21 November Wednesday

ജനകീയ പങ്കാളിത്തത്തോടെ വീടുകൾ പുനർനിർമിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 13, 2018

 തൃശൂർ 

പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വിവിധ ആളുകളിൽ നിന്ന് ഫണ്ടുകളും വിഭവ സമാഹരണവും നടത്തി വീടുകൾ നിർമിച്ചുനൽകുമെന്ന് മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ്  സുനിൽകുമാർ എന്നിവർ അറിയിച്ചു. കലക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനർനിർമാണ അവലോകന യോഗത്തിലാണ് മന്ത്രിമാർ  ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായികൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരും പങ്കെടുത്തു.
 പ്രളയത്തിൽ ജില്ലയിൽ 3607 വീടുകളാണ് പൂർണമായും തകർന്നത്. 324 എണ്ണം 75 ശതമാനവും തകർന്നു. പതിനായിരത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇപ്പോഴും വീടുകൾ നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവരെ പുനരധിവസിപ്പിക്കാൻ സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും തയ്യാറാകണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. നാനൂറും അതിലധികവും ചതുരശ്ര അടി വരെ വിസ്തൃതിയുള്ള വീടുകൾ മികച്ച രൂപകൽപ്പനയിൽ നിർമിക്കും. ഇതിനായി സ്പോൺസർമാരുടെ സഹായവും തേടും. വീടുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് സാധന സാമഗ്രികൾ എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അവർക്ക് റോഡ്, വാഹന സൗകര്യങ്ങൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിക്കൊടുക്കും. വീടുനിർമിക്കാനുള്ള സ്ഥലം നൽകേണ്ടവർ, സാധന സാമഗ്രികൾ നൽകാൻ തയ്യാറുള്ളവർ, ഫ്ളാറ്റുകൾ നിർമിച്ചുനൽകാൻ തയ്യാറുള്ളവർ, ഫർണിച്ചറുകൾ നൽകാൻ താൽപ്പര്യമുള്ളവർ എന്നിവർക്ക് ജിഎസ്ടി നികുതിയിൽ ആനുകൂല്യം നൽകാനും സർക്കാർ തലത്തിൽ കൂടിയാലോചന നടത്തും. 
ഫണ്ടുകളും മറ്റ് വിഭവങ്ങളും ശേഖരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സാംസ്കാരിക പ്രവർത്തകർ, കലാകാരന്മാർ എന്നിവരുടെ കൂട്ടായ്മയിൽ കലാ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. പ്രളയവുമായി ബന്ധപ്പെട്ടുള്ള കഥ, കവിത പുസ്തകങ്ങൾ അച്ചടിച്ച് വീടുകൾതോറും എത്തിച്ചും ഫണ്ടുകൾ ശേഖരിക്കും. നിലവിൽ വീടു തകർന്നവർക്ക‌് നൽകാനായി ജില്ലയിൽ 10 വീട‌് നിർമിക്കുന്നുണ്ട്. 30 വീടുകളുടെ നിർമാണവും ഈ മാസം തുടങ്ങാനാവുമെന്ന്  കലക്ടർ ടി വി  അനുപമ അറിയിച്ചു. പഞ്ചായത്തുതലത്തിൽ തകർന്ന വീടുകളുടെ വിവരം ലഭ്യമാക്കും. വീടു നിർമിച്ചുനൽകാൻ താൽപ്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം അറിയിക്കണം. വീട് പുനർ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ 8848564647 എന്ന നമ്പറിൽ ഡെപ്യൂട്ടി കലക്ടർ എം ബി ഗിരീഷിന്റെ നിർദേശവും തേടാം. തുടർന്ന് അവർക്കുള്ള നിർദേശങ്ങൾ, പ്രവർത്തനങ്ങളുടെ ക്രോഡീകരണം എന്നിവ ജില്ലാഭരണകേന്ദ്രം നേരിട്ട‌് നടത്തുമെന്നും കലക്ടർ വ്യക്തമാക്കി. യോഗത്തിൽ മേയർ അജിത ജയരാജൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  മേരി തോമസ്, ഡെപ്യൂട്ടി കലക്ടർ എം ബി ഗിരീഷ്, വിവിധ മേഖലകളിലുള്ളവർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top