Top
23
Saturday, September 2017
About UsE-Paper

ജല സംരക്ഷണത്തിന് ശാസ്ത്രീയ പദ്ധതി

Wednesday Sep 13, 2017
കെ പ്രഭാത്

 

 
തൃശൂര്‍ > അശാസ്ത്രീയമായ ഇടപെടല്‍മൂലം പാഴായിപ്പോകുന്ന വെള്ളം പൂര്‍ണമായി സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ശാസ്ത്രീയ പദ്ധതി വരുന്നു. വേനല്‍ വര്‍ഷകാല ഭേദമെന്യേ തുടര്‍ച്ചയായി കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനുള്ള ജലം ഉറപ്പാക്കാനാണ് ജില്ലാ പഞ്ചായത്ത് വിപുലമായരീതിയില്‍ പദ്ധതി ആരംഭിക്കുന്നത്. സംയോജിത പദ്ധതിക്കായി തൊഴിലുറപ്പില്‍നിന്ന് 200 കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ട് രണ്ടുകോടിയും ഉപയോഗിച്ചാണ് ദ്വൈവാര്‍ഷിക പദ്ധതി നടപ്പാക്കുക. 
ജില്ലയിലെ നാലായിരത്തോളം കുളങ്ങള്‍, തോടുകള്‍, ബണ്ടുകള്‍ എന്നിവ വൃത്തിയാക്കി, കെട്ടിപ്പൊക്കിയശേഷം ഭൂവസ്ത്രം അണിയിച്ചാണ് കാര്‍ഷിക കുടിവെള്ള ആവശ്യത്തിനുള്ള വെള്ളം സംരക്ഷിക്കുകയും, ചെറുകിട പദ്ധതികകളിലൂടെ കുടിവെള്ളം വിതരണം നടത്തുകയുമാണ് പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ആദ്യമായാണ് ഇത്തരത്തില്‍ വിപുലമായ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറും വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണനും പറഞ്ഞു. ഒക്ടോബര്‍ അവസാനം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തം ആരംഭിക്കും. അടുത്ത സാമ്പത്തികവര്‍ഷം തുടക്കത്തില്‍ പൂര്‍ണമായി നടപ്പാക്കാവുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 
കടുത്തവേനലില്‍ ഉണ്ടാകാനിടയുള്ള വെള്ളക്ഷാമം മുന്‍കൂട്ടിക്കണ്ടാണ് ഒരു തുള്ളിവെള്ളംപോലും നഷ്ടമാകാത്തതരത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പു പദ്ധതിപ്രകാരം ലഭിക്കുന്ന 200 കോടി രൂപയില്‍ 150 കോടി രൂപ കൂലിയിനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കിയശേഷം ബാക്കിയുള്ള 50 കോടിയും ജില്ലാ പഞ്ചായത്തിന്റെ രണ്ടുകോടിയും പദ്ധതിക്കായി ഉപയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 
കാലങ്ങളായി ഇടിഞ്ഞുതകര്‍ന്ന കുളങ്ങളും, പായലും ചണ്ടിയും അടിഞ്ഞ ബണ്ടുകളും, തോടുകളുമാണ് പദ്ധതിയിലൂടെ പൂര്‍ണമായി സംരക്ഷിക്കുക. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടാതെ, ജനങ്ങളുടെ സഹായവുംകൂടി ഉള്‍പ്പെടുത്തിയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. കുളങ്ങളും തോടുകളും വൃത്തിയാക്കിയശേഷം, ചുറ്റും കെട്ടി സംരക്ഷിക്കുകയാണ് ചെയ്യുക. തുടര്‍ന്ന് ഭൂവസ്ത്രം ധരിപ്പിക്കാവുന്ന കുളങ്ങളും തോടുകളും തെരഞ്ഞെടുത്ത് ഭൂവസ്ത്രം അണിയിക്കും. 
ഭൂവസ്ത്രം ധരിപ്പിക്കുന്ന ജലാശയങ്ങളില്‍ രാമച്ചവും മറ്റു ഔഷധഗുണമുള്ള ചെടികളും നട്ടുപിടിപ്പിക്കും. ഇതിന്റെ ഭാഗമായി വെള്ളം കൂടുതല്‍ ശുചീകരിക്കപ്പെടുകയും, ഭൂവസ്ത്രത്തിന് കൂടുതല്‍ ഉറപ്പ് ലഭിക്കുകയും ചെയ്യും. ജലാശയങ്ങള്‍ ഭൂവസ്ത്രം ഒരുക്കി സംരക്ഷിക്കാനായി മന്ത്രി തോമസ് ഐസക് പത്തുകോടിയോളം രൂപ നല്‍കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒക്ടോബര്‍ എട്ടിന് മന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും ഷീല വിജയകുമാര്‍ പറഞ്ഞു. പഞ്ചായത്തുകളുമായി സഹകരിച്ചാണ് അതാതിടത്തെ ജലാശയങ്ങള്‍ നവീകരിക്കുക. കുടിവെള്ളത്തിന് മാത്രമല്ല, കാര്‍ഷിക വ്യാവസായികാവശ്യത്തിനുകൂടി വെള്ളം ഉപയോഗിക്കാവുന്നതരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നാലായിരം കുളങ്ങളും തോടുകളും നവീകരിച്ചശേഷം, സമൃദ്ധമായി ജലം ലഭിക്കുന്ന ജലസംഭരണികളില്‍നിന്ന് ചെറുകിട പദ്ധതികളിലൂടെയാണ് വെള്ളം വിതരണം ചെയ്യുക. പദ്ധതി പൂര്‍ണവിജയത്തില്‍ എത്തുന്നതോടെ, കടുത്ത വേനല്‍ക്കാലത്തും അത്യാവശ്യത്തിന് വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »