20 October Saturday

കോര്‍പറേഷനില്‍ വെളിച്ചവിപ്ളവം

സ്വന്തം ലേഖകന്‍Updated: Sunday Jan 14, 2018

 

 
തൃശൂര്‍ > ജലവൈദ്യുതി പദ്ധതികള്‍ വഴി ഊര്‍ജോല്‍പ്പാദനത്തോടൊപ്പം ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ നല്‍കി കോര്‍പറേഷനില്‍ വെളിച്ചവിപ്ളവത്തിന് വഴിയൊരുങ്ങുന്നു. ഊര്‍ജ ഉല്‍പ്പാദന സംരക്ഷണ രംഗത്ത് നൂതന കാല്‍വയ്പ്പുമായി  മൂന്ന് പദ്ധതിക്ക് പുതുവര്‍ഷത്തില്‍ തുടക്കംകുറിക്കുകയാണെന്ന് മേയര്‍ അജിത ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഊര്‍ജക്ഷമതയുളള ഉപകരണങ്ങളുടെ വിതരണം, ചെറുകിട ജലവൈദ്യുത പദ്ധതികളുടെ അംഗീകാരത്തിനായി സര്‍ക്കാരില്‍ അടച്ച തുകയുടെ രശീതി കൈമാറല്‍, ജീവനക്കാര്‍ക്ക് സോളാര്‍ പ്ളാന്റ് സ്ഥാപിക്കുന്നതിന് പലിശരഹിത വായ്പാ പദ്ധതിയുടെ ഉദ്ഘാടനം എന്നിവ തിങ്കളാഴ്ച പകല്‍ 2.30ന് റീജണല്‍ തിയറ്ററില്‍ നടക്കും.
ഊര്‍ജക്ഷമതയുളള ഉപകരണങ്ങളുടെ വിതരണം മന്ത്രി  എം എം മണി ഉദ്ഘാടനം ചെയ്യും. ജലവൈദ്യുതി പദ്ധതിക്കുള്ള പണമടച്ച രശീതി കൈമാറല്‍ മന്ത്രി വി എസ് സുനില്‍കുമാറും  സോളാര്‍ പ്ളാന്റ്  പലിശരഹിത വായ്പാപദ്ധതി കെ രാജന്‍ എംഎല്‍എയും ഉദ്ഘാടനംചെയ്യും. 
 കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ  ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഊര്‍ജക്ഷമതയുളള 20,000 എല്‍ഇഡി ബള്‍ബുകള്‍, 10,000 എല്‍ഇഡി ട്യൂബ് ലൈറ്റ് സെറ്റ്, 5000  ഫൈവ്സ്റ്റാര്‍ റേറ്റഡ് ഫാനുകള്‍  എന്നിവ വിതരണം ചെയ്യും. ഒമ്പത് വോള്‍ട്ടിന്റെ ബള്‍ബ് 50രൂപ, 18 വോള്‍ട്ട് ട്യൂബ് 160 രൂപ, 38 വോള്‍ട്ടിന്റെ ഫാന്‍ 980 രൂപയ്ക്കുമാണ് സൌജന്യനിരക്കില്‍ വിതരണം ചെയ്യുക.
 സംസ്ഥാനത്തെ  നാലുചെറുകിട ജലവൈദ്യുത പദ്ധതികള്‍ കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അവേര്‍കുട്ടി(പത്ത് മെഗാവാട്ട്),  ഇട്ട്യാനി (2.5 മെഗാവാട്ട്),   കാഞ്ഞിരക്കൊല്ലി(മൂന്ന് മെഗാവാട്ട്)),  കണ്ണംകുഴി(പത്ത് എംഡബ്ള്യു) എന്നീ  ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഏറ്റെടുക്കുന്നത്. ഇതിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍  കുറഞ്ഞത് പത്ത് മെഗാവാട്ടിന്റെ പ്ളാന്റ് സ്ഥാപിച്ച് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കലാണ് ലക്ഷ്യം.  
വൈദ്യുതി വിഭാഗം ജീവനക്കാര്‍ക്ക് സ്വന്തം വീടുകളില്‍ സോളാര്‍ പ്ളാന്റ് സ്ഥാപിക്കുന്നതിന് പലിശ രഹിത വായ്പ അനുവദിക്കും. എല്ലാ വൈദ്യുതി വിതരണ ലൈസന്‍സികളും വിതരണം ചെയ്യുന്ന യൂണിറ്റിന്റെ നിശ്ചിത ശതമാനം പാരമ്പര്യേതര ഊര്‍ജ സ്രോതസില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കണമെന്ന റെഗുലേറ്ററി കമീഷന്റെ  നിര്‍ദേശം നടപ്പാക്കി കോര്‍പറേഷന്‍ വൈദ്യുതിവിഭാഗം, മാതൃകയാവുകയാണ്. കഴിഞ്ഞ വര്‍ഷം 200 കിലോവാട്ടിന്റെ സോളാര്‍ പ്ളാന്റ് സ്ഥാപിച്ച് 2,65,000 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് കടത്തിവിടാനായി. ഈ ഇനത്തില്‍ 25 ലക്ഷത്തോളം രൂപയും വരുമാനമുണ്ടായി. സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്താനും ലക്ഷ്യമുണ്ട്. 
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷീബ ബാബു, പി സുകുമാരന്‍, വൈദ്യുതി വിഭാഗം ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ടി എസ് ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top