20 September Thursday

കേരളത്തിന്റെ പുനർനിർമാണത്തിന‌് ഗ്രന്ഥശാലാ പ്രവർത്തകരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
തൃശൂർ
കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനത്തിന‌് ഗ്രന്ഥശാലാ പ്രവർത്തകർ മുന്നിട്ടിറങ്ങും. 14 ന് ഗ്രന്ഥശാലാദിനത്തിൽ എല്ലാ ലൈബ്രറികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തും. ലൈബ്രറി കൗൺസിൽ ജില്ല, താലൂക്ക് ഭാരവാഹികൾ ഒരു മാസത്തെ അലവൻസും ജില്ല, താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ ഒരു യോഗത്തിന്റെ സിറ്റിങ‌് ഫീസും നൽകും. കൗൺസിൽ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ സജീവമായി പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് യോഗം  ആവശ്യപ്പെട്ടു.  ജില്ലയിൽ 17 ലൈബ്രറികൾ പൂർണമായോ ഭാഗികമായോ നശിച്ചതിന്റെ ഫലമായി  40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.  കേരളത്തെ പുനർനിർമിക്കുന്നതിന് മുഖ്യമന്ത്രിയുടെ  നേതൃത്വത്തിൽ നടക്കുന്ന യജ്ഞത്തിൽ ഗ്രന്ഥശാല പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രമേയം അഭ്യർഥിച്ചു. 
 14 ന‌് ഗ്രന്ഥശാലാ ദിനത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ ഊരകം യുവജനസംഘം വായനശാലയിലും സെക്രട്ടറി കെ എൻ ഹരി വൈലൂർ സഖാവ് സ്മാരക വായനശാലയിലും സ്റ്റേറ്റ് എക്സിക്യുട്ടീവ‌് അംഗം ടി കെ വാസു അകതിയൂർ അയ്യംപറമ്പ് വായനശാലയിലും സുനിൽ ലാലൂർ അരണാട്ടുകര ഗ്രാമീണ വായനശാലയിലും വി കെ ഹാരിഫാബി പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാലയിലും  രാജൻ എലവത്തൂർ ഇയ്യാൽ ഗ്രാമീണ വായനശാലയിലും പതാകയുയർത്തും.  വൈകിട്ട് ലൈബ്രറികളിൽ അക്ഷരദീപം തെളിയിച്ചു കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകും.   
പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി.  സെക്രട്ടറി കെ എൻ ഹരി റിപ്പോർട്ട് അവതരിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top