18 September Tuesday
വിദ്യാലയങ്ങളിൽനിന്ന് ധനസഹായം

ഇതുവരെ സമാഹരിച്ചത് ഒരു കോടിയിലേറെ രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള വിഭവസമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുക്കാട് ചെങ്ങാലൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിക്കുന്നു

തൃശൂർ
ദുരിതബാധിതരെ സഹായിക്കാൻ ജില്ലയിലെ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികളുടെ ധനസഹായം പ്രവഹിക്കുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം ഒരു കോടി രൂപയിലേറെ തുകയാണ് വിദ്യാർഥികൾ സംഭാവന നൽകിയത്. സമാഹരണം വ്യാഴാഴ്ച സമാപിക്കും. സർക്കാർ, എയ്ഡഡ്, സിബിഎസ്ഇ, സ്വകാര്യ സ്കൂളുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് തുക സമാഹരിച്ചത്. 1300 സ്കൂളുകളിൽ നിന്നുള്ള വിഭവ സമാഹരണം വ്യാഴാഴ്ചയും തുടരുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽനിന്നറിയിച്ചു. 
ഒന്നുമുതൽ പത്തുവരെയുള്ള 859 സ്കൂളുകളിൽനിന്ന് 75.82 ലക്ഷം രൂപയാണ് സമാഹരിച്ചത്. 189 ഹയർസെക്കൻഡറി സ്കൂളുകളിൽനിന്ന് 17.58 ലക്ഷം രൂപ, 15 സിബിഎസ്ഇ സ്കൂളുകളിൽനിന്ന് 2.78 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇതുവരെ കുട്ടികളുടെ സംഭാവനയായി ലഭിച്ചത്. 
ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അക്കൗണ്ടിലേക്ക് കൈമാറി. 250ൽ ഏറെ വരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് സമാഹരിച്ച തുകയുടെ കണക്ക് വെബ്സൈറ്റിൽ കയറിയിട്ടില്ല. ഇതുകൂടി ലഭിക്കുന്നതോടെ ഏകദേശം 1.5 കോടി രൂപയെങ്കിലും കുട്ടികളിൽനിന്ന് സമാഹരിക്കാനാകും. 
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ് പുതുക്കാട്  ചെങ്ങാലൂർ സെന്റ് മേരീസ്  ഹൈസ്കൂളിൽ നിർവഹിച്ചു. 
വിദ്യാർഥികൾ സ്വരൂപിച്ച 10,950 രൂപ മന്ത്രി ഏറ്റുവാങ്ങി. 
സ്കൂൾ മനേജർ ഫാ. മാത്യു ചാക്കേരി, പ്രധാനാധ്യാപകൻ ബാബുജോസ് തട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി വി ജെൻസൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഗവ. എൽപി സ്കൂൾ ചെങ്ങാലൂർ, ചെങ്ങാലൂർ ഓട്ടിസം സ്കൂൾ എന്നിവിടങ്ങളിൽനിന്ന് മന്ത്രി വിഭവസമാഹരണം ഏറ്റുവാങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top