16 October Tuesday
81.17 ശതമാനം നേട്ടത്തോടെ സംസ്ഥാനത്ത‌് മൂന്നാമത്

ലൈഫ് മിഷൻ ഒന്നാംഘട്ടം; ജില്ലയ്ക്ക് അതുല്യനേട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
തൃശൂർ
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ  ജില്ല 81.17ശതമാനം ഭവനങ്ങൾ പൂർത്തീകരിച്ച‌് സംസ്ഥാന തലത്തിൽ മൂന്നാമതെത്തി. ത്രിതല തദ്ദേശ  സ്ഥാപനങ്ങൾക്കു പുറമേ ആറ‌് സർക്കാർ വകുപ്പുകൾകൂടി നേതൃത്വം നൽകിയ വിവിധ ഭവന നിർമാണ പദ്ധതികൾ ലൈഫ് മിഷന്റെ കീഴിൽ സംയോജിപ്പിച്ചാണ്   പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. 
മുൻവർഷങ്ങളിൽ ഭവനനിർമാണം ആരംഭിക്കുകയും വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത ഗുണഭോക്താക്കൾക്കാണ് ലൈഫ് മിഷൻ ആദ്യഘട്ടത്തിൽ ധനസഹായം നൽകിയത്. പൂർത്തിയാകാത്ത ഭവനങ്ങൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ 3176 ഭവനങ്ങളാണ് ജില്ലയിൽ പൂർത്തീകരിക്കാൻ ബാക്കിയുണ്ടായിരുന്നത്. 2578 എണ്ണം പൂർത്തീകരിച്ചു. ബാക്കിയുള്ള വീടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്നതിനുളള തീവ്രശ്രമങ്ങൾ തുടരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം നിർമാണം തുടരാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്ക‌് പഴയ നിരക്കിലുള്ള വിവിധ യൂണിറ്റ് ചെലവ‌് മൂന്നുലക്ഷം രൂപയായി ഉയർത്തി ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കണക്കിലെടുത്ത്  നൂറു ശതമാനം വീടുകളും പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഒന്നാംഘട്ടം പൂർത്തീകരിച്ചപ്പോൾ 92.6ശതമാനം, 81.6ശതമാനം എന്നിങ്ങനെ പൂർത്തിയാക്കി എറണാകുളം, ആലപ്പുഴ ജില്ലകൾ സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് പദ്ധതിയിൽ ലൈഫ് മിഷൻ ഭവനങ്ങളുടെ നിർമാണത്തിന‌് തൊഴിലുറപ്പ് തൊഴിലാളികളുടെ സൗജന്യ സേവനം, ഭവനനിർമാണ സാമഗ്രികൾ, ടോയ്ലറ്റ് നിർമാണം, കിണർ നിർമാണം എന്നിവ സൗജന്യമായാണ‌് ലഭ്യമാക്കുന്നത‌്.  സംസ്ഥാനത്താകമാനം 56071 ഭവനങ്ങൾ ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കാനുള്ളവയിൽ ഇതുവരെ 40448 ഭവനങ്ങൾ പൂർത്തീകരിച്ചു. 46 പഞ്ചായത്തുകളിൽ 100 ശതമാനം ഭവനങ്ങൾ പൂർത്തികരിച്ചു. രണ്ട‌് ബ്ലോക്ക് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പിന്നോക്കക്ഷേമ വകുപ്പും ഫിഷറീസ് വകുപ്പും 100 ശതമാനം  നേട്ടം കൈവരിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവനരഹിതർക്ക് ഭവനം നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗുണഭോക്താക്കളുടെ സംഗമം പൂർത്തിയാക്കി ആദ്യ ഗഡു തുക അനുവദിച്ചു. ഭൂമിയുള്ളവർക്ക്   പുതിയ ഭവനം നൽകുന്ന ഈ ഘട്ടത്തിൽ ഗുണഭോക്താവിന് നാല‌് ലക്ഷം രൂപയാണ് ലഭ്യമാക്കുക. ഇത് നാല‌് ഘട്ടമായി 10, 40, 40, 10 ശതമാനം എന്നിങ്ങനെ ഭവനനിർമാണത്തിന്റെ പുരോഗതി വിലയിരുത്തി തുക അനുവദിക്കും. നാല‌് ലക്ഷം രൂപ കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ സേവനങ്ങളും സൗജന്യമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഗുണഭോക്തൃ ലിസ്റ്റ് എല്ലാ തദ്ദേശ  സ്ഥാപനങ്ങളും കഴിഞ്ഞ ഡിസംബറിൽതന്നെ തയ്യാറാക്കിയിട്ടുണ്ട‌്. 1550 ഗുണഭോക്താക്കൾ കരാറിൽ ഏർപ്പെട്ടു. പഞ്ചായത്തുകളിൽ പുതിയ ഭവനങ്ങൾക്കുള്ള ഗുണഭോക്താക്കൾ 10,096, നഗരപ്രദേശങ്ങളിൽ 1137 എന്നിങ്ങനെയാണ്. അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും ജൂണിൽതന്നെ ആദ്യഗഡു നൽകാനുള്ള പ്രവർത്തനം ദ്രുതഗതിയിലാണ‌്. ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തിയ ഫണ്ട് അപര്യാപ്തമാണെങ്കിൽ ഹഡ്കോയിൽനിന്നും വായ്പ എടുത്ത് തുക ലഭ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ അവസാനഘട്ടത്തിലാണ‌്. കലക്ടർ ടി വി അനുപമ, ലൈഫ് മിഷൻ കൺവീനർ എം കെ ഉഷ, ജില്ലാ കോ‐ഓർഡിനേറ്റർ ലിൻസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ലൈഫ് മിഷൻ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top