത്തി. വാഹനങ്ങളുടെ തിരക്കും വർധിച്ചു. 
കാലവർഷം ആരംഭിച്ച് ജൂലൈ 27ന് പീച്ചി ഡാമിലെ ഷട്ടർ തുറന്നദിവസംമുതൽ ആഗസ്ത് 13വരെയുള്ള ദിവസങ്ങളിലായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. ടിക്കറ്റ‌് ഇനത്തിൽ  ഇതുവരെ 16.5 ലക്ഷം രൂപ ലഭിച്ചു.  പാർക്കിങ‌് ഫീസായി ലഭിച്ചത‌് വേറെ. ഏകദേശം ഒന്നര ലക്ഷത്തോളംപേർ ഈ ദിവസങ്ങളിൽ പീച്ചി സന്ദർശിച്ചതായാണ‌് കണക്ക‌്.  
മലവെള്ളം കുതിച്ചുപായുന്നതിനാൽ അതിരപ്പിള്ളി മേഖലയിൽ കുറച്ചുദിവസങ്ങളിലായി സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഞായറാഴ്ച നിരോധനം നീക്കിയ ദിനത്തിൽ, മൂവായിരത്തിലേറെപേർ അതിരപ്പിള്ളിയിലെത്തി. 1500പേർ ടിക്കറ്റെടുത്ത്  പുഴക്കാഴ്ച കാണാനിറങ്ങി. വാഴച്ചാലിലും രണ്ടുദിവസമായി സന്ദർശക  തിരക്കുണ്ട‌്. ചാർപ്പ മേഖലയിലൂടെ കടന്നുപോകുന്നതിന് തടസ്സമില്ലെങ്കിലും ചാർപ്പ വെള്ളച്ചാട്ട പ്രദേശത്ത് ഇറങ്ങിയുള്ള കാഴ്ചകൾക്ക് ഇപ്പോഴും നിയന്ത്രണമുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top