18 July Wednesday
പീലി വിരിച്ചാടും അരുമയാം പ്രാവുകള്‍

മുടി നീട്ടി ഫ്രീക്കനായ ജാക്കോബി, ബലൂണ്‍ കഴുത്തുമായി പൌട്ടര്‍

സ്വന്തം ലേഖകന്‍Updated: Sunday Jan 14, 2018

തോപ്പ് സ്റ്റേഡിയത്തില്‍ നടന്ന പ്രാവ് പ്രദര്‍ശനത്തില്‍ നിന്ന്

 

തൃശൂര്‍ > മുടി നീട്ടി ഫ്രീക്കനായാണ് ജാക്കോബിന്റെ നില്‍പ്പ്. വായുപിടിച്ച് വീര്‍പ്പിച്ച്് ബലൂണ്‍പോലെ കഴുത്തുമായി പൌട്ടര്‍. തുവലിന്‍ നിറംമാറ്റിയ കണ്‍കെട്ടുമായി ഇന്ത്യന്‍താരം ചന്ദ്രകല. പമ്പരം കറങ്ങുംപോലെ ഉരുളുന്ന റോളര്‍. സൌന്ദര്യറാണികളായും രാജാക്കന്മാരുമായി ചിറകുവിടര്‍ത്തിയാടുകയാണ് ഈ അലങ്കാരപ്രാവുകള്‍. തോപ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുണൈറ്റഡ് പീജിയന്‍ ക്ളബ്ബിന്റെ മൂന്നാം ഓള്‍ ഇന്ത്യ ഗ്രാന്റ് പീജിയന്‍ പ്രദര്‍ശനത്തിലാണീ കാഴ്ചകള്‍.  രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.  പ്രദര്‍ശനത്തോടൊപ്പം പ്രാവുകളുടെ  വില്‍പ്പനയുമുണ്ട്. 
ഇന്ത്യന്‍ കപ്പോച്ചിന്‍ ഇനം യൂറോപ്പില്‍പോയി തിരിച്ചെത്തിയപ്പോള്‍ തൂവലെല്ലാം നീട്ടിവളര്‍ത്തി ഫ്രീക്കനായി മാറി. ഇവന്റെ പേര് ഇപ്പോള്‍ ജാക്കോബിന്‍. വില 5000ല്‍നിന്ന് 50000 മായും കൂടി. വായുപിടിച്ച് കഴുത്തുവീര്‍പ്പിക്കുന്ന യൂറോപ്യനാണ് പോമറേനിയന്‍ പൌട്ടര്‍. ഇന്ത്യന്‍ ഇനമായ ചന്ദ്രകല (ഗോള) യുടെ തൂവലുകള്‍ പറിച്ചുകളഞ്ഞാല്‍ അടുത്ത തൂവലിന്റെ നിറംമാറും. തൂവലില്‍ വിവിധ രൂപങ്ങള്‍ ഇത്തരത്തില്‍ കൊത്തിയെടുക്കാം. 
ഒറ്റനോട്ടത്തില്‍ മാള്‍ട്ടീസിനെ കോഴിയോ എന്ന് തോന്നും. ചിറക് ചുരുണ്ട് വളഞ്ഞ തൂവലുമായി നടക്കുകയാണ് ഫ്രില്‍ബാക്ക്, പ്രാവുകളില്‍ ഭീമന്മാരായ ഹങ്കേറിയന്‍ ജയിന്റ് ഹൌസ് മയിലിനെപ്പോലെ  പീലി വിരിച്ചാടും.  ഇത്തിരിക്കുഞ്ഞന്‍ പ്രാവുമുതല്‍ പ്രാവുകളിലെ രാജാവായ കിങ് പീജിയന്‍ വരെ പ്രദര്‍ശനത്തിലുണ്ട്.   ആകാശത്ത് മണിക്കൂറുകളോളം വട്ടമിട്ട് പറക്കുന്ന പറവകളും ഇക്കൂട്ടത്തിലുണ്ട്.  ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിദേശയിനങ്ങളുമടക്കം 150 ഇനങ്ങളില്‍ ആയിരത്തിലേറെ പ്രാവുകള്‍  കാഴ്ചക്കാരുടെ മനസ്സില്‍ ചിറകുവിടര്‍ത്തുന്നു.
പ്രദര്‍ശനം സി എന്‍ ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായി.  ക്ളബ് രക്ഷാധികാരി ബിന്നി ഇമ്മട്ടി അധ്യക്ഷനായി. ജിഷാര്‍ പറമ്പില്‍, ജോര്‍ജ് ചാണ്ടി, ഡാനീഷ് ജോണ്‍,  വിനോദ് ഡേവി, ഹരി പട്ടത്ത്, ജഡ്ജുമാരായ സുഹൈര്‍ ഹാജി (ബഹറൈന്‍), ഡിക്കി ഹാമര്‍ (നെതര്‍ലാന്‍ഡ്), അല്‍ ഹിന്ദി (ജോര്‍ദാന്‍), സെയ്ത് (ബഹറൈന്‍), സെയഎഫ് (ഒമാന്‍) എന്നിവരും സംസാരിച്ചു.  14ന് രാത്രി ഏഴിന് സമാപനച്ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ സമ്മാനം നല്‍കും.
 
പ്രധാന വാർത്തകൾ
Top