17 December Monday

ജനാധിപത്യ മൂല്യം സംരക്ഷിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തം: ആനന്ദ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018

ക്ഷേത്രപ്രവേശന വിളംബരം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ പ്രൊഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ജനാധിപത്യ മൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് സാഹിത്യകാരൻ ആനന്ദ്. ‘നവോത്ഥാനം നേരിടുന്ന സമകാലിക വെല്ലുവിളികൾ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം കാലങ്ങളായി വളർത്തിക്കൊണ്ടുവന്ന മൂല്യങ്ങളുടെ ഉൽപ്പന്നമാണ്. അത്തരം മൂല്യങ്ങളെ വികസിപ്പിക്കണം. സതി നിരോധനം, ഏജ് ഓഫ് കൺസെന്റ് ബിൽ തുടങ്ങിയ നിരവധി സാമൂഹിക പരിഷ്കാരങ്ങൾ കൊളോണിയൽ കാലഘട്ടത്തിൽ സാധ്യമായി. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ സാമൂഹിക പരിഷ്കാരങ്ങൾക്ക് വേഗം കൈവന്നില്ല. അയിത്തോച്ചാടനം പോലുള്ള ചില പരിഷ്കരണ നിയമങ്ങൾ മാത്രമേ നടപ്പിൽ വന്നുള്ളൂ. യൂണിഫോം സിവിൽ കോഡ് ഉൾപ്പടെയുള്ള നിയമങ്ങൾ ഇനിയും പാസാക്കാനായിട്ടില്ല. നിരവധി സാമൂഹിക പരിഷ്കരണങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചതാണ്. കുട്ടംകുളം സമരം ഉൾപ്പെടെ ഇതിൽ പ്രധാന്യമർഹിക്കുന്നു. നിലപാടുകളും മൂല്യങ്ങളും കൈയൊഴിയുന്ന അവസ്ഥ നാടിനെ ഇരുട്ടിലേക്കു നയിക്കുമെന്നും ഇത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ നവോത്ഥാനം സാധ്യമായത് ആചാരങ്ങളുടെ അതിലംഘനത്തിലൂടെയെന്ന് ഡോ. കെ എൻ ഗണേഷ് പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങൾ ലക്ഷ്യമിട്ടത് ജനാധിപത്യ കേരളത്തെയാണ്. മതേതര, ആചാര രഹിത, ജാതിരഹിത കേരളമാണ് നവോത്ഥാന നായകർ ലക്ഷ്യംവച്ചത് .  പല ആചാരങ്ങളും അതിലംഘിക്കപ്പെട്ടതിന്റെ ഉൽപ്പന്നം കൂടിയാണ് ആധുനിക കേരളം. പിന്തിരിപ്പൻ ആശയങ്ങൾക്കും ശക്തികൾക്കുമെതിരായി ജനാധിപത്യവിശ്വാസികൾ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
Top